കൊച്ചിൻ കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന പരിശീല പദ്ധതി "കേരളീയം'
Saturday, June 18, 2022 7:24 AM IST
ലണ്ടൻ: കേരളത്തിന്‍റെ സാംസ്കാരിക തനിമയെയും പൈതൃകത്തെയും കലാ-നൃത്ത രൂപങ്ങങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന പരിശീലന പദ്ധതിയാണ് "കേരളീയം'

കൊച്ചിൻ കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന ഈ പദ്ധതി യുകെയിലും യൂറോപ്പിലുമുള്ള സ്വദേശിയർക്കും വിദേശിയർക്കും കേരളീയ കലകളും നൃത്ത രൂപങ്ങളും മറ്റു ഇന്ത്യൻ കലകളും പരിചയപ്പെടാനും ആസ്വദിക്കാനും അഭ്യസിക്കാനും അത് വിവിധ വേദികളിൽ അവതരിപ്പിക്കാനും അവസരമൊരുക്കുന്നു.

ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പദ്ധതിയിൽ യുകെയിൽ നിന്ന് കേരളത്തിലെ കലാ-നൃത്ത സാംസ്കാരിക രംഗങ്ങളിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാം. യൂറോപ്പിലും ഇന്ത്യയിലും നിന്നുള്ള പ്രഗൽഭരായ കലാ, നൃത്ത അധ്യാപകർ ഈ പദ്ധതിക്ക് മേൽ നോട്ടം വഹിക്കുകയും പരിശീലനം നൽകുകയും ചെയ്യും. പരിശീലനത്തിനൊടുവിൽ, ലണ്ടൻ അടക്കമുള്ള യുകെയിലെ തിരഞ്ഞെടുക്കപ്പെട്ട വേദികളിൽ കേരളത്തിൽ നിന്നുള്ള പ്രശസ്തരായ കലാകാരന്മാർ, സിനിമ താരങ്ങൾ, ചലച്ചിത്ര പിന്നണി ഗായകർ തുടങ്ങിയവരെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന "കേരളീയം' മെഗാ മേളകളിൽ, പരിശീലനം സിദ്ധിച്ച നൂറു കണക്കിനു കലാകാരന്മാർ സ്വദേശിയരും വിദേശികളുമായ കാണികൾക്കു മുന്നിൽ കേരളീയ കലാ നൃത്ത രൂപങ്ങൾ അവതരിപ്പിക്കും. വ്യക്തികൾക്കും അസോസിയേഷനുകൾക്കും ഈ മെഗാ മേളയിൽ പങ്കാളികളാകാം.

കേരളീയ തനതു കലാ രൂപങ്ങളായ കഥകളി, മോഹിനിയാട്ടം, തെയ്യം, സംഗീതം, ഓട്ടം തുള്ളൽ, കളരിപ്പയറ്റ്, മാപ്പിളപാട്ട്, ഒപ്പന, മാർഗംകളി, തിരുവാതിര, ചെണ്ടമേളം തുടങ്ങിയവയും മറ്റു ഭാരതീയ നൃത്ത കലാ രൂപങ്ങളായ ഭരതനാട്യം, കുച്ചുപ്പുടി, കഥക് , ഒഡിസി തുടങ്ങിയവയും ഒപ്പം ബോളിവുഡ് / സിനിമാറ്റിക് നൃത്തങ്ങളും അഭിനയവും പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കലാ രൂപങ്ങളെല്ലാം സ്വദേശിയർക്കും വിദേശിയർക്കും പരിചയപ്പെടാനും അഭ്യസിക്കാനും അവതരിപ്പിക്കാനും കലാഭവൻ ലണ്ടൻ അവസരമൊരുക്കുന്നു.

കേരളീയ കലകളും സംസ്കാരവും ലോകത്തിനു പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും അനുഭവ വേദ്യമാക്കുകയും ചെയ്യുന്ന ഈ മെഗാ പരിപാടിയിൽ കലാഭവൻ ലണ്ടനോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ പ്രോഗ്രാം കോഓർഡിനേറ്റർമാരെ സംഘാടകർ ക്ഷണിച്ചു.

കേരളീയ സാംസ്കാരിക രംഗങ്ങളിലും കലകളിലും പങ്കെടുക്കാനും പ്രചരിപ്പിക്കാനും താല്പര്യമുള്ളവർക്ക് സ്വാഗതം. യുകെയിലും യൂറോപ്പിലുമുള്ള നൃത്ത-കലാ അധ്യാപകർ, മ്യൂസിക്, ഡാൻസ് സ്‌കൂളുകൾക്കും ഈ പദ്ധതിയുമായി സഹകരിക്കാവുന്നതാണ്.

വിവരങ്ങൾക്ക്:
Kalabhavan London
Academy of Music & Performing Arts
[email protected]
Tel :07841613973