റവ. ഡോ. ജോസഫ് ഓടനാട്ട് ഫരീദാബാദ്-ഡൽഹി രൂപത വികാരി ജനറാൾ
Friday, August 21, 2020 8:39 PM IST
ന്യൂഡൽഹി: ഫരീദാബാദ്-ഡൽഹി രൂപതാ വികാരി ജനറാളായി റവ. ഡോ. ജോസഫ് ഓടനാട്ട് ചുമതലയേറ്റു. എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഫാ. ജോസഫ് ഓടനാട്ട് 1992-ൽ കർദിനാൾ ആന്‍റണി പടിയറയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചശേഷം മുംബൈയിലെ കല്യാൺ രൂപതയിലാണ് തന്‍റെ പൗരോഹിത്യ ശുശ്രൂഷകൾ ആരംഭിക്കുന്നത് . കല്യാൺരൂപത ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്‍റെ സെക്രട്ടറിയായും രൂപത മതബോധന ഡയറക്ടറായും വിവിധ ഇടവകകളിൽ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ദൈവശാസ്ത്രത്തിൽ റോമിലെ ലാറ്ററൻ സർവകലാശാലയിൽ നിന്ന് ലൈസൻഷിയേറ്റും ഉർബൻ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. എറണാകുളം അതിരൂപതയിലെ കാഞ്ഞൂർ, സാൻജോപുരം, ഉദയംപേരൂർ, തുതിയൂർ, കടവന്ത്ര, അയിരൂർ, വൈക്കം നടേൽ എന്നീ ഇടവകകളിൽ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇതിനിടെ 2004-2006 വർഷങ്ങളിൽ ഡൽഹി സീറോ മലബാർ മിഷൻ പ്രവർത്തനങ്ങൾ സജീവമാക്കാൻ ഡൽഹി മിഷൻ കേന്ദ്രത്തിലും വിവിധ ഇടവകകളിലും സേവനം ചെയ്തിട്ടുണ്ട്. 2000-2003 വർഷങ്ങളിൽ സേവ് എ ഫാമിലി പ്ലാൻ ഇന്ത്യയുടേയും കാനഡയുടെയും ഡയറക്ടറായി സേവനം അനുഷ്ഠിച്ചു.

2017 മുതൽ 2020 വരെ കോട്ടയം വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ അധ്യാപകനായി സേവനം ചെയ്തുവരവെയാണ് പുതിയ നിയമനം.