ഡബ്ലുഎംസി ഹൂസ്റ്റൺ പ്രൊവിൻസ് ബിസിനസ് ഫോറത്തിന് ഉജ്ജ്വല തുടക്കം
Thursday, March 21, 2019 7:50 PM IST
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ബിസിനസ് സംരംഭകർക്ക്‌ ഒരു പുത്തൻ കൂട്ടായ്മയുമായി വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസ് സംഘടിപ്പിച്ച ബിസിനസ് ഫോറത്തിന്‍റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി.

മാർച്ച് 16ന് മലയാളി അസോസിയേഷന്‍റെ ആസ്ഥാനകേന്ദ്രമായ കേരളാ ഹൗസിൽ നടത്തിയ ഉദ്ഘാടന ചടങ്ങിൽ ഡബ്ല്യൂഎംസി പ്രൊവിൻസ് പ്രസിഡന്‍റ് ജോമോൻ ഇടയാടി അധ്യക്ഷത വഹിച്ചു. ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്‌ജ് കെ.പി.ജോർജ് ബിസിനസ് ഫോറം ഡബ്ല്യൂഎംസി ഭാരവാഹികളോടൊപ്പം നിലവിളക്കു തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.

ബിസിനസ് ഫോറം പ്രസിഡന്‍റ് ജോൺ ഡബ്ല്യൂ.വർഗീസ് "ഡബ്ല്യൂഎംസി ബിസിനസ് ഫോറം വിഷൻ ആൻഡ് മിഷൻ' എന്ന വിഷയത്തെ അധികരിച്ചു പ്രബന്ധം അവതരിപ്പിച്ചു. സംഘടന മലയാളി സമൂഹത്തിനു വേണ്ടി ചെയ്യുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പറ്റി ജോമോൻ ഇടയാടി വിശദീകരിച്ചു. "അമേരിക്കൻ ബിസിനസ് മേഖലയും അമേരിക്കയിലെ മലയാളി സമൂഹവും" എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സെമിനാർ സമ്മേളനത്തിന് കൂടുതൽ മികവ് നൽകി.

എസ്ബിഎ മുൻ വൈസ് പ്രസിഡന്‍റ് യൂസഫ് മുഹമ്മദ് "റിസോഴ്സ് ഫോർ എന്‍റർപ്രണേഴ്സ് ഇൻ ഹൂസ്റ്റൺ' എന്ന വിഷയത്തെ ആസ്പദമാക്കി അവതരിപ്പിച്ച പ്രബന്ധം സമ്മേളനത്തിൽ പങ്കെടുത്തവർക്ക് അറിവുകളുടെ പുതിയ മേഖലകൾ പകർന്നു നൽകി.

ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്‌ജും മലയാളികളുടെ അഭിമാനവുമായ കെ.പി.ജോർജിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

സമ്മേളനത്തിൽ സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, ഡബ്ല്യൂഎംസി ഭാരവാഹികളായ ഗോളബൽ വൈസ് പ്രസിഡന്‍റ് എസ്.കെ ചെറിയാൻ, റീജിയണൽ പ്രസിഡന്‍റ് ജെയിംസ് കൂടൽ, പ്രൊവിൻസ് ചെയർമാൻ ജേക്കബ് കുടശ്ശനാട്‌, വൈസ് പ്രസിഡന്‍റ് റോയ് മാത്യു, ട്രഷറർ ബാബു ചാക്കോ, വൈസ് ചെയർമാൻ ആൻഡ്രൂസ് ജേക്കബ്, വിമൻസ് ഫോറം ചെയർപേഴ്സൺ ലക്ഷ്മി പീറ്റർ, ഇന്തോ അമേരിക്കൻ പ്രസ് ക്ലബ് ചെയർമാൻ ഡോ.ബാബു സ്റ്റീഫൻ, ഫോമാ മുൻ പ്രസിഡന്‍റ് ശശിധരൻ നായർ, മാഗ്‌ പ്രസിഡന്‍റ് മാർട്ടിൻ ജോൺ, മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നി, ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്യൂണിറ്റി പ്രസിഡന്‍റ് സന്തോഷ് ഐപ്പ്, ഡോ.ഫ്രീമു വർഗീസ്, ജോർജ് ഈപ്പൻ, ജയിംസ് വാരിക്കാട്ട് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹൂസ്റ്റൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി റെയ്‌ന റോക്ക് സ്വാഗതവും യൂത്ത് ഫോറം പ്രസിഡന്‍റ് മാത്യൂസ് മുണ്ടയ്ക്കൽ നന്ദിയും പറഞ്ഞു.

എംസി യായി പരിപാടികൾ നിയന്ത്രിച്ച ലക്ഷ്മി പീറ്ററിന്‍റെ നേതൃത്വത്തിൽ നടന്ന വിവിധ കലാപരിപാടികൾ മൂന്ന് മണിക്കൂർ നീണ്ടു നിന്ന സമ്മേളനത്തെ ഉജ്ജ്വലമാക്കി.

റിപ്പോർട്ട്: ജീമോൻ റാന്നി