ഓവർ ടൈം ജോലിചെയ്ത് ഇന്ത്യൻ അമേരിക്കൻ വംശജന്‍ നേടിയത് 539098 ഡോളർ
Thursday, October 11, 2018 9:10 PM IST
ന്യുയോർക്ക്: ഇന്ത്യൻ അമേരിക്കൻ വംശജനായ ബവേഷ് പട്ടേല്‍, ഒരു വർഷം ഓവർ ടൈം ജോലി ചെയ്ത് സ്വന്തമാക്കിയത് 5 ലക്ഷത്തി മുപ്പത്തി ഒന്പതിനായിരം ഡോളർ. സിറ്റി ഡിപ്പാർട്ട്മെന്‍റിലെ എൻവയൺമെന്‍റൽ പ്രൊട്ടക്‌ഷൻ വിഭാഗത്തില്‍ സ്റ്റേഷനറി എൻജിനിയറാണു ബവേഷ് പട്ടേല്‍.

2086 റഗുലർ മണിക്കൂറുകൾക്കു പുറമെ 1992 മണിക്കൂറാണ് ഓവർ ടൈമായി ജോലി ചെയ്തത്. 52 ആഴ്ച ഏകദേശം 72 മണിക്കൂർ വീതമാണ് ജോലി ചെയ്തത്. സാധാരണ 40 മണിക്കൂറാണ് ഒരാഴ്ചയിലെ ജോലി സമയം കണക്കാക്കിയിരിക്കുന്നത്.ജീവനക്കാരുടെ ലഭ്യത കുറവാണ് ഓവർ ടൈം അനുവദിക്കുവാൻ കാരണമെന്ന് ഡിപ്പാർട്ട്മെന്‍റിലെ എൻവയൺമെന്‍റൽ പ്രൊട്ടക്‌ഷൻ വക്താവ് ടെഡ് ടിംബേഴ്സ് പറഞ്ഞു.

207 സ്റ്റേഷൻ എൻജിനിയർമാരിൽ 99 പേർ 400 മണിക്കൂർ വീതം ഒരു വർഷം അധിക സമയം ജോലി ചെയ്തതായി കണക്കാക്കിയിട്ടുണ്ട്. 37 പേർ ഓവർ ടൈം വകയിൽ 100,000 ഡോളർ വീതം നേടിയതായും ടെഡ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ