എയ്ൽസ്ഫോർഡ്: കർമ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താൽ പ്രസിദ്ധവും വിശുദ്ധ സൈമണ്‍ സ്റ്റോക്കിന്റെ കർമഭൂമിയുമായിരുന്ന എയ്ൽസ്ഫോർഡിന്റെ പുണ്യഭൂമിയിലേക്ക് വിശ്വാസികൾ തീർഥാടനമായി എത്തിയപ്പോൾ അനുഗ്രഹമാരി ചൊരിഞ്ഞ് പ്രകൃതിയും.
ചന്നം പിന്നം ചാറ്റൽ മഴ എയ്ൽസ്ഫോർഡിന്റെ അന്തരീക്ഷമാകെ നിറഞ്ഞു നിന്നപ്പോഴും പ്രതികൂല കാലാവസ്ഥയിലും ദൈവിക അഭിഷേകം സ്വീകരിക്കാനെത്തിയവർ അനിർവചനീയ ആത്മീയ അനുഭവത്താൽ ധന്യരായി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 ശനിയാഴ്ച നടന്ന നാലാമത് ’എയ്ൽസ്ഫോർഡ് മരിയൻ തീർഥാടനമാണ്’ പ്രതികൂലകാലാവസ്ഥയിലും ആത്മീയ ആഘോഷമായി മാറിയത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാന്പിക്കൽ നേതൃത്വം നൽകിയ തീർഥാടനത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി വൈദികരും സമർപ്പിതരും വിശ്വാസികളുമായി നിരവധി പേരാണ് പങ്കെടുത്തത്.
മഴയൊഴിയാതിരുന്ന ദിനത്തിൽ റെലിക് ചാപ്പൽ, ക്വയർ ചാപ്പൽ, സെന്റ് ജോസഫ് ചാപ്പൽ, സെന്റ് ആൻ ചാപ്പൽ എന്നിവിടങ്ങളിലും വിശാലമായ ഓപ്പണ്‍ എയർ പിയാസയിൽ കുട ചൂടിയും വിശ്വാസികൾ തിരുകർമങ്ങളിൽ പങ്കുകൊണ്ടു.
ഉച്ചക്ക് 12 മണിയോടുകൂടി സ്വർഗാരോപിത മാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്നിൽ പരിശുദ്ധ ജപമാലയോടുകൂടി തിരുനാൾ തിരുകർമങ്ങൾക്ക് തുടക്കമായി. കർമലമാതാവിനെ തോളിൽ സംവഹിച്ചുകൊണ്ട് രൂപതയിലെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ ജപമാല പ്രാർഥനയിൽ രൂപതാധ്യക്ഷനോടൊപ്പം വിശ്വാസസമൂഹം ഒന്നടങ്കം പങ്കു ചേർന്നു. തുടർന്ന് അഭിവന്ദ്യ പിതാവിനോടൊപ്പം മോണ്‍സിഞ്ഞോർ ജോർജ് ചേലക്കൽ, മോണ്‍സിഞ്ഞോർ ജിനോ അരീക്കാട്ട്, ഒപ്പം രൂപതയിലെ മറ്റു വൈദികരും ചേർന്ന് ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ചു. ലോകം വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ വിശ്വാസം മുറുകെപ്പിടിക്കുവാനും പ്രതിസന്ധികളിൽ കർമലമാതാവിന്റെ സംരക്ഷണം തേടുവാനും രൂപതാധ്യക്ഷൻ തന്റെ തിരുനാൾ സന്ദേശത്തിൽ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
വിശുദ്ധ കുർബാനയ്ക്കുശേഷം കർമലമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ട് ചെണ്ടമേളത്തിന്റെ അകന്പടിയോടുകൂടി ഹ്രസ്വമായി നടത്തിയ തിരുനാൾ പ്രദിക്ഷണത്തിൽ അഭിവന്ദ്യ പിതാവിനൊപ്പം വിശ്വാസികൾ ഭക്തിപൂർവം പങ്കു ചേർന്നു. സമാപന അശീർവാദത്തിനുശേഷം നേർച്ചകാഴ്ചകൾ സമർപ്പിക്കുവാനും കഴുന്ന്, മുടി, അടിമ എന്നിവയ്ക്കും സൗകര്യം ഒരുക്കിയിരുന്നു. തിരുക്കർമങ്ങൾക്ക് ശേഷം തീർഥാടനത്തിനെത്തിയ മുഴുവൻ ആളുകൾക്കും സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു.
ലണ്ടൻ റീജണിലെ വിവിധ മിഷനുകളുടെ സഹകരണത്തോടെ നടത്തിയ തീർഥാടനത്തിന് ലണ്ടൻ റീജണ്‍ ഡയറക്ടറും ചീഫ് കോ-ഓർഡിനേറ്ററുമായ റവ. ഫാ. ടോമി എടാട്ട്, കോ-ഓർഡിനേറ്റർമാരായ ബിനു മാത്യു, ജിനു ജോസ്, ഒപ്പം റീജണൽ ഭാരവാഹികൾ, മിഷൻ ട്രസ്റ്റിമാർ, കമ്മറ്റി അംഗങ്ങൾ, വിമൻസ് ഫോറം, സണ്‍ഡേ സ്കൂൾ അധ്യാപകർ എന്നിവർ നേതൃത്വം നൽകി. തീർഥാടനത്തിനുവേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി തന്ന എയ്ൽസ്ഫോർഡ് പ്രയറിയിലെ ഫാ. ഫ്രാൻസിസ്, മറ്റു വൈദികർ, പ്രതികൂല സാഹചര്യങ്ങളുടെ നടുവിലും വിശ്വാസ തീഷ്ണതയിൽ തീർഥാടനത്തിനെത്തിയവർ, തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിച്ച കമ്മറ്റി അംഗങ്ങൾ, എല്ലാവരോടും നന്ദി അറിയിക്കുന്നതായി ഫാ. ടോമി എടാട്ട് പറഞ്ഞു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മെയ് മാസം നടക്കേണ്ടിയിരുന്ന തീർഥാടനമാണ് ശനിയാഴ്ച നടന്നത്. അടുത്ത വർഷത്തെ ’എയ്ൽസ്ഫോർഡ് തീർഥാടനം’ 2022 മെയ് 28 ശനിയാഴ്ച ആയിരിക്കും.