"കേരളത്തിൽ രാഹുൽ തരംഗം ആഞ്ഞടിക്കും'
Wednesday, April 17, 2019 11:51 PM IST
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന ഇന്ത്യൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലും വലിയ വിജയ സാധ്യതയാണുള്ളതെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ കരുത്തനായ തേരാളി രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തോടെ കോൺഗ്രസ് തരംഗം എങ്ങും ആഞ്ഞടിക്കുകയാണെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ടെക്സസ് ചാപ്റ്റർ വിലയിരുത്തി.

പാർലമെന്‍റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ടെക്സസ് ചാപ്റ്ററിന്റെ അഭിമുഖ്യത്തിൽ ഏപ്രിൽ 14 നു വൈകുന്നേരം കേരളത്തനിമ റസ്റ്ററന്‍റിൽ സംഘടിപ്പിച്ച പ്രത്യേക തെരഞ്ഞെടുപ്പ് അവലോകന സമ്മേളനത്തിലാണ് വിലയിരുത്തൽ നടന്നത്.

പ്രസിഡന്റ് ജോസഫ് എബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബേബി മണക്കുന്നേൽ സ്വാഗതം ആശംസിച്ചു. കേരളരാഷ്ട്രീയത്തിലെ തലമുതിർന്ന യുഡിഎഫിന്‍റെ കരുത്തുറ്റ നേതാവും കേരള നിയമസഭയിൽ 53 വർഷം അംഗമായിരുന്ന് ചരിത്രത്തിൽ ഇടം നേടിയ അന്തരിച്ച കെ.എം.മാണി, സിവിൽ സർവീസിൽ മലയാളത്തിന്‍റെ ആത്‌മാവ്‌ ഉൾച്ചേർത്ത ഭരണകർത്താവും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന അന്തരിച്ച ബാബു പോൾ, കഴിഞ്ഞ വാരാന്ത്യത്തിൽ ഹൂസ്റ്റണിൽ നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞ സിറിൽ കാരിശേരിക്കൽ എന്നിവരുടെ ആകസ്മിക വേർപാടിൽ അനുശോചിച്ചു ഒരു മിനിറ്റ് മൗനം ആചരിച്ചാണ് സമ്മേളനം ആരംഭിച്ചത്. ചാപ്റ്റർ ജോയിന്‍റ് സെക്രട്ടറി ജീമോൻ റാന്നി അനുശോചന പ്രമേയം അവതരിപ്പിച്ചു.

തുടർന്ന് കേരളത്തിലെ 20 മണ്ഡലങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങളെയും വിജയ സാധ്യതകളെയും വിലയിരുത്തികൊണ്ടുള്ള ചർച്ച അംഗങ്ങളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ആവേശോജ്ജ്വലമായി. ബിജെപിയുടെ ഭരണം ഇന്ത്യ മഹാരാജ്യത്തിനു ഒരു ദുരന്തമായി മാറിക്കഴിഞ്ഞു. കോൺഗ്രസ് പുലർത്തിപ്പോന്ന മതേതരത്വ നിലപാടുകളെ കാറ്റിൽ പറത്തിക്കൊണ്ടു വർഗീയത മാത്രം പറഞ്ഞുകൊണ്ട് അധികാരത്തിൽ വരാനുള്ള മോദിയുടെ നീക്കങ്ങൾ ചെറുക്കപ്പെടേണ്ടതാണ്. അവർ അധികാരത്തിൽ എത്തിയാൽ ഭരണഘടന തന്നെ മാറ്റിയെഴുതിയേക്കാം. ഇന്ത്യയുടെ വികസന ഭൂപടത്തിൽ കരിനിഴൽ വീഴ്ത്തിയ ബിജെപി ഗവണ്മെന്റ് അധികാരത്തിൽ കത്തിൽ നിന്ന് മാറ്റപ്പെടണം. കർഷകർ ഇനി ആത്മഹത്യ ചെയ്യാൻ പാടില്ല. മോഹന സുന്ദര വാഗ്ദാനങ്ങൾ നൽകിയ ബിജെപി യും ഏകാധിപതിയെ പോലെ ഭരണം നടത്തുന്ന മോദിയും ഇനീ അധികാരത്തിൽ വന്നു കൂടാ. അതോടൊപ്പം കേരളത്തിലെ അക്രമരാഷ്ട്രീയത്തിന്നു നേതൃത്വം നൽകുന്ന, വികസന വിരുദ്ധരായ ഇടതുപക്ഷത്തെയും കേരളത്തിൽ തോൽപ്പിച്ചേ മതിയാകൂ.

അടുത്തു വരുന്ന ദിവസങ്ങളിൽ സാധ്യമായ എല്ലാ രീതിയിലും യുഡിഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുവാൻ കോൺഗ്രസ്, യുഡിഎഫ് നേതാക്കളും അനുഭാവികളും പങ്കെടുത്ത സമ്മേളനം ആഹ്വാനം ചെയ്‌തു.

ജോസഫ് എബ്രഹാം, ബേബി മണക്കുന്നേൽ, എ.സി.ജോർജ്, ശശിധരൻ നായർ, ജോമോൻ ഇടയാടിയിൽ, പൊന്നു പിള്ള, ജെയിംസ് കൂടൽ, വാവച്ചൻ മത്തായി, സി.ജി. ഡാനിയേൽ ബിബി പാറയിൽ, ഡാനിയേൽ ചാക്കോ, റോയ് തോമസ് , ടോം വിരിപ്പൻ, ജോർജ് കൊച്ചുമ്മൻ, റോയ് വെട്ടുകുഴി, എ.ജി. മാത്യു, തോമസ് തയ്യിൽ, ഏബ്രഹാം തോമസ്, സജി ഇലഞ്ഞിക്കൽ, ബോബി ജോസഫ്, സെബാസ്റ്റ്യൻ തുടങ്ങിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട് : ജീമോൻ റാന്നി