ടാഗോർ ഗാർഡൻ ഇടവകയിൽ നൂറു ദിവസത്തെ തിരുനാൾ
Friday, August 28, 2020 8:23 PM IST
ന്യൂഡൽഹി: ടാഗോർ ഗാർഡൻ ഇടവകയിൽ ഈ വർഷത്തെ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാൾ നൂറു ദിവസത്തെ തിരുനാളായി ആഘോഷിക്കുന്നു. ഓഗസ്റ്റ് 29 ന് ആരംഭിച്ച് ഡിസംബർ 6 വരെ നിണ്ടു നിൽക്കുന്ന തിരുനാൾ, കോവിഡ് മഹാമാരിയിൽനിന്നും ലോകത്തെ രക്ഷിക്കുവാനാണ് ക്രമീകരിച്ചിരിക്കുന്നത്.

തിരുനാളിനു തുടക്കം കുറിച്ച് ഓഗസ്റ്റ് 29 നു (ശനി) ഫരിദാബാദ് രൂപത വികാരി ജനറാൾ മോൺ. ജോസ് ഓടനാട്ട് കൊടിയേറ്റുകർമം നിർവഹിക്കും. ഇടവകയിൽ കൊടി ഉയരുന്നതോടൊപ്പം ഓരോ വീടുകളിലും തിരുനാൾ കൊടി ഉയരും. എല്ലാ ദിവസവും വൈകന്നേരം 6.30 ന് ജപമാലയും വിശുദ്ധ കുർബാനയും ആരാധനയും മാതാവിനോടുള്ള നൊവേനയും ഉണ്ടായിരിക്കും. പരിശുദ്ധ അമ്മയുടെ രൂപം ഓരോ ഭവനങ്ങളിലുമെത്തിച്ച് പ്രാർഥിക്കും.

ഡിസംബർ 6 ന് മാർ കുര്യാക്കോസ് ഭരണികുളങ്ങര കാർമികത്വത്തിൽ പ്രാർഥന ശുശ്രൂഷകൾ നടക്കും. വാഹന റാലിയും ഇടവകയിലുള്ള എല്ലാ വാഹനങ്ങളും വെഞ്ചിരിക്കുകയും ചെയ്യും. സർക്കാരിന്‍റേയും രൂപതയുടെയും നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ശുശ്രൂഷകളെന്ന് വികാരി റോണി തോപ്പിലാനും തിരുനാൾ കൺവീനർ പി.എ. ജോണും കൈക്കാരൻ ഷൈനി സെബാസ്റ്റ്യനും പറഞ്ഞു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്