ലിറ്റിൽറോക്കിന് ആദ്യ ആഫ്രിക്കൻ അമേരിക്കൻ മേയർ
Thursday, December 6, 2018 9:26 PM IST
ലിറ്റിൽറോക്ക് (അർകൻസ): അർക്കൻസയുടെ തലസ്ഥാന നഗരിയായ ലിറ്റിൽറോക്കിന് ചരിത്രത്തിലാദ്യമായി ആഫ്രിക്കൻ അമേരിക്കൻ മേയർ. നവംബർ 6 ലെ ഇടക്കാല തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന മേയർ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടിന്‍റെ അമ്പതു ശതമാനം ഒരു സ്ഥാനാർഥികൾക്കും ലഭിക്കാതിരുന്നതിനെ തുടർന്ന് ഡിസംബർ 4 നു നടന്ന റൺ ഓഫിൽ ബേക്കർ കുറസിനെ (64) പരാജയപ്പെടുത്തിയാണു ഫ്രാങ്ക് സ്കോട്ട് (35) ചരിത്ര വിജയം നേടിയത്.

അർക്കൻസ സംസ്ഥാനത്തെ ഏറ്റവും വലിയ സിറ്റിയായ ലിറ്റിൽറോക്കിൽ നേതൃത്വമാറ്റം വേണമെന്ന ഫ്രാങ്ക് സ്കോട്ടിന്‍റെ അഭ്യർഥനയെ വോട്ടർമാർ പിന്തുണക്കുകയായിരുന്നു. ലിറ്റിൽറോക്ക് പബ്ലിക് സ്കൂളിൽ നിന്നും യൂണിവേഴ്സിറ്റി ഓഫ് അർകൻസിൽ നിന്നുമാണ് ഫ്രാങ്ക് വിദ്യാഭ്യാസം പൂർത്തീകരിച്ചത്. സിറ്റിയുടെ വളർച്ച ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്കു മുൻഗണന നൽകുമെന്ന് ബാങ്ക് ഉദ്യോഗസ്ഥൻ കൂടിയായ മേയർ ഫ്രാങ്ക് സ്കോട്ട് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ