ഷിക്കാഗോ ഗീതാമണ്ഡലത്തില്‍ മണ്ഡലപൂജ
Tuesday, November 20, 2018 10:21 PM IST
ഷിക്കാഗോ: ഭക്തിസാന്ദ്രവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് പൂജകള്‍ക്കായി നടതുറന്നു.

മഹാഗണപതിക്ക്, മന്ത്രജപത്തോടെ അഭിഷേകം നടത്തി, വസ്ത്രാദി ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അര്‍ഘ്യം നല്കി. തുടര്‍ന്ന് ഗണപതി അഥര്‍വോപനിഷത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും നടത്തിയാണ് ഈ വര്‍ഷത്തെ മണ്ഡല പൂജകള്‍ ആരംഭിച്ചത് .

വൈകിട്ട് കൃത്യം ആറുമണിക്ക്, ശരണാഘോഷങ്ങളാലും, വേദമന്ത്രധ്വനികളാലും ധന്യമായ ശുഭ മുഹൃത്തത്തില്‍, കലിയുഗവരദന്റെ തിരുസനിന്നധാനം, പ്രധാന പുരോഹിതന്‍ ബിജുകൃഷ്ണന്‍ പ്രതേക മന്ത്രജപാര്‍ച്ചനകള്‍ നടത്തിയശേഷം ആണ് മണ്ഡലമകരവിളക്ക് പൂജകള്‍ക്കായി നട തുറന്നത്. തുടന്ന് നടന്ന കലശപൂജയ്ക്ക് ശേഷം അഷ്ടദ്രവ്യകലശാഭിഷേകവും നെയ്യ് അഭിഷേകവും, ഭസ്മാഭിഷേകവും, കളഭാഭിഷേകവും, പുഷ്പാഭിഷേകവും നടത്തി. തുടര്‍ന്ന് അത്താഴപൂജയ്ക്ക് ശേഷം പുഷ്പാലങ്കാരത്താല്‍ വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് മുന്‍പില്‍ പടിപൂജയും, അതിനെ തുടര്‍ന്ന് അഷ്ടോത്തര അര്‍ച്ചനയും, ദീപാരാധനയും, നമസ്കാരമന്ത്രവും , മന്ത്രപുഷ്പവും, സാമവേദ പാരായണവും, മംഗള ആരതിയും നടത്തിയശേഷം ഹരിവരാസനം പാടി നട അടച്ചു.

ഈ വര്‍ഷത്തെ ഭക്തിസാന്ദ്രമായ മണ്ഡലമഹോത്സവ ഭജനക്ക് നേതൃത്വം നല്‍കിയത് ഗീതാ മണ്ഡലം സ്പിരിച്ച്വല്‍ ചെയര്‍പേഴ്‌സണ്‍ ആനന്ദ് പ്രഭാകറിന്റെയും, സജി പിള്ളയുടെയും രശ്മി മേനോന്റെയും നേതൃത്വത്തില്‍ ഉള്ള ഗീതാമണ്ഡലം ഭജന്‍ ഗ്രൂപ്പാണ്. വിപുലമായ മണ്ഡലസദ്യയോടെ ഈ വര്‍ഷത്തെ മണ്ഡലമഹോത്സവ പൂജകള്‍ക്ക് സമാപനം കുറിച്ചു.

ഈ വര്‍ഷത്തെ മണ്ഡല മഹോത്സവത്തില്‍ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങള്‍ക്കും, മണ്ഡല പൂജ സ്‌പോണ്‍സര്‍ ചെയ്ത ജയചന്ദ്രനും കുടുംബങ്ങള്‍ക്കും, മണ്ഡലകാലം മുതല്‍ മകരവിളക്ക് വരെയുള്ള ഗീതാമണ്ഡലത്തിന്റെ എല്ലാ ദിവസത്തെയും പൂജകള്‍ സ്‌പോണ്‍സര്‍ ചെയ്ത എല്ലാ കുടുംബങ്ങള്‍ക്കും , പൂജയുടെ നടത്തിപ്പിനായി പ്രവര്‍ത്തിച്ച എല്ലാ ഗീതാമണ്ഡലം പ്രവര്‍ത്തകര്‍ക്കും,ഗീതാമണ്ഡലം ആത്മീയവേദി ചെയര്‍ ആയ ആനന്ദ് പ്രഭാകറിനും ഗീതാമണ്ഡലം ജനറല്‍ സെക്രട്ടറി ബൈജു മേനോന്‍ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം