ടെക്​ടാള്‍ജിയ 2021: തൃശൂര്‍ എൻജിനീയറിംഗ് കോളജ് പൂര്‍വവിദ്യാര്‍ഥികളുടെ സംഗമവും കലാവിരുന്നും
Friday, March 26, 2021 4:51 PM IST
തൃശൂര്‍ സർക്കാർ എൻജിനീയറിംഗ് കോളജ് പൂര്‍വവിദ്യാര്‍ഥികളുടെ സംഗമവും കലാവിരുന്നും ടെക്​ടാള്‍ജിയ 2021 എന്ന പേരില്‍ മാർച്ച് 21 ന് വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടന്നു. ലോകത്തെല്ലായിടത്തുനിന്നുമുള്ള പൂർവ്വ വിദ്യാർത്ഥികൾ കലാ പ്രകടനങ്ങൾ കാഴ്ചവച്ചു.

പൂർവ്വ വിദ്യാർഥി കൂടിയായ പ്രശസ്ത എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. അലൂംനി സെക്രട്ടറി ഡോ.പി.ടി. നൗഷാജാ സ്വാഗതവും അന്‍വര്‍ റഹ്മാന്‍ (അലൂംനി മിഡില്‍ ഈസ്റ്റ് ചാപ്റ്റര്‍) നന്ദിയും പറഞ്ഞു. പൂർവ്വ വിദ്യാർഥികളായ ഡോ. ടെസി തോമസ് (ഡയറക്ടര്‍ ജനറല്‍ ഓഫ് ഏറോനോട്ടിക്കല്‍ സിസ്റ്റംസ്, ഡിആർഡിഒ), ജോര്‍ജ് തോമസ് (അര്‍ജുന അവാര്‍ഡ് ജേതാവ്) വി.എന്‍. ശ്രീധരന്‍ നായര്‍ & ടി.സി. സരോജിനി (1962 ബാച്ചില്‍ എൻജിനീയറിംഗ് കോളജില്‍ നിന്നും പഠിച്ചിറങ്ങിയ ദമ്പതികള്‍) എന്നിവർ സംസാരിച്ചു.

90 കളിൽ കോളജിൽ പഠിക്കുമ്പോൾ രൂപീകരിച്ച Silhouette എന്ന മ്യൂസിക്ക് ബാൻഡിന്‍റെ സംഘാടകർ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലിരുന്ന് ഒത്തു ചേർന്ന്, വീണ്ടും ഒരു സംഗീത വിരുന്നൊരുക്കി.

കലിഫോർണിയയിലെ Bay Area യിൽ നിന്നുള്ള പൂർവ വിദ്യാർഥി ഗായക സംഘം, Tribute to Sreekumaran Thampi എന്ന പേരിൽ ഗാനങ്ങൾ ആലപിച്ചു. 60 കളുടെ ആദ്യത്തിൽ തമ്പി ഒരു വിദ്യാർഥിയായി കോളജിൽ ഉണ്ടായിരുന്നു.

ചിത്രകാരൻമാരായ രവീന്ദ്രനാഥ്, അരുൺ ജോർജ്, ധന്യ അജിത്ത്, സാജൻ കുമാർ എന്നിവർ അവരുടെ വൈവിധ്യമാർന്ന ചിത്ര രചനകളും ഹസീബ്, അഭിജിത്ത് എന്നിവർ ഫോട്ടോ കളക്ഷനുകളും അവതരിപ്പിച്ചു.

വിവിധ സ്ഥലങ്ങളിൽ നിന്ന് ഒരേ പാട്ടിന്, എട്ടു പേർ ഒറ്റയ്ക്ക് ചുവടുവച്ച തിരുവാതിരകളി, ഡിജിറ്റലായി ഇണക്കി ച്ചേർത്ത് ഒന്നിച്ചുള്ള ഇനമായി കുവൈറ്റ് പൂർവ വിദ്യാർഥി ചാപ്റ്റർ അവതരിപ്പിച്ചത് കൗതുകമുണർത്തി.

സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാക്കളായ മാനസി, ഋഷികേശൻ തുടങ്ങിയവർ അവരുടെ സാഹിത്യരചനകൾ അവതരിപ്പിച്ചു. ഖത്തർ ചാപ്റ്റർ അംഗങ്ങൾ അവതരിപ്പിച്ച നൃത്തം, Aliens എന്ന ഗാന പരിപാടി എന്നിവ ശ്രദ്ധേയമായി.

60 വർഷത്തിലേറെ നീളുന്ന കോളജിന്‍റെ ചരിത്രത്തിൽ എല്ലാ കാലത്തുമുണ്ടായിരുന്നവരെ പങ്കെടുപ്പിച്ച് ഇത്തരമൊര പരിപാടി നടത്താൻ, പുതിയ കാലത്തെ ഡിജിറ്റൽ വിനിമയ സംവിധാനങ്ങൾ വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്.

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍, വീ ഷാല്‍ ഓവര്‍കം FB പേജിലൂടെ നടത്തിയ പരിപാടികൾ അവതരിപ്പിച്ചത് പൂർവ്വവിദ്യാർഥിനി റെയ്മോള്‍ നിധീരിയാണ്. യുകെയിൽ നിന്നുളള സിനോജ് മുണ്ടക്കലിന്‍റെ നേതൃത്വത്തിലുള്ള ടീം സാങ്കേതിക സഹായം നിർവഹിച്ചു. അലൂംനി അസോസിയേഷൻ സെക്രട്ടറി പ്രഫ. കൃഷ്ണകുമാർ , യുകെ ചാപ്റ്റർ അലൂംനി അസോസിയേഷൻ പ്രതിനിധി, റെയ്മോൾ നിധീരി എന്നിവരാണ് പരിപാടിയുടെ കോർഡിനേറ്റർമാർ.

മാര്‍ച്ച് 27ന് (ശനി) നടക്കുന്ന രണ്ടാം ഭാഗം, തൃശൂര്‍ എൻജിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ഷീബ ഉദ്ഘാടനം ചെയ്യും. പ്രഫ. ടി. കൃഷ്ണകുമാര്‍ (അലൂംനി സെക്രട്ടറി) സ്വാഗതവും ഡോ. ഷീജ കൃഷ്ണന്‍ (അലൂംനി യുകെ) നന്ദിയും രേഖപ്പെടുത്തും.

പൂർവ്വ വിദ്യാർഥികളായ ഡോ. കെ. രാധാകൃഷ്ണന്‍ (ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍), വി. ടി. ബല്‍റാം എംഎല്‍എ​, സിനിമാ താരം ടി.ജി രവി, ടി.ആര്‍. അജയനും (കൈരളി ടിവി ഡയറക്ടര്‍) & ഭാര്യ ഭാഗ്യലക്ഷ്മി, എ. ഹേമചന്ദ്രന്‍ (കേരള മുന്‍ ഡിജിപി), ഡോ. അമിത് എംപി ഐ.എ.എസ് (തഞ്ചാവൂര്‍ അസിസ്റ്റൻറ് കളക്ടര്‍), സി.എസ്. മീനാക്ഷി (എഴുത്തുകാരി, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ്), സംഗമേശ്വരന്‍ മാണിക്യംഅയ്യര്‍ (സൈബര്‍ സെക്യൂരിറ്റി സ്പെഷിലിസ്റ്റ്), നരേന്ദ്രന്‍ മാനിക്കത്ത് (യു.എ.ഇ) എന്നിവർ സംസാരിക്കും.

21 ന് അവതരിപ്പിച്ച മുഴുവൻ പരിപാടികളും Cochin Kalabhavan London : We shall overcome FB പേജിൽ ലഭ്യമാണ്. 27 ന് അവതരിപ്പിക്കുന്ന പരിപാടികളും ലൈവ് ആയി ഇവിടെ കാണാവുന്നതാണ്.

Please click on this link for watching the part 1 https://fb.watch/4syQ8BK5Kz/