സ്വർഗ സംഗീതവുമായി അൽഫോൻസ്, ഫ്രാങ്കോ, അഞ്ജു ടീം അമേരിക്കയിൽ
Saturday, January 19, 2019 7:06 PM IST
ന്യൂയോർക്ക്‌ : സ്നേഹസംഗീതം എന്ന ക്രിസ്തീയ സംഗീത വിരുന്നിന്‍റേയും "ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ" എന്ന മെഗാ ഷോയുടെയും തിളക്കമാർന്ന വിജയങ്ങൾക്ക് ശേഷം സ്റ്റാർ എന്‍റർടൈൻമെന്‍റും റിച്ച ഫോർട്ട് എന്‍റർടൈൻമെന്‍റും ചേർന്ന് അവതരിപ്പിക്കുന്ന "സ്വർഗ സംഗീതം 2019" എന്ന ക്രിസ്ത്യൻ ഡിവോഷണൽ കോൺസർട്ട് നോർത്ത് അമേരിക്കയിലും കാനഡയിലും സന്ദർശനത്തിനൊരുങ്ങുന്നു.

പ്രമുഖ സംഗീത സംവിധായകനും പിന്നണി ഗായകനുമായ അൽഫോൻസ് ജോസഫ് നയിക്കുന്ന
ക്രിസ്തീയ ഗാനമേള ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലാണ് അരങ്ങേറുക.

പ്രമുഖ സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഫ്രാങ്കോ സൈമൺ, സ്റ്റാർ സിംഗർ വിജയിയും പ്രമുഖ പിന്നണി ഗായികയുമായ അഞ്ജു ജോസഫ് എന്നീ അനുഗ്രഹീത ഗായകർ അൽഫോൻസിനൊപ്പം ഈ ക്രിസ്ത്യൻ ഡിവോഷണൽ കോൺസർട്ടിൽ വേദി പങ്കിടുന്നു.

ജീസസ് യൂത്ത് മ്യൂസിക് ബാൻഡ് റെക്സ് ബാൻഡിലെ പ്രമുഖ ഗായകൻ, അനേകം മലയാള സിനിമകളുടെ സംഗീത സംവിധാനം കൂടാതെ പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാൻ അടക്കമുള്ളവർക്ക്‌ വേണ്ടി ഗാനങ്ങൾ പാടിയിട്ടുള്ള അൽഫോൻസ് ജോസഫിന് ഫിലിം ക്രിട്ടിക്സ് , അമൃത ടി വി ഫെഫ്ക തുടങ്ങി അനേകം അവാർഡുകളും ലഭിച്ചിട്ടുണ്ട്, റെക്സ് ബാൻഡുമായി അനേക രാജ്യങ്ങൾ ക്രിസ്ത്യൻ ഡിവോഷണൽ കോൺസർട്ടുകളുമായി സഞ്ചരിച്ചിട്ടുള്ള അൽഫോൻസിനു മാർപാപ്പയുടെ മുന്നിലും പാടുവാൻ അവസരം ലഭിച്ചിട്ടുണ്ട്.

മലയാളമടക്കം വിവിധ ഭാഷകളിൽ അനേകം സിനിമകളിൽ പിന്നണി ഗായകനായും അനേകം ഡിവോഷണൽ ആൽബങ്ങളിൽ സംഗീത സംവിധായകനും ഗായകനുമൊക്കെയായ ഫ്രാങ്കോ സൈമൺ പ്രമുഖ സംഗീതജ്ഞൻ ഔസേപ്പച്ചന്‍റെ അനന്തരവൻ കൂടിയാണ്, ഔസേപ്പച്ചന്‍റെ കീഴിൽ സംഗീതം അഭ്യസിച്ച ഫ്രാങ്കോ വിവിധ രാജ്യങ്ങളിൽ അനേകം പ്രശസ്ത ഗായകരൊപ്പം സംഗീത നിശകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഫ്രാങ്കോ ഇന്ന് മലയാള ക്രിസ്തീയ ഗാന ശാഖയുടെ ഒഴിച്ച് കൂടാനാവാത്ത ഒരു ഭാഗമായിക്കഴിഞ്ഞു.

ഐഡിയ സ്റ്റാർ സിംഗർ വിജയികളിൽ ഒരാളും പ്രമുഖ പിന്നണിഗായികയുമായ അഞ്ജു ജോസഫ് പാടിയ ഹിറ്റുകളായി മാറിയ അനേകം ക്രിസ്തീയ ഗാനങ്ങൾ അഞ്ജുവിനെ മലയാള ക്രിസ്തീയ ഗാനരംഗത്ത് അവിഭാജ്യ ഘടകമാക്കി നിലനിർത്തുന്നു. അനേകം ക്രിസ്ത്യൻ ഡിവോഷണൽ കോൺസർട്ട്കളുമായി വിവിധ രാജ്യങ്ങൾ പ്രമുഖ ഗായകരൊത്തു സഞ്ചരിച്ചിട്ടുള്ള അഞ്ജു ഇന്ന് മലയാള ക്രിസ്തീയ ഗാനരംഗത്തെ നയിക്കുന്ന ശബ്ദങ്ങളിൽ ഒന്നാണ്.

അത്യാധുനിക രീതിയിലുള്ള സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് അനേകം വാദ്യോപകരണങ്ങളുടെ അകമ്പടിയോടു കൂടി ഇന്ത്യയിലെ തന്നെ വിദഗ്ദരായ മ്യുസിഷ്യൻസ് പങ്കെടുക്കുന്ന "സ്വർഗസംഗീതം 2019 " ദി ലൈവ് ബാൻഡ് ഉയർന്ന നിലവാരം പുലർത്തുമെന്ന് സംഘാടകർ അവകാശപ്പെട്ടു.

വിവരങ്ങൾക്ക്: ജേക്കബ് വർഗീസ് 201 - 669 -1477, ക്രിസിൻ പൈനാടത്ത്‌ 403 - 619 - 5005, ജോസഫ്‌ ഇടിക്കുള 201 - 421 - 5303.

സന്ദർശിക്കുക - WWW.STARENTERTAINMENT.WORLD - WWW.RICHFORT.CA

റിപ്പോർട്ട്: ഇടിക്കുള ജോസഫ്