വിയന്ന: ഓസ്ട്രിയ ആസ്ഥാനമായി ആരംഭിച്ച മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) അഞ്ചാം വാർഷികവും സ്ഥാപക ദിനാഘോഷവും ശ്രദ്ധേയമായി. ഒരേ സമയം വിയന്നയിലെ, സൂം പ്ലാറ്റ് ഫോമിലൂടെയും സംഘടിപ്പിച്ച ആഘോഷ പരിപാടികൾ കേരളത്തിനെ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
150-ൽ പരം രാജ്യങ്ങളിൽ നിന്നുമുള്ള മലയാളകൾ പങ്കെടുത്ത ചടങ്ങിൽ 2021-ൽ മരണമടഞ്ഞ അംഗങ്ങളെ ഓർമ്മിച്ചു. സംഘടനയുടെ ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളികുന്നേൽ അധ്യക്ഷനായ ചടങ്ങിന് ഗ്ലോബൽ ജോയിന്റ് സെക്രട്ടറിയും പ്രോഗ്രാം കണ്‍വീണറുമായ ഹരീഷ് ജെ. നായർ സ്വാഗതം ആശംസിച്ചു.
ഗ്ലോബൽ കോർഡിനേറ്റർ ഡോ. ജെ. രത്നകുമാർ കഴിഞ്ഞ അഞ്ചു വർഷകാലം സംഘടനയുടെ വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് വിയന്നയിൽ ഗ്ലോബൽ ചെയർമാന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ചു വാർഷിക ആഘോഷങ്ങൾ ആരംഭിച്ചു. എംപിയും സംഘടനയുടെ രക്ഷാധികാരിയുമായ എൻ.കെ പ്രേമചന്ദ്രൻ അനുമോദന പ്രസംഗം നടത്തി.
തിരകഥാക്കൃത്തും നടനുമായ എസ്.എൻ സ്വാമി സംഘടനയുടെ യൂട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കേന്ദ്ര സർക്കാരിന്റെ ഉപദേശകനായി ഡോ. സി വി ആനന്ദ ബോസ് ഐഎഎസ് (വണ്‍ മാൻ എക്സ്പേർട്ട് കമ്മിഷൻ) സംഘടനയുടെ സ്ഥാപകദിനത്തോട് അനുബന്ധിച്ചുള്ള ഒൻപതു ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ എഴുതി തയ്യാറാക്കിയ അനുമോദന പ്രസംഗവും വേദിയിൽ വായിച്ചു. വിശിഷ്ടതിഥികളായ വരദരാജൻ (വൈസ് ചെയർമാൻ, നോർക്ക റൂട്സ്), സുജ സൂസൻ ജോർജ് (മലയാളം മിഷൻ ഡയറക്ടർ), മുരളി തുമ്മാരകുടി (യുഎൻ ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം തലവൻ, മെന്റർ ഡബ്ലിയു.എം.എഫ്), പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ (രക്ഷാധിക്കാരി ഡബ്ലിയു എം എഫ്), പൗലോസ് തേപ്പാല (ഗ്ലോബൽ സെക്രട്ടറി), സുനിൽ എസ്.എസ് (ഗ്ലോബൽ ട്രഷറർ), ഗ്ലോബൽ ക്യാബിനറ്റ്, ഉപദേശക സമിതി അംഗങ്ങൾ, സംഘടനയുടെ മറ്റു ഭൂഖണ്ഡങ്ങളിലെ കോർഡിനേറ്റർമർ തുടങ്ങിയവർ അനുമോദനങ്ങൾ അറിയിച്ചു.
പിന്നണി ഗായിക അപർണ രാജീവിന്റെ ലളിത ഗാനം, സിനിമ, മിമിക്രി താരം നിസാം കാലിക്കറ്റിന്റെ കോമഡി പരിപാടി അതുപോലെ ഡബ്യുഎംഎഫ്ഫിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരള സർക്കാർ മലയാളം മിഷൻ, ആഫ്രിക്കയിലെ വിദ്യാർഥികളുടെ കവിത പാരയണം എന്നിവ ആഘോഷങ്ങളുടെ മാറ്റു കൂട്ടി. പരിപാടിയുടെ ജോയിന്റ് കണ്‍വീനർ തോമസ് വൈദ്യൻ നന്ദി പ്രകാശിപ്പിച്ചതോടെ പരിപാടിയ്ക്ക് സമാപനമായി.
ജോബി ആന്റണി