ലോസ് ആഞ്ചലസിൽ സ്വാതി തിരുനാൾ സംഗീതോത്സവം മേയ് 4 ന്
Thursday, April 18, 2019 10:06 PM IST
ലോസ് ആഞ്ചലസ്: കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ്(ഓം), സ്വാതി തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ ആർട്സ് ആൻഡ്‌ മ്യൂസിക്കിന്‍റെ (ശിവം) സഹകരണത്തോടെ ഒരുക്കുന്ന ഇരുപത്തിയെട്ടാമതു സ്വാതി തിരുനാൾ സംഗീതോത്സവം മേയ് 4 ന് (ശനി) ലോസ് ആഞ്ചലസ് നോർവാക്കിലുള്ള സനാതന ധർമ ക്ഷേത്ര ഹാളിൽ നടക്കും.

രാവിലെ എട്ടു മുതൽ രാത്രി ഒൻപതുവരെ നീളുന്ന സ്വാതി തിരുനാൾ കീർത്തനങ്ങളുടെ ആലാപനം സംഗീതപ്രേമികൾക്ക് ഒരു നല്ല വിരുന്നായിരിക്കും. ലോസ് ആഞ്ചലസിലും പരിസരങ്ങളിലുമായി സംഗീത പഠനം നടത്തുന്നവർക്ക്‌ കഴിവുതെളിയിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനുമുള്ള ഒരവസരമായിട്ടാണ് ഈ സംഗീതോത്സവം കണക്കാക്കപ്പെടുന്നത്. പതിമൂന്നാമതു രാജാ രവിവർമ ചിത്രകലാ മത്സരത്തിൽ സമ്മാനാർഹമായ ചിത്രങ്ങളുടെ പ്രദർശനവും സ്വാതിതിരുനാൾ ദിനത്തോടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്.

ഏകദേശം മൂന്നു പതിറ്റാണ്ടോളമായി കലിഫോർണിയയിലെ സംഗീതപ്രേമികൾ നൽകിയ പ്രോത്സാഹനവും സഹകരണവും പങ്കാളിത്തവും തങ്ങൾക്ക് പ്രചോദനം നൽകുന്നതായി ഭാരവാഹികൾ അറിയിച്ചു. ശങ്കര സുബ്രഹ്മണ്യൻ (വയലിൻ), നിർമൽ നാരായണൻ (മൃദംഗം) തുടങ്ങിയവരുടെ അകമ്പടിയോടെ പുല്ലാംകുഴൽ സംഗീതരംഗത്തെ പ്രശസ്ത കലാകാരി ശ്രീമതി സിക്കിൽ മാല ചന്ദ്രശേഖർ അവതരിപ്പിക്കുന്ന പുല്ലാകുഴൽ സംഗീതമാണ് ഈ വർഷത്തെപ്രധാന ആകർഷണമെന്ന് ചെയർമാൻ പ്രഫ. ആർ ജയകൃഷ്ണൻ പറഞ്ഞു. പ്രവേശനം സൗജന്യമായ പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർക്ക് മതിയായ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി എല്ലാ സംഗീതാസ്വാദകരും സഹകരിക്കണമെന്ന് ഓം പ്രസിഡന്‍റ് വിനോദ് ബാഹുലേയൻ, സെക്രട്ടറി സുനിൽ രവീന്ദ്രൻ, ഡയറക്ടർ രവി വെള്ളത്തേരി എന്നിവർ അഭ്യർഥിച്ചു.

വിവരങ്ങൾക്ക് ‘www.ohmcalifornia.org’ സന്ദർശിക്കുക.

റിപ്പോർട്ട്: സാൻഡി പ്രസാദ്