ലൈവായി ശ്രുതിലയയുടെ ഓണാഘോഷം
Wednesday, August 25, 2021 4:44 PM IST
ന്യൂ ഡൽഹി: സാംസ്കാരിക സംഘടനയായ ശ്രുതിലയയുടെ ഓണാഘോഷം ഓഗസ്റ്റ് 22 നു വൈകുന്നേരം സൂമിലൂടെ "അവിട്ടം ദിന കലാസദ്യ' എന്ന പേരിൽ വൈവിധ്യമാർന്ന കലാപരിപാടികളോടെ അരങ്ങേറി. ശ്രുതിലയയും കിസാൻ മിത്രയും മലാളീയാണോ? ഡോട്ട് കോമും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.

ശ്രുതിലയ രഷാധികാരി കെ രഘുനാഥ്, ബാബു പണിക്കർ, പി എൻ ശ്രീകുമാർ ജയരാജ് നായർ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ ആനന്ദബോസ് ഐഎഎസ്, ശബ്‌ദ സന്ദേശത്തിലൂടെയാണ് ആശംസകൾ കൈമാറിയത്. കെ കെ രാധാകൃഷ്ണൻ, പ്രദീപ് സദാനന്ദൻ എന്നിവർ തത്സമയ പരിപാടികളുടെ മേൽനോട്ടം വഹിച്ചു. ഓൺലൈൻ പരിപാടികൾ സംപ്രേഷണം ചെയ്യുവാനുള്ള സാങ്കേതിക സംവിധാനം ജയരാജ് നായർ നിർവഹിച്ചു.

നാടൻപാട്ട് കലാകാരൻ രാമശേരി രാമൻകുട്ടിയുടെ നാടൻപാട്ട്, സത്ക്കലാ വിജയന്‍റെ തത്സമയ ചിത്രരചന, സിനിമ - മിമിക്രി താരങ്ങളായ അജീഷ് കോട്ടയവും റെജി രാമപുരവും അവതരിപ്പിച്ച മിമിക്രി എന്നിവ ആഘോഷ പരിപാടികൾക്ക് മിഴിവേകി. കെ. വിശ്വനാഥ പുലവരും സംഘവും അവതരിപ്പിച്ച തോൽപ്പാവക്കൂത്ത് എന്നിവ ആസ്വാദക ഹൃദയങ്ങളിൽ വേറിട്ട അനുഭവമായി.

ശ്രുതിലയയുടെ ഗായകസംഘത്തിലെ രാജീവ്, ഐശ്വര്യ, ശൈലേഷ് എന്നിവരുടെ ഓണപ്പാട്ടുകളോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി