ടെലിഗ്രാം ലഭിക്കാൻ എടുത്ത സമയം എത്രയന്നല്ലേ‍‍? 50 വർഷം
Thursday, March 21, 2019 8:14 PM IST
മിഷിഗൺ: യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിൽ നിന്നും ബിരുദം നേടിയ റോബർട്ട് ഫിങ്കിനെ അനുമോദിച്ചുകൊണ്ടു കുടുംബ സുഹൃത്ത് 1969 ൽ അയച്ച ടെലിഗ്രാം ലഭിച്ചത് 50 വർഷത്തിനുശേഷം 2019 മാർച്ച് ആദ്യവാരം.

വെസ്റ്റേൺ യൂണിയൻ വഴിയാണ് ടെലിഗ്രാം അയച്ചിരുന്നത്. എന്നാൽ 2006 ൽ വെസ്റ്റേൺ യൂണിയൻ ടെലിഗ്രാം ബിസിനസ് അവസാനിപ്പിച്ചതാണ് വൈകാൻ കാരണമെന്നറിയുന്നു.

അതേസമയം ടെലിഗ്രാം ലഭിച്ച ഫിങ്ക് റോച്ചസ്റ്റർ ഇപ്പോൾ ഒക് ലാൻഡ് യൂണിവേഴ്സിറ്റി പ്രഫസറാണ്. ഇത്ര വൈകിയാണെങ്കിലും അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള ടെലിഗ്രാം ലഭിച്ചതിൽ ഫിങ്ക് സന്തോഷവാനാണ്. പഴയ ബന്ധങ്ങളുടെ ഓർമ പുതുക്കൽ കൂടിയാണ് ഈ ടെലിഗ്രാമെന്ന് ഫിങ്ക് പറഞ്ഞു. എന്നിരുന്നാലും ഫിങ്കിന് ഒരു സങ്കടം മാത്രമേ ബാക്കിയുള്ളൂ. ടെലിഗ്രാം അയച്ച കുടുംബാംഗങ്ങളായ ബെനിനും ലില്ലിയനും നന്ദി അറിയിക്കാൻ കഴിഞ്ഞില്ലല്ലോ എന്നുള്ളത്. കാരണം ഇരുവരും ഇതിനകം മരണപ്പെട്ടിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ