റ​ഷ്യ​യി​ൽ​നി​ന്ന് ജ​ർ​മ​നി​യി​ലേ​ക്കു​ള്ള വാ​ത​ക പൈ​പ്പ് ലൈ​നി​ൽ ചോ​ർ​ച്ച
Friday, September 30, 2022 5:45 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ബെ​ർ​ലി​ൻ: റ​ഷ്യ​യി​ൽ​നി​ന്ന് ജ​ർ​മ​നി​യി​ലെ ഗ്രി​ഫ്സ്വാ​ൾ​ഡ് ന​ഗ​ര​ത്തി​ലേ​ക്കു​ള്ള പ്ര​കൃ​തി​വാ​ത​ക പൈ​പ്പ് ലൈനു​ക​ളി​ൽ ര​ണ്ടി​ട​ത്ത് ചോ​ർ​ച്ച ക​ണ്ടെ​ത്തി. റ​ഷ്യ​യി​ൽ​നി​ന്നും യൂ​റോ​പ്പി​ലേ​ക്കു​ള്ള പ്ര​ധാ​ന പ്ര​കൃ​തി​വാ​ത​ക പൈ​പ്പ് ലൈ​നു​ക​ളാ​ണി​വ. വൈ​ബോ​ർ​ഗ്, ഉ​സ്റ്റ് ലു​ഗാ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന് ബാ​ൾ​ട്ടി​ക് ക​ട​ലി​ലൂ​ടെ​യാ​ണ് ജ​ർ​മ​നി​യി​ലെ​ത്തു​ന്ന​ത്.

സെ​ൻ​റ് പീ​റ്റേ​ഴ്സ്ബ​ർ​ഗി​ന​ടു​ത്തു​ള്ള റ​ഷ്യ​ൻ തീ​രം മു​ത​ൽ വ​ട​ക്കു​കി​ഴ​ക്ക​ൻ ജ​ർ​മ​നി​വ​രെ ബാ​ൾ​ട്ടി​ക് ക​ട​ലി​ന​ടി​യി​ൽ 1,200 കി​ലോ​മീ​റ്റ​ർ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​താ​ണ് ഈ ​പൈ​പ്പ് ലൈ​ൻ ശൃം​ഖ​ല. ഒ​ന്ന് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ റ​ഷ്യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ചു. പി​ന്നീ​ട് ഇ​തു​വ​രെ​യും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കി​യി​ട്ടി​ല്ല.

ര​ണ്ടാം പൈ​പ്പ് ലൈ​നി​ലൂ​ടെ​യു​ള്ള വാ​ത​ക വി​ത​ര​ണം, യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ റ​ഷ്യ നി​ർ​ത്തി​വെ​ച്ചി​രു​ന്നു. നി​ല​വി​ൽ ഈ ​ര​ണ്ട് പൈ​പ്പ് ലൈ​നു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ലും അ​വ ര​ണ്ടി​ലും ഇ​പ്പോ​ഴും വാ​ത​കം നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

ചോ​ർ​ച്ച ക​ണ്ടെ​ത്തു​ന്ന​തി​ന് മു​ന്പ് ക​ട​ലി​ന​ടി​യി​ൽ ര​ണ്ട് സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി സ്വീ​ഡി​ഷ് ദേ​ശീ​യ ഭൂ​ക​ന്പ ശൃം​ഖ​ല അ​റി​യി​ച്ചു.

റ​ഷ്യ സൃ​ഷ്ടി​ച്ച ചോ​ർ​ച്ച​യാ​ണെ​ന്നും യൂ​റോ​പ്പി​ലേ​ക്കു​ള്ള ഇ​ന്ധ​ന വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും യു​ക്രെ​യ്ൻ പ്ര​സി​ഡ​ൻ​റി​ന്‍റെ ഉ​പ​ദേ​ഷ്ടാ​വ് മൈ​ഖൈ​ലോ പോ​ഡോ​ലി​യാ​ക് ആ​രോ​പി​ച്ചു. ചോ​ർ​ച്ച അ​ട്ടി​മ​റി​യാ​ണെ​ന്ന് പോ​ള​ണ്ടി​ലെ​യും ഡെ​ൻ​മാ​ർ​ക്കി​ലെ​യും നേ​താ​ക്ക​ളും വി​ദ​ഗ്ധ​രും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. അ​ട്ടി​മ​റി​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി യൂ​റോ​പ്യ​ൻ യൂ​ണിയ​ൻ വി​ദേ​ശ​കാ​ര്യ ന​യ മേ​ധാ​വി ജോ​സ​പ് ബൊ​റെ​ൽ, നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജെ​ൻ​സ് സ്റേ​റാ​ൾ​ട്ട​ൻ​ബ​ർ​ഗ് എ​ന്നി​വ​രും പ​റ​യു​ന്നു.