ലണ്ടൻ: പ്രവാസി മലയാളികളുടെ കുട്ടികളുടെ മലയാള ഭാഷാ പഠന സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുവാനായി, കേരള ഗവണ്‍മെൻറ് തുടക്കം കുറിച്ച മലയാളം മിഷന്റെ ഭാഗമായി ആരംഭിച്ച, മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കീഴിൽ പ്രവത്തിക്കുന്ന മുഴുവൻ പഠന കേന്ദ്രങ്ങളിലുമുള്ള കുട്ടികൾക്ക്, സർട്ടിഫിക്കറ്റ് കോഴ്സായ ’കണിക്കൊന്ന’യുടെ മൂല്യനിർണയമായ പഠനോത്സവം 2021 ഏപ്രിൽ 10 ന് നടത്തുന്നു. എല്ലാ മേഖലകളിലെയും പഠന കേന്ദ്രങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ പേരുകൾ അതാത് മേഖലകളിലെ കോർഡിനേറ്റർമാർക്ക് 2021 ഫെബ്രുവരി 10 നകം നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ് .
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുകയാണെങ്കിൽ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ആയിരിക്കും പഠനോത്സവം സംഘടിപ്പിക്കുന്നത്. വിശദാംശങ്ങൾ മേഖല കോർഡിനേറ്റർമാർ അതാത് മേഖലകളിൽ പ്രവർത്തിക്കുന്ന പഠന കേന്ദ്രങ്ങളിലെ പ്രധാന അധ്യാപകരെ അറിയിക്കുന്നതാണ്.
മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി.എ. ജോസഫ്, സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ധ സമിതി ചെയർമാൻ ജയപ്രകാശ് എസ്.എസ്, പ്രവർത്തക സമിതി കണ്‍വീനർ ഇന്ദുലാൽ സോമൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പഠനോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി രൂപം കൊടുക്കുന്ന പ്രത്യേക സമിതിയാണ് പഠനോത്സവത്തിന്റെ ചുമതല നിർവ്വഹിക്കുന്നത്.
മലയാളം മിഷൻ നാല് ഘട്ടങ്ങളായി നടത്തുന്ന കോഴ്സുകളുടെ പ്രാരംഭ സർട്ടിഫിക്കറ്റ് കോഴ്സ് ആയ ’കണിക്കൊന്ന’ യുടെ മൂല്യനിർണയമാണ് പഠനോത്സവം ആയി 2021 ഏപ്രിൽ 10ന് യുകെയിലെ പഠന കേന്ദ്രങ്ങളിൽ നടത്തുന്നത് .
പ്രവാസികളുടെ പുതുതലമുറയെ കേരളത്തിന്റെ സംസ്കാരവും ഭാഷയുമായി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കേരള ഗവണ്‍മെൻറ് സാംസ്കാരിക വകുപ്പിന്റെ കീഴിൽ മലയാളം മിഷൻ പ്രവർത്തിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് 42 രാജ്യങ്ങളിലും കേരളത്തിന് വെളിയിൽ 24 സംസ്ഥാനങ്ങളിലുമായി മലയാളം മിഷൻ പ്രവർത്തനങ്ങൾ ഇപ്പോൾ വ്യാപിച്ചിരിക്കുന്നു . ലോകമെന്പാടുമുള്ള പ്രവാസി മലയാളി സംഘടനകളുമായി സഹകരിച്ചുകൊണ്ടാണ് മലയാളം മിഷൻ ചാപ്റ്ററുകളുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.
യുകെയിലെ മലയാളം മിഷൻ പ്രവർത്തനങ്ങൾ 2017 സെപ്റ്റംബർ 22 ന് ലണ്ടനിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കീഴിൽ ഭൂപ്രകൃതി അനുസരിച്ച് തിരിച്ച ആറു മേഖലകളിലായി, 43 സ്കൂളുകളും, 109 അദ്യാപകരും, 625 പഠിതാക്കളും രജിസ്റ്റർ ചെയ്തിട്ടുണ്ട് . കൂടാതെ ഓണ്‍ലൈനിൽ നൂറോളം മലയാളം മിഷൻ യുകെ ചാപ്റ്റർ അധ്യാപകർക്ക്, മലയാളം മിഷന്റെ പ്രധാന അധ്യാപക പരിശീലകനായ ഡോ. എം.ടി ശശിയുടേയും മലയാളം മിഷൻ രജിസ്ട്രാർ എം. സേതുമാധന്റെയും നേതൃത്വത്തിൽ ഓണ്‍ ലൈൻ പ്രാഥമിക പരിശീലനവും നൽകുകയുണ്ടായി.
ചാപ്റ്ററിന്റെ ഭരണ സമിതിയുടെ മേൽനോട്ടത്തിൽ മിഡ്ലാൻഡ്സ് മേഖലാ കോർഡിനേറ്റർ ആഷിക് മുഹമ്മദ് നാസർ, നോർത്ത് മേഖലാ കോർഡിനേറ്റർ ജനേഷ് സി.എൻ, സൗത്ത് ഈസ്റ്റ് മേഖലാ കോർഡിനേറ്റർ ബേസിൽ ജോണ്‍ എന്നിവരുടെ മുഖ്യ ചുമതലയിൽ കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് ഭാഷാ പ്രചാരണത്തിനായുള്ള ശതദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവ് വിജയകരമായി പുരോഗമിക്കുന്നു. അതോടൊപ്പം മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ചിരകാല അഭിലാഷമായ പഠനോത്സവം ഏപ്രിൽ 10ന് യാഥാർഥ്യം ആകുവാനും പോകുന്നു. മലയാളം മിഷൻ യുകെ ചാപ്റ്ററിലെ പരമാവധി പഠിതാക്കളെ ആദ്യഘട്ടത്തിൽ ’കണിക്കൊന്ന’ മൂല്യ നിർണയമായ പഠനോത്സവത്തിൽ പങ്കെടുപ്പിക്കണമെന്നാണ് പ്രവർത്തക സമിതി ആഗ്രഹിക്കുന്നത് .
ജാതി മതവർഗ രാഷ്ട്രീയ ചിന്തകൾക്കതീതമായി നമ്മുടെ മാതൃഭാഷയും സാംസ്കാരിക പൈതൃകവും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുള്ള മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മുഴുവൻ യുകെ മലയാളികളുടെയും പിന്തുണ ഉണ്ടാവണമെന്നും, യുകെ ചാപ്റ്ററിലെ എല്ലാ പഠന കേന്ദ്രങ്ങളിലെയും കുട്ടികൾ പങ്കെടുത്തു ’കണിക്കൊന്ന’ പഠനോത്സവം വിജയിപ്പിക്കണമെന്നും, മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതിക്ക് വേണ്ടി പ്രസിഡണ്ട് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ധ സമിതി ചെയർമാൻ ജയപ്രകാശ് എസ് എസ്, പ്രവർത്തക സമിതി കണ്‍വീനർ ഇന്ദുലാൽ സോമൻ എന്നിവർ അഭ്യർഥിച്ചു.
റിപ്പോർട്ട്: ഏബ്രഹാം കുര്യൻ