ഫ്യൂണറല്‍ ഹോമിന്റെ സീലിംഗില്‍ നിന്ന് കണ്ടെടുത്തത് പതിനൊന്നു ശിശുക്കളുടെ ശരീരം
Sunday, October 14, 2018 2:54 PM IST
ഡിട്രോയിറ്റ്: ഡിട്രോയിറ്റിലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച ഫ്യൂണറല്‍ ഹോമിന്റെ സീലിംഗില്‍ നിന്നും പതിനൊന്നു ശിശുക്കളുടെ മൃതദേഹം കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഒക്‌ടോബര്‍ 12-നു വെള്ളിയാഴ്ച ഫ്യൂണറല്‍ ഹോം വാങ്ങിയ ഉടമസ്ഥനാണ് ഞെട്ടിക്കുന്ന വിവരം പോലീസിനെ വിളിച്ച് അറിയിച്ചതെന്നു ഡിട്രോയിറ്റ് പോലീസ് അധികൃകര്‍ വെളിപ്പെടുത്തി. കാസ്‌കറ്റുകളിലും, പെട്ടികളിലുമായാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചതെന്നു ഉടമസ്ഥന്‍ നവീദ് സെയ്ദ് പറഞ്ഞു.

എത്രകാലമായി ഇതു ഇവിടെ സൂക്ഷിച്ചിരുന്നുവെന്നത് പോലീസ് അന്വേഷിച്ചുവരുന്നു. ഈവര്‍ഷം ഏപ്രിലിലാണ് ഫ്യൂണറല്‍ ഹോം അടച്ചുപൂട്ടിയത്. ശരിയായ രീതിയില്‍ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്തിരുന്നതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് അടച്ചുപൂട്ടലിനു കാരണമായത്. ഫ്യൂണറല്‍ ഹോം, കമ്യൂണിറ്റി സെന്ററായി മാറ്റുന്നതിനുള്ള പണികള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ കണ്ടെത്തല്‍.

മിഷിഗണ്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈസന്‍സിംഗ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്‌സ് (എല്‍.എ.ആര്‍.എ ) സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍