പ്രഥമ എക്സലന്‍സി അവാര്‍ഡ് സെന്‍റ് ജോര്‍ജ് മുരിക്കാശേരി യാക്കോബായ പള്ളി വനിതാ സമാജത്തിന്
Saturday, May 13, 2023 2:20 AM IST
ജോസ് കുമ്പിളുവേലില്‍
കോപ്പന്‍ഹേഗന്‍: മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് യൂറോപ്പ് ഭദ്രാസന വനിതാ സമാജം നല്‍കുന്ന പ്രഥമ എക്സലന്‍സി അവാര്‍ഡ് സെന്റ് ജോര്‍ജ് മുരിക്കാശേരി യാക്കോബായ സുറിയാനി പള്ളി വനിതാ സമാജ യൂണിറ്റിന് ലഭിച്ചു. ഒരു ലക്ഷം രൂപയും ട്രോഫികളും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മലങ്കര സഭയിലെ പള്ളികളുടെ അപേക്ഷകളില്‍ നിന്ന് പ്രത്യേക ജൂറി തെരഞ്ഞെടുക്കുന്നവരാണ് അവാര്‍ഡിന് അര്‍ഹരാകുന്നത്. വിവിധ നിലയിലുള്ള പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് മികച്ച യൂണിറ്റിനെ കണ്ടെത്തിയത്.

ഫാ. ജോഷി വെട്ടുകാട്ടില്‍, ഫാ. പോള്‍ പി ജോര്‍ജ്, ഫാ.എല്‍ദോസ് വട്ടപ്പറമ്പില്‍ യൂറോപ്പ് വിമന്‍സ് ഫോറം ഭാരവാഹികളായ വിന്‍സി ചെറിയാന്‍ (സെക്രട്ടറി), സിന്ധു എബിജിന്‍ (ട്രഷറര്‍), ജെസ്സി തുരുത്തുമ്മേല്‍ (ജോ. സെക്രട്ടറി ), പ്രനിത തോമസ് (ജോ. ട്രഷറര്‍ ), ഡെനിമോള്‍ സാറ ജോസ് (ഐ ടി കോ. ഓര്‍ഡിനേറ്റര്‍ ) ബെന്‍സി ജോര്‍ജ് (ഐ ടി കോ. ഓര്‍ഡിനേറ്റര്‍ ) സീന ചാക്കോ ( ഐ ടി കോ. ഓര്‍ഡിനേറ്റര്‍ ) തുടങ്ങി പത്തു പേരടങ്ങിയതായിരുന്നു ജൂറി.

മേയ് മാസം 9ന് തൂത്തുട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രത്തില്‍ നടക്കുന്ന അഖില മലങ്കര മര്‍ത്തമറിയം ദേശീയ സമ്മേളനത്തില്‍ യൂറോപ്പ് വനിതാ സമാജ പ്രസിഡന്‍റ് അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് തിരുമേനിയും അഖില മലങ്കര വനിതാ സമാജ പ്രസിഡന്റ് അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്സിനോസ് തിരുമേനിയും ചേര്‍ന്ന് അവാര്‍ഡ് മുരിക്കാശേരി സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി മര്‍ത്തമറിയം വനിതാ സമാജ യൂണിറ്റിന് നല്‍കും.