വീടിന് തീപിടിച്ച് പേരക്കുട്ടികൾ മരിച്ചു; രക്ഷപെട്ട മുത്തശി ജയിലിൽ
Saturday, November 17, 2018 6:40 PM IST
വെക്കൊ (ടെക്സസ്): തീപിടിച്ച വീട്ടിൽ നിന്നും നാലും രണ്ടും വയസുള്ള പേരകുട്ടികളെ രക്ഷപ്പെടുത്താൻ ശ്രമിക്കാതെ ഇറങ്ങിയോടിയ മുത്തശിയെ പോലീസ് അറസ്റ്റു ചെയ്തു.

ടെക്സസിലെ വേക്കൊക്കു സമീപം നവംബർ രണ്ടിന് പുലർച്ചെ ആണ് സംഭവം. തീപിടിച്ച സമയം നാല്പത്തിനാലുകാരിയായ മുത്തശി ആൻഡ്രിയ ഉൾപ്പെടെ ആറു പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. 11 വയസുള്ള പെൺകുട്ടിയും മറ്റു രണ്ടു പേരും രക്ഷപ്പെട്ടതായി വെക്കോ അഗ്നിശമന സേനാ മേധാവി അറിയിച്ചു.

സ്മോക്ക് ഡിറ്റക്റ്റേഴ്സ് ഉണ്ടായിരുന്ന വീട്ടിൽ നിന്നും ശബ്ദം കേട്ടാണ് സമീപത്തുള്ള വീട്ടുകാർ വിവരം പോലീസിൽ അറിയിച്ചത്. അഗ്നിശമന സേനാംഗങ്ങൾ വീട്ടിൽ എത്തിയപ്പോൾ ഒരു കുട്ടി ക്ലോസറ്റിലും മറ്റേ കുട്ടി ശുചിമുറിയിലും അബോധാവസ്ഥയിലായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല.

‘റക്ക്‌ലസ് ഇഞ്ച്വറി റ്റു എ ചൈൽഡ്’ എന്ന വകുപ്പാണ് മുത്തശിക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റു ചെയ്ത ഇവരെ മെക് ലിനൻ കൗണ്ടി ജയിലിൽ അടച്ചു. 30,000 ഡോളർ ജാമ്യ സംഖ്യ നിശ്ചയിച്ചിട്ടുണ്ട്. വീടിനു മനപൂർവം തീവച്ചതാണോ എന്ന് പരിശോധിച്ചുവരുന്നതായി കൗണ്ടി അധികൃതർ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ