ഡാളസിൽ ഫൈന്‍ ആര്‍ട്‌സ് നാടകം "കടലോളം കനിവ് ' ഡിസംബർ എട്ടിന് അരങ്ങേറും
Wednesday, December 5, 2018 11:29 PM IST
ന്യൂജേഴ്‌സി: ഫൈന്‍ ആര്‍ട്‌സ് മലയാളം നാടകം "കടലോളം കനിവ്' ഡാളസില്‍ അരങ്ങേറുന്നു. ഡിസംബര്‍ എട്ടിന് (ശനി) വൈകുന്നേരം ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസിന്‍റെ 'ഓക്ഷന്‍ ആന്‍ഡ് ഡാന്‍സ് ഡിന്നര്‍ ഡ്രാമ' എന്ന് പേരിട്ടിരിക്കുന്ന ക്രിസ്മസ് ബാങ്ക്വറ്റ് പരിപാടിയുടെ ഭാഗമായാണ് നാടകം നടക്കുന്നത്.

വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കൊപ്പം, വ്യത്യസ്തമായ വിഭവങ്ങള്‍ അടങ്ങിയ ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്. പള്ളി കെട്ടിടത്തോടു ചേര്‍ന്നുള്ള മാര്‍ത്തോമ ഇവന്‍റ് സെന്‍ററില്‍ (11550 Luna Road, Dallas, TX 75234) ആണ് പരിപാടികൾ.

കേരള മണ്ണില്‍ ഇപ്പോഴും സജീവമായി ചര്‍ച്ച ചെയ്യുന്ന ദയാവധത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രശസ്ത നാടകകൃത്ത് ഫ്രാന്‍സീസ് ടി. മാവേലിക്കര എഴുതിയ നാടകമാണ് "കടലോളം കനിവ്'. സ്റ്റേജില്‍ ലൈവായ സംഭാഷണങ്ങളോടെ എത്തുന്ന അമേരിക്കയിലെ ചുരുക്കം ചില നാടക സംഘങ്ങളിലൊന്നാണ് ഫൈന്‍ ആര്‍ട്‌സ് അമേരിക്ക. കലാമൂല്യമുള്ള കഥാതന്തു, സംഭവബഹുലമായ നാടകീയ മുഹൂര്‍ത്തങ്ങള്‍, വൈകാരിക ഭാവങ്ങള്‍ മിന്നിമറയുന്ന അഭിനയ പാടവം, മികച്ച പ്രകാശ സംവിധാനങ്ങള്‍, ഗാനരംഗത്തിനായി ചിത്രീകരിച്ച വീഡിയോ ക്ലിപ്പിംഗ്, മനസില്‍ തട്ടുന്ന പശ്ചാത്തല സംഗീതം ഇവയെല്ലാം പരമാവധി ഒത്തുചേരുന്ന നാടകമാണ് "കടലോളം കനിവ്'. ഇതിനായി രക്ഷാധികാരി പി.ടി. ചാക്കോ (മലേഷ്യ)യുടെ നേതൃത്വത്തില്‍ പതിനഞ്ചോളം കലാസംഘം വെള്ളിയാഴ്ച രാവിലെ ഡാളസിലെത്തും.

വിവരങ്ങള്‍ക്ക്: റവ.ഡോ. ഏബ്രഹാം മാത്യു (214 886 4532), റവ. ബ്ലെസിന്‍ കെ. മോന്‍ (972 951 0320), അലക്‌സ് ചാക്കോ (214 938 1345), ഈശോ മാളിയേക്കല്‍ (972 746 3614).

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍