രാമയ്യ കോളജിലെ മെയിൽ നഴ്സുമാരുടെ പൂർവവിദ്യാർഥി സംഗമം 24, 25, 26 തീയതികളിൽ
Thursday, September 23, 2021 2:04 PM IST
ഗ്ലോസ്റ്റർഷെയർ (ലണ്ടൻ) : രണ്ടര പതിറ്റാണ്ടിനുശേഷം ബാംഗളൂർ രാമയ്യ കോളജിൽ നിന്നും നഴ്സിംഗ് കഴിഞ്ഞ നൂറിലധികം നഴ്സുമാർ യുകെയിലുടനീളം ജോലി ചെയ്യുന്നുണ്ട്. 1994 - 97 ബാച്ചിലെ 30 നഴ്സുമാർ യുകെയിൽ മാത്രം ജോലി ചെയ്യുന്നു. ഇതിൽ 24 പേർ ചേർന്നാണ് പൂർവ വിദ്യാർഥി സംഗമം നടത്തുന്നത്.

സെപ്റ്റംബർ 24, 25, 26 തീയതികളിൽ യുകെയിലെ ഗ്ലോസ്റ്റർ ഷയറിലുള്ള ഓക് ലോഡ്ജിനെ രാമയ്യാ മെയിൽ നഴ്‌സ് ഹോസ്റ്റലായി മാറ്റാനുള്ള ചുറ്റുവട്ടങ്ങൾ അണിയറയിൽ സജ്ജമായി കഴിഞ്ഞു. ബംഗളുരുവിലെ 94-97 കാലഘട്ടം പുനരാവിഷ്കരിക്കുന്നതിന്‍റെ അക്ഷീണ പ്രയ്തനത്തിലാണ് ബോബൻ ഇലവുങ്കലിന്‍റേയും മാത്യു വി. ജോസഫിന്‍റേയും നേതൃത്വത്തിലൂള്ള ടീം.

ഏറ്റവും കൂടുതൽ മെയിൽ നഴ്സുമാർ പഠിച്ചിറങ്ങിയ നഴ്സിംഗ് ബാച്ച് എന്ന സവിശേഷതകൂടിയുണ്ട് ഈ ബാച്ചിന്: സാധാരണ ഗതിയിൽ എല്ലാ കോളജിലും മെയിൽ നഴ്സ് ആനുപാതം മൊത്തം സീറ്റിന്‍റെ 10 ശതമാനം ആണെന്നിരിക്കലും ഞങ്ങളുടെ ബാച്ചിൽ 45 ആൺകുട്ടികൾ നഴ്സിംഗ് പഠിച്ചു എന്നത് ഒരു സർവല റിക്കാർഡ് ആയി നിലകൊള്ളുന്നു.

കൊണ്ടും കൊടുത്തും കളിച്ചും ചിരിച്ചും കൗമാരത്തിന്‍റെ പൂർണതയിലും ചിന്താധാരയിലെ ശരിതെറ്റുകളെ മനോധർമ്മം കൊണ്ടു നേരിട്ടും ജീവിത പന്ഥാവിൽ വഴിത്തിരിവായി യുവത്വത്തിന്‍റെ പ്രശോഭിതയിൽ ഒരുമിച്ച് ചിന്തിച്ചും പ്രവർത്തിച്ചും പഠിച്ചും ജോലി ചെയ്തും സഹവസിച്ചും ജീവിച്ച, ജീവിതത്തിലാദ്യമായി വീടുവിട്ട് , നാടുവിട്ട് ജീവിക്കുന്നതിന്‍റെ നൊമ്പരങ്ങളറിയാതെ കൗമാരത്തിന്‍റെ കുറവുകളെ പൊറുത്തും യുവത്വത്തിന്റെ പ്രസരിപ്പുകളെ പോഷിപ്പിച്ചും ജീവിച്ച രാമയ്യ മെയിൽ നഴ്സിംഗ് ഹോസ്റ്റലിലെ പ്രഥമ അന്തേവാസികൾ കൂടിയാണ് 94-97 ബാച്ചിലെ മെയിൽനഴ്സിംഗ് വിദ്യാർഥികൾ.

ഗ്ലാസ്ഗോ മുതൽ സൗത്താംപ്ടൺ വരെയുള്ള 94-97 ബാച്ചിലെ 23 മെയിൽ നഴ്സുമാരാണ് പൂർവ വിദ്യാർഥി സംഗമത്തിൽ ഒത്തുചേരുന്നത്. പരിഭവങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാനും സുഹൃദ് ബന്ധങ്ങൾ പുതുക്കലിനും അവലോകനങ്ങൾ നടത്താനുമായി ഒരുമിക്കുമ്പോൾ
തങ്ങളുടെ ഗതകാല സ്മരണകൾ അയവിറക്കുന്നതോടൊപ്പം, നഴ്സിംഗ് പഠന പൂർത്തീകരണത്തിന്‍റെ 25-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിക്കൽ കൂടിയാവും ഈ കൂടിച്ചേരൽ .

ജിമ്മി ജോസഫ്