വിശുദ്ധ മൂറോൻ അഭിഷേക കൂദാശക്ക് ഒരുങ്ങി ഹൂസ്റ്റണിലെ സെന്‍റ് മേരീസ് യാക്കോബായ ദേവാലയം
Thursday, November 8, 2018 8:33 PM IST
ഹൂസ്റ്റൺ: പരിശുദ്ധ കന്യാമറിയത്തിന്‍റെ നാമത്തിൽ 1977 അമേരിക്കയിലെ ഹൂസ്റ്റണിൽ സ്ഥാപിതമായ സെന്‍റ് മേരീസ് യാക്കോബായ ദേവാലയം ഇന്ന് ഒരു ചരിത്ര മുഹൂർത്തത്തിന് ഒരുങ്ങുകയാണ്. വിശ്വാസികളുടെ ചിരകാല സ്വപ്നമായ പുതിയ ദേവാലയത്തിന്‍റെ മൂറോൻ അഭിഷേക കൂദാശ യാക്കോബായ സുറിയാനി സഭയുടെ അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയാർക്കൽ വികാരിയുമായ എൽദോ മാർ തീത്തോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ ഡിസംബർ 14, 15 (വെള്ളി ,ശനി ) തീയതികളിൽ നടക്കും.

കേരളത്തിലെ യാക്കോബായ ദേവാലയങ്ങളുടെ രൂപഭംഗി അതേപടി ഉൾക്കൊണ്ടുകൊണ്ട് പ്രശസ്ത ദേവാലയ ശിൽപ്പകലാ പ്രവീണൻ തിരുവല്ല ബേബിയുടെ രൂപകല്പനയിലാണ് പള്ളിയുടെ മദ്‌ബഹായും അനുബന്ധ പണികളും നടത്തിയിട്ടുള്ളത് .

കേരളത്തിൽ നിന്നെത്തിച്ച ശില്പചാരുതയുള്ള പതിനെട്ടടിയോളം ഉയരമുള്ള കൽകുരിശ്,സ്വർണ കൊടിമരം തുടങ്ങി ദേവാലയത്തിന്‍റെ മുന്നിൽ സ്ഥാപിച്ചിട്ടുള്ള കുരിശിൻത്തൊട്ടി എന്നിവ അമേരിക്കയിലെ ദേവാലയങ്ങളിൽ ഇത് നടാടെയാണ്.

ദേവാലയത്തിന്‍റെ ഉൾഭാഗത്തു ഇരുവശത്തുമുള്ള ജനാലകളിൽ യേശുക്രിസ്തുവിന്‍റെ പന്ത്രണ്ട് അത്ഭുത പ്രവർത്തികളുടെ ചായമടിച്ച ചില്ലുകളും പിൻഭാഗത്തായി പ്രശസ്ത ചിത്രകാരൻ പല്മ വെച്ചിയോ എഡി 1532 ൽ ചെയ്ത പരിശുദ്ധ കന്യാമറിയത്തിന്‍റെ സ്വർഗാരോപണത്തെയും വിശുദ്ധ സൂറോനൊയെയും ആസ്പദമാക്കിയ ചിത്രം പുനഃസൃഷ്ടിച്ചിരിക്കുന്നു. ഏകദേശം തൊള്ളായിരം ചതുരസ്‌ത്ര അടിയിലാണ് ചിത്രം ചെയ്തിട്ടുള്ളത്‌.

രണ്ട്‌ ദിവസങ്ങളിൽ ആയിട്ടാണ് മൂറോൻ അഭിഷേക കൂദാശ നടത്തപ്പെടുന്നത്.പരിശുദ്ധ കന്യാമറിയത്തിന്‍റെ നാമത്തിലുള്ള ദേവാലയത്തിന്‍റെ മൂറോൻ അഭിഷേക കൂദാശയിൽ പങ്കെടുക്കാനും അതുവഴി അനുഗ്രഹം പ്രാപിക്കാനും എല്ലാ വിശ്വാസികളെയും കർത്തൃനാമത്തിൽ ഇടവക ഭാരവാഹികൾ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഫാ. പ്രദോഷ് മാത്യു (വികാരി) 405- 638-5865, ചാണ്ടി തോമസ് (സെക്രട്ടറി ) 832-692-3592, സോണി എബ്രഹാം (ട്രഷറർ) 832-633-5970.

റിപ്പോർട്ട്: ജീമോൻ റാന്നി