ആസൂത്രിത ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 50 മാധ്യമ പ്രവര്‍ത്തകര്‍
Thursday, December 31, 2020 9:28 AM IST
ജനീവ: 2020ല്‍ ആസൂത്രിത ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം അമ്പതോളമെന്ന് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ കണക്ക്. ഇത്തരത്തില്‍ മാധ്യമ പ്രവര്‍ത്തകരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചു വരുകയാണെന്നും സംഘടന തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അഫ്ഗാനിസ്ഥാനില്‍ മാത്രം കഴിഞ്ഞ ആറാഴ്ചയ്ക്കിടെ നാല് മാധ്യമ പ്രവര്‍ത്തകരാണ് ആക്രമണങ്ങളില്‍ മരിച്ചത്. തൊട്ടടുത്തുനിന്നുള്ള വെടിയേറ്റോ, അല്ലെങ്കില്‍ വാഹനങ്ങളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിയോ ആണ് ഇവരെല്ലാം മരിച്ചത്.

ഇത്തരം സംഭവങ്ങളില്‍ ഏറെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടകരമായ അഞ്ച് രാജ്യങ്ങളുടെ കൂട്ടത്തില്‍ മെക്സിക്കോയും ഇന്ത്യയും ഉള്‍പ്പെടുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ