പാക്കിസ്ഥാൻ ഗ്ലോബൽ ടെറർ സ്റ്റേറ്റെന്ന് ഇന്ത്യൻ അമേരിക്കൻ ഓർഗനൈസേഷൻ
Thursday, March 21, 2019 8:22 PM IST
ഹൂസ്റ്റൺ: ഭീകരവാദം വളർത്തുന്ന പാക്കിസ്ഥാന്‍റെ നയങ്ങൾക്കെതിരെ ഫ്രണ്ട്സ് ഓഫ് ഇന്ത്യ സൊസൈറ്റി ഇന്‍റർനാഷണൽ ചാപ്റ്ററും ഗ്ലോബൽ കാഷ്മീരി പണ്ഡിറ്റ് സമൂഹവും പ്രതിഷേധിച്ചു.

മാർച്ച് 17 ന് ഹൂസ്റ്റണിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ പാക്കിസ്ഥാൻ ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കാഷ്മീരിനെ അസ്ഥിരപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് റാലിയിൽ പങ്കെടുത്തവർ മുദ്രവാക്യങ്ങൾ എഴുതിയ ബാനറുകൾ ഉയർത്തിപ്പിടിച്ചു.

ആഗോള തലത്തിലേക്ക് ഭീകരവാദം വ്യാപിപ്പിക്കുന്നതിനുള്ള പാക്കിസ്ഥാൻ നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിനു ഭീഷണിയാണെന്നു സംഘടന കോഓർഡിനേറ്റർ അഖിലേഷ് അമർ പറഞ്ഞു. അൽ ഖായിദ നേതാക്കൾക്കും ഭീകരവാദികൾക്കും പാക്കിസ്ഥാൻ സുരക്ഷിത താവളങ്ങൾ ഒരുക്കുന്നതു അപലപനീയമാണെന്നും അമർ കൂട്ടിചേർത്തു.

തുടർന്നു നടന്ന സമ്മേളനത്തിൽ പ്രസംഗിച്ച വീണാ അംബാർഡർ, പാക്കിസ്ഥാന്‍റെ അതിർത്തി കടന്നുള്ള ഭീകരാക്രമണം, ഗറില്ലാ യുദ്ധ തന്ത്രം എന്നിവയ്ക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നൽകണമെന്ന് ആവശ്യപ്പെട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ