ഫോമ സെന്‍ട്രല്‍ റീജിയണ്‍ (ഷിക്കാഗോ) പ്രവര്‍ത്തനോദ്ഘാടനവും ഫാമിലി നൈറ്റും പ്രൗഢഗംഭീരമായി
Tuesday, November 20, 2018 3:13 PM IST
ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫോമയുടെ സെന്‍ട്രല്‍ റീജിയണിലെ പ്രവര്‍ത്തനോദ്ഘാടനവും ഫാമിലി നൈറ്റും നവംബര്‍ പത്തിനു ശനിയാഴ്ച, മോര്‍ട്ടണ്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ടു. ഫോമ റീജിയണല്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ട് അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങില്‍, ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ വിശിഷ്ടാതിഥി ആയിരുന്നു.

ഫോമ റീജിയനല്‍ പിആര്‍ഒ സിനു പാലക്കാത്തടം വിശിഷ്ടതിഥികളെ വേദിയിലേക്ക് സ്വീകരിച്ചു. എലീന എറിക്കിന്റെ ഈശ്വര പ്രാര്‍ഥനയോട് കൂടി തുടങ്ങിയ സമ്മേളനത്തില്‍ ഫോമ റീജിയണല്‍ കോ.ചെയര്‍മാന്‍ ഡോ.സാല്‍ബി പോള്‍ ചേന്നോത്ത് സ്വാഗതം പ്രസംഗം നടത്തി, തുടര്‍ന്നു വിശിഷ്ടാഥിതിയായ ഫിലിപ് ചാമത്തില്‍ ഫോമ സെന്‍ട്രല്‍റീജിയണ്‍ പ്രവര്‍ത്തനങ്ങളും, ഫാമിലിനൈറ്റും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ഈ വര്‍ണാഭമായപരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായസന്തോഷം പങ്കുവെച്ച ഫിലിപ്പ്ചാമത്തില്‍ ഫോമയുടെ അടുത്ത രണ്ടുവര്‍ഷം നടത്താന്‍ പോകുന്ന സംരംഭങ്ങളില്‍ ഷിക്കാഗോയിലെ എല്ലാ മലയാളികളുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.

പ്രസ്തുത സമ്മേളനത്തില്‍ ഫോമ ദേശീയ അംഗം ജോണ്‍ പാട്ടപ്പതി, ആഷ്‌ലി ജോര്‍ജ്, ബെന്നി വാച്ചാച്ചിറ, ജോസി കുരിശിങ്കല്‍, നിഷ എറിക് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫോമയുടെ അംഗസംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് ഷിക്കാഗോ മലയാളി അസോസിയേഷന്‍ അധ്യക്ഷന്‍ ജോണ്‍സണ്‍ കണ്ണുക്കാടന്‍, ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, കേരള അസോസിയേഷന്‍ അധ്യക്ഷന്‍ ജോര്‍ജ് പാലമറ്റം, കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ മുന്‍ അധ്യക്ഷന്‍ ജീന്‍ പുത്തന്‍പുരക്കല്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു.

ഈ പരിപാടിയുടെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച റീജിയണല്‍ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങരയേയും, ഫാമിലി നൈറ്റ് ചെയര്‍മാന്‍ സ്റ്റാന്‍ലി കളരിക്കാമുറിയേയും, കോ. ചെയര്‍മാന്‍ സിനു പാലക്കാത്തടത്തിനുമടക്കം എല്ലാസ്‌പോണ്‍സര്‍മാര്‍ക്കും, രഞ്ജന്‍ എബ്രഹാം, ജിതേഷ് ചുങ്കത്ത്, അച്ചന്‍കുഞ്ഞ് മാത്യു, ആന്റോ കവലക്കല്‍, റോയ് മുളക്കുന്നേല്‍, ജോര്‍ജ് മാത്യു(ബാബു), ബിജു പി.തോമസ് എന്നിവര്‍ക്കും റീജിയണല്‍ സെക്രട്ടറി ബിജി സി മാണി നന്ദി അറിയിച്ചു.

തുടര്‍ന്ന് ഷിക്കാഗോയിലെ കലാകാരന്മാരുടെ അതിസുന്ദരവും, നയനാന്ദകരവുമായ നൃത്യനൃത്തങ്ങളും ഫാമിലി നൈറ്റ് അത്യന്തം വര്‍ണശബളമായി. സംഘാടകരായ സ്റ്റാന്‍ലി കളരിക്കാമുറി, സിനു പാലക്കാത്തടം എന്നിവരുടെ ആകര്‍ഷണീയമായ അവതരണശൈലിയും, കലാപരിപാടികളുടെ അവതാരികയായ നിഷ എറിക്കിന്റെ അവതരണചാരുതയും കൂടിയായപ്പോള്‍ ഫാമിലി നൈറ്റ് ഉജ്ജ്വലമായി. കൈരളി കാറ്ററിങ് ഒരുക്കിയ വിഭവസമൃദ്ധമായ അത്താഴംകൂടിയായപ്പോള്‍ സമ്മേളനം അതീവ സ്വാദിഷ്ടമായി.

റിപ്പോര്‍ട്ട്: രവിശങ്കര്‍