മലയാളം സൊസൈറ്റി ഹൂസ്റ്റൺ മാറുന്ന കേരളവും മലയാളവും
Tuesday, November 20, 2018 7:38 PM IST
ഹ്യൂസ്റ്റൻ: പ്രശസ്ത സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റി ഹൂസ്റ്റണിന്‍റെ നവംബർ സമ്മേളനം 11ന് വൈകുന്നേരം നാലിന് സ്റ്റാഫറ്ഡിലെ കേരളാ കിച്ചൻ റസ്റ്ററന്‍റിന്‍റെ മീറ്റിംഗ് ഹാളിൽ നടന്നു.

പ്രശസ്ത സാഹിത്യകാരനും ജേണലിസ്റ്റും ഭരത് ഭവന്‍റെ മുൻ സെക്രട്ടറിയുമായിരുന്ന സതീഷ് ബാബു പയ്യന്നൂർ മുഖ്യാതിഥി ആയിരുന്നു . ജോർജ് മണ്ണിക്കരോട്ട് അധ്യക്ഷത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. തുടർന്നു ജോണ്‍ മാത്യുവിന്‍റെ ഭൂമിക്കു മേലൊരു മുദ്ര എന്ന നോവലിന്‍റെ മൂന്നാം പതിപ്പും വൈരുദ്ധ്യാത്മക വിപ്ലവം എന്ന കഥാസമാഹാരവും മണ്ണിക്കരോട്ടിന് ആദ്യ പ്രതികൾ നൽകി സതീഷ് ബാബു പയ്യന്നൂർ പ്രകാശനം ചെയ്തു.

സമ്മേളനത്തിൽ ആഗതനായ പ്രത്യേക ക്ഷണിതാവ്, ഫോറ്ട് ബെന്ഡ് കൗണ്ടി ജഡ്ജ് ഇലക്ട് കെ. പി. ജോർജിനെ മലയാളം സൊസൈറ്റിയുടെ വൈസ് പ്രസിഡന്‍റ് പൊന്നു പിള്ള പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സെക്രട്ടറി ജോർജ് പുത്തൻകുരിശ്, ഹില്ലറി ക്ലിന്‍റൻ എഴുതിയ ഹാര്ഡ് ചോയ്സ് എന്ന പുസ്തകം പാരിതോഷികമായി നൽകി. കെ.പി. ജോർജ് മലയാളികൾ നൽകിയ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി പറഞ്ഞു. റിപ്പോർട്ടർ ചാനലിന്‍റെ പ്രതിനിധി സജി ഡൊമനിക്കും വേൾഡ് മലയാളി കൗണ്‍സിൽ ഹൂസ്റ്റൻ പ്രോവിൻസിന്‍റെ ചെയർമൻ ജേക്കബ് കുടശ്ശനാടും സമ്മേളനത്തിൽ സംബന്ധിച്ചു.

സമ്മേളനത്തിന്‍റെ തുടക്കമായി ജോർജ് പുത്തൻകുരിശ്, സതീഷ് ബാബുവിന്‍റെ ഖമറുന്നിസയുടെ കൂട്ടുകാരി എന്ന ചെറുകഥയെക്കുറിച്ച് ഹൃസ്വമായ ഒരു ആസ്വാദനം നടത്തി. ഈ കഥ സമകാലിക ജീവിതവുമായി എത്രകണ്ട് കെട്ടുപിണഞ്ഞു കിടക്കുന്നുവെന്ന സത്യം പ്രസിദ്ധ അമേരിക്കൻ ഗാനരചയിതാവ് ഹാരി ചാപ്പിന്‍റെ ക്യാറ്റ്സ് ഇൻ ദി ക്രെയ്ഡിൽ എന്ന ഗാനത്തെ വിലയിരുത്തിക്കൊണ്ട് പുത്തൻകുരിശ് സമർത്ഥിച്ചു. തുടർന്ന് സതീഷ് ബാബു പയ്യന്നൂർ മാറുന്ന കേരളവും മലയാളവും എന്ന വിഷയത്തെ അധീകരിച്ച് മുഖ്യപ്രഭാഷണം ആരംഭിച്ചു. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ ജാതി-മത-വർഗ്ഗ ഭേദമില്ലാതെ ഒറ്റക്കെട്ടായി സഹകരിച്ചു പ്രവർത്തിച്ചവർ ഇന്ന് ശബരിമലയുടെ പേരിൽ വീണ്ടും വിഭജിക്കപ്പെട്ടിരിക്കുന്ന കാഴ്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ സ്ഥാപിത താൽപര്യങ്ങൾക്കുവേണ്ടി കേരളത്തിന്‍റെ സമാധാന അന്തരീക്ഷം നശിപ്പിക്കുന്നു.

അമേരിക്കയിലെ തണുപ്പിൽനിന്ന് മടങ്ങിചെല്ലുന്നത് വിശ്വാസത്തിന്‍റെ പേരിൽ വാളെടുക്കുന്ന രണാങ്കണത്തിലേക്കാണോയെന്ന് അദ്ദേഹം ഭയപ്പെടുന്നു. മലയാളത്തെക്കുറിച്ച് ചിന്തിക്കുന്പോൾ ഭാഷയിൽ മാറ്റങ്ങളുണ്ടാകുന്നുണ്ട്, പക്ഷെ മലയാളം മരിക്കാൻപോകുന്നില്ലെന്ന് അറിയിച്ചു.

തുടർന്നുള്ള ചർച്ചയിൽ എ.സി. ജോർജായിരുന്നു മോഡറേറ്റർ. പൊന്നു പിള്ള, നൈനാൻ മാത്തുള്ള, ജോണ്‍ കുന്തറ, ദേവരാജ് കാരാവള്ളിൽ, ചാക്കൊ മുട്ടുങ്കൽ, ടി. എൻ. ശാമുവൽ, തോമസ് തയ്യിൽ, ടോം വിരിപ്പൻ, തോമസ് വർഗ്ഗീസ്, കുരിയൻ മ്യാലിൽ, ജോസഫ് തച്ചാറ, ടി.ജെ. ഫിലിപ്പ്, ജോണ്‍ മാത്യു, ബേബി മാത്യു, സജി ഡൊമനിക്, ജേക്കബ് കുടശ്ശ്നാട്, ഷിജു ജോർജ്, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് മുതലായവർ പങ്കെടുത്തു. പൊന്നു പിള്ളയുടെ നന്ദി പ്രസംഗത്തോടെ സമ്മേളനം സമാപിച്ചു.

വിവരങ്ങൾക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്‍റ്) 281 857 9221 (www.mannickarottu.net),
ജോളി വില്ലി (വൈസ് പ്രസിഡന്‍റ്), 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്‍റ്) 281 261 4950,
ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217.