ജര്‍മനിയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ധിച്ചു
Saturday, February 4, 2023 3:58 PM IST
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍:ജര്‍മ്മനിയിലെ തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ഷത്തിന്റെ തുടക്കത്തില്‍ ജനുവരിയില്‍ 2.616 ദശലക്ഷമായി ഉയര്‍ന്നതായി ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സി മേധാവി ആന്ത്രയ നാലെസ് വെളിപ്പെടുത്തി.

ഡിസംബറിനേക്കാള്‍ 1,62,000 പേര്‍ക്കും 2022 ജനുവരിയിലേതിനേക്കാള്‍ 1,54,000 പേര്‍ക്കും കൂടുതലായി. ന്യൂറംബര്‍ഗിലെ ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സിയാണ് ഇത് പ്രഖ്യാപിച്ചത്. തൊഴിലില്ലായ്മ നിരക്ക് 0.3 പോയിന്റ് ഉയര്‍ന്ന് 5.7 ശതമാനത്തിലെത്തി.

ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങളുടെ ഫലങ്ങള്‍ ഇപ്പോഴും പ്രകടമാണ്. ജര്‍മ്മനിയില്‍ എല്ലായിടത്തും ജീവനക്കാരുടെ കുറവുണ്ട്. മറുവശത്ത്, ലക്ഷക്കണക്കിന് തൊഴിലില്ലാത്തവരുണ്ട്, അവരില്‍ പലരും വര്‍ഷങ്ങളായി തൊഴിലില്ലാത്തവരാണ്.

അതേസമയം വര്‍ഷത്തിന്റെ തുടക്കത്തില്‍, തൊഴിലാളികളുടെ ആവശ്യം ചെറുതായി കുറഞ്ഞു, എന്നാല്‍ മൊത്തത്തില്‍ ഉദ്യോഗസ്ഥരുടെ ആവശ്യം താരതമ്യേന ഉയര്‍ന്ന തലത്തില്‍ സ്ഥിരതയുള്ളതാണ്. 7,64,000 ജോലികള്‍ ഫെഡറല്‍ ഏജന്‍സിയില്‍ രജിസ്ററര്‍ ചെയ്തിട്ടുണ്ട്.

ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 27,000 എണ്ണം കുറവാണ്.കാലാനുസൃതമായി നോക്കുമ്പോള്‍, ഏജന്‍സിക്ക് റിപ്പോര്‍ട്ട് ചെയ്ത ജോലികളുടെ എണ്ണം മുന്‍ മാസത്തെ അപേക്ഷിച്ച് 2,000 വര്‍ദ്ധിച്ചു.