മലയാളം സൊസൈറ്റി സമ്മേളനം 11 ന്, സതീഷ് ബാബു പയ്യന്നൂർ മുഖ്യാതിഥി
Thursday, November 8, 2018 8:58 PM IST
ഹൂസ്റ്റൺ: ഹൂസ്റ്റൺ ആസ്ഥാനമായി മലയാള ബോധവത്ക്കരണവും ഭാഷയുടെ വളർച്ചയും ഉയർച്ചയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ നവംബർ മാസ സമ്മേളനം 11-ന് (ഞായർ) നടക്കും.

സ്റ്റാഫറ്ഡിലെ കേരളാ കിച്ചണ്‍ ഹാളിൽ നടത്തുന്ന സമ്മേളനത്തിൽ പ്രശസ്ത സാഹിത്യകാരൻ സതീഷ്ബാബു പയ്യന്നൂർ മുഖ്യാതിഥിയായിരിക്കും. "മാറുന്ന മലയാളം' എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. ഹൂസ്റ്റണിലെ സാമൂഹ്യ-സാഹിത്യപ്രതിഭകൾ ചടങ്ങിൽ പങ്കെടുക്കും.

നോവൽ, ചെറുകഥ, ലേഖനം എന്നീ വിഭാഗങ്ങളിൽ 30-ഓളം കൃതികൾ അദ്ദേഹത്തിന്‍റേതായിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ്, മലയാറ്റൂർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. വളരെ പ്രസിദ്ധമായ പേരമരം എന്ന ചെറുകഥാസമാഹാരത്തിന് അക്കാദമി അവാർഡും ഖമറുന്നീസയുടെ കൂട്ടുകാരി എന്ന കൃതിക്ക് മലയാറ്റൂർ അവാർഡും ലഭിച്ചു. വ്യത്യസ്തമായ അവതരണശൈലിയും കഥയിലുണ്ടാകുന്ന അപ്രതീക്ഷിതമായ വഴിത്തിരിവുകളും നാടകീയതയുമെല്ലാം അദ്ദേഹത്തെ വേറിട്ട ഒരു കഥാകൃത്താക്കി മാറ്റുന്നു.

എല്ലാമാസത്തിന്‍റെയും രണ്ടാം ഞായറാഴ്ച നടത്തുന്ന സമ്മേളനത്തിൽ സാഹിത്യ-സാംസ്കാരിക വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്തുന്നു. എഴുത്തുകാരും ഭാഷാസ്നേഹികളും പങ്കെടുക്കുന്ന സമ്മേളനത്തിൽ ഓരോരുത്തരും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിരൂപണങ്ങളും കൈമാറുന്നു. അമേരിക്കയിൽ ഭാഷ എങ്ങനെ നിലനിർത്താമെന്നും വളർത്താമെന്നും ചിന്തിക്കുന്നു.

ഭാഷയിലുണ്ടാകാവുന്ന, ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ മനസിലാക്കുന്നത് എഴുത്തുകാർക്കും ഭാഷാസ്നേഹികൾക്കും ഏറെ പ്രയോജനപ്രദമായിരിക്കുമെന്ന് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഹൂസ്റ്റണിലെത്തിയ സതീഷ്ബാബു പയ്യന്നൂർ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്:ജോർജ് മണ്ണിക്കരോട്ട്