അനേകായിരങ്ങൾക്ക് ആശ്വാസമേകുന്ന തിരുവചനവിരുന്നിന്‍റെ അവസാന ദിനങ്ങൾ ജൂൺ 5, 6 തീയതികളിൽ
Friday, June 4, 2021 7:29 PM IST
ന്യൂഡൽഹി: രാജ്യം മുഴുവൻ പ്രത്യേകിച്ച് തലസ്ഥാന നഗരമായ ഡൽഹി കോവിഡ് മഹാമാരിയുടെ പിടിയിൽ അമർന്നപ്പോൾ മരണഭീതിയുടെ മുൾമുനയിലായിരുന്ന ജനങ്ങൾക്ക് സമാശ്വാസവും സാന്ത്വനവും നൽകുന്നതിനായി ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ ഫരീദാബാദ് രൂപത സംഘടിപ്പിച്ച തിരുവചനവിരുന്ന് ഇനി രണ്ട് ദിനങ്ങൾ കൂടി മാത്രം.

മേയ് 15 മുതൽ ജൂൺ 6 (ഞായർ) വരെയുള്ള എല്ലാ ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6 ന് നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന തിരുവചനവിരുന്ന് മറ്റെന്നാൾ ഞായറാഴ്ചയോടെ സമാപിക്കും.

ജൂൺ 5 ന് ഫാ. വർഗീസ് ഇത്തിതറയും ജൂൺ 6 ന് ബ്രദർ സന്തോഷ് കരുമത്തറയും തിരുവചനവിരുന്ന് നയിക്കും. യൂട്യൂബ് ചാനലായ ട്രൂത്ത് ടൈഡിംഗ് സ് വഴി തൽസമയ സംപ്രേഷണം ചെയ്യും.

ഫാ.സേവ്യർഖാൻ വട്ടായിൽ, ഫാ. ഡൊമിനിക് വാളമനാൽ , ഫാ. മാത്യു ഇലവുങ്കൽ, ഫാ. കുര്യൻ കാരിക്കൽ , ഫാ. ബിനോയ് കരിമരുതുങ്കൽ, ഫാ. സോജി ഓലിക്കൽ , ജസ്റ്റിസ് കുര്യൻ ജോസഫ് എന്നീ പ്രശസ്ത വചന പ്രഘോഷകരാണ് തിരുവചനവിരുന്ന് എന്ന ധ്യാന ശുശ്രൂഷ നയിച്ചത്.

തിരുവചനവിരുന്നിലെ ദൈവ വചന പ്രഘോഷണവും പ്രാർഥന ശുശ്രൂഷയും വിശുദ്ധ ബലിയും മഹാമാരിയുടെ ബുദ്ധിമുട്ടിൽ കഴിയുന്ന അനേകായിരങ്ങൾക്ക് ആശ്വാസവും ഇതിനെ അതിജീവിക്കുവാനുള്ള പ്രചോദനവും നൽകി എന്ന് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര അഭിപ്രായപ്പെട്ടു. ഈ തിരുവചനവിരുന്ന് ഇതുവരെ നയിച്ചവരെ അദ്ദേഹം അഭിനന്ദിക്കുകയും ഇനിയുള്ള രണ്ടു ദിവസം എല്ലാവരും വചന ശുശ്രൂഷയിൽ പങ്കുകൊണ്ട് ശക്തിപ്പെടാൻ ആഹ്വാനം നൽകുകയും ചെയ്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്