ഡാളസ് മേയർ തെരഞ്ഞെടുപ്പ്; ഹില്ലരിയുടെ എൻഡോഴ്സ്മെന്‍റ് റജിന മൊണ്ടയോക്ക്
Friday, March 22, 2019 8:16 PM IST
ഡാളസ്: ടെക്സസിലെ പ്രധാന സിറ്റികളിലൊന്നായ ഡാളസിൽ മേയ് 4 ന് നടക്കുന്ന മേയർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന റജിനാ മൊണ്ടയോക്ക് ഹില്ലരി ക്ലിന്‍റണിന്‍റെ എൻഡോഴ്സ്മെന്‍റ്.

ഒമ്പത് സ്ഥാനാർഥികളാണ് ഡാളസ് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ മാറ്റുരക്കുന്നത്. ഡമോക്രാറ്റിക് പാർട്ടിയുടെ ശക്തി കേന്ദ്രമായാണ് ഡാളസ് അറിയപ്പെടുന്നത്. പാർട്ടി അടിസ്ഥാനത്തിലല്ല തെരഞ്ഞെടുപ്പെങ്കിലും ഡമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയുള്ള സ്ഥാനാർഥിക്കാണ് ഇവിടെ ജയിക്കാൻ കഴിഞ്ഞിരുന്നത്. നിലവിലെ മേയറായ മൈക്ക് റോളിംഗ് മത്സര രംഗത്തില്ലാത്തതാണ് ഇത്രയധികം സ്ഥാനാർഥികൾ മത്സര രംഗത്തെത്താൻ കാരണം. ഒമ്പതു സ്ഥാനാർഥികളിൽ മൂന്നു പേർ വനിതകളാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ 2010 ലെ ടെക്സസ് ഹൗസ് പ്രതിനിധിയായിരുന്ന എറിക് ജോൺസൻ. ‍ഡാളസ് സിറ്റി കൗൺസിൽ മേയറായി മത്സരിക്കുന്നു എന്ന് ‌പ്രത്യേകത കൂടി ഈ തെരഞ്ഞെടുപ്പിനുണ്ട്. മറ്റൊരു ടെക്സസ് ഹൗസ് മുൻ പ്രതിനിധി ജേയ്സൺ വില്ലാൽഭയും മേയറായി മത്സരിക്കുന്നു.

2016 ലെ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി പ്രസിഡന്‍റ് സ്ഥാനാർഥിയായിരുന്ന അലിസൺ കെന്നഡി, ലിൻ മേഗ്‍ബി, റജിനാ മൊണ്ടയൊ എന്നിവരിൽ ഹില്ലരിയുടെ പിന്തുണ ലഭിച്ച റജിനായ്ക്കാണ് ഇത്തവണ സാധ്യതയെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ക്ലിന്‍റൺ അഡ്മിനിസ്ട്രേഷൻ, ഹെൽത്ത് കെയർ അറ്റോർണി, കോളജ് പ്രഫസർ, ക്ലിന്‍റൺ ഫണ്ട് റയ്‍സർ തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തന പരിചയമുള്ള റജിന ദീർഘകാലമായി ഡാളസിലെ നിറസാന്നിധ്യമാണ്. ആൽബർട്ട് ബ്ലാക്ക്, സ്കോട്ട് ഗ്രോഗ് എന്നിവരാണ് റജിനയുടെ പ്രധാന എതിരാളികൾ.

റിപ്പോർട്ട്: പി.പി. ചെറിയാൻ