ഷിക്കാഗോ രൂപതയുടെ വളര്‍ച്ച അഭിമാനകരം: ബിഷപ്പ് റാഫേല്‍ തട്ടില്‍
Saturday, April 20, 2019 11:19 AM IST
ഷിക്കാഗോ: പതിനെട്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഷിക്കാഗോ രൂപതയ്ക്ക് ഇപ്പോള്‍ 46 ഇടവകകളും, 44 മിഷന്‍ കേന്ദ്രങ്ങളുമുള്ളത് സഭയുടെ, രൂപതയുടെ ആത്മീയ വളര്‍ച്ച വിളിച്ചോതുന്നതാണെന്നും, രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഷംഷാബാദ് രൂപതാ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ പ്രസ്താവിച്ചു. 2019 ഏപ്രില്‍ 13നു ശനിയാഴ്ച ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് സീറോ മലബാര്‍ ക്‌നാനായ ഫൊറോന ദേവാലയത്തില്‍ സമ്മേളിച്ച 2019 -20 രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്.

സഭയുടെ അടിസ്ഥാന ഘടകമായ കുടുംബങ്ങളെ ശക്തിപ്പെടുത്തുക സഭയുടെ പ്രധാനപ്പെട്ട ദൗത്യമാണെന്നു ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ഓരോ ക്രിസ്ത്യാനിയും മിഷണറിയാണെന്നും ക്രിസ്തുവിന്റെ സ്‌നേഹദൗത്യങ്ങളില്‍ പങ്കാളികളാകണമെന്നും അദ്ദേഹം പ്രസ്താവിച്ചു.

രാവിലെ പത്തിനു ആരംഭിച്ച കൗണ്‍സില്‍ സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്തു. രൂപതയുടെ പ്രവര്‍ത്തനങ്ങളിലും ഇടവക പ്രവര്‍ത്തനങ്ങളും ആത്മാര്‍ത്ഥമായി സഹകരിച്ചുകൊണ്ടിരിക്കുന്ന എല്ലാവരേയും പിതാവ് നന്ദിപൂര്‍വം സ്മരിച്ചു. സഭാംഗവും മുന്‍ മന്ത്രിയുമായ കെ.എം. മാണിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് സ്വാഗതം ആശംസിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എബിന്‍ കുര്യാക്കോസ് 2017 18 വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ഷിക്കാഗോ കത്തീഡ്രല്‍ ഇടവകാംഗവും ഡയോസിഷന്‍ യൂത്ത് അപ്പോസ്തലേറ്റ് ടീം മെമ്പറുമായ ഓസ്റ്റിന്‍ ളാകയിലിനെ അഭിവന്ദ്യ പിതാവ് നിയമിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം