ദീർഘദൂര ട്രെയിനുകളുടെ സമയമാറ്റവും സ്റ്റോപ്പുകളുടെ എണ്ണം കുറക്കലും: കേന്ദ്രമന്ത്രിക്ക് ഡിഎംഎയുടെ നിവേദനം
Thursday, August 20, 2020 10:23 PM IST
ന്യൂഡൽഹി: ദീർഘദൂര ട്രെയിനുകളുടെ കേരളത്തിലെ സ്റ്റോപ്പുകളുടെ എണ്ണം വെട്ടിച്ചുരുക്കുന്നതും ഡൽഹിയിൽ നിന്നു കേരളത്തിലേക്കു പുറപ്പെടുന്ന ട്രെയിനുകളുടെ സമയമാറ്റവും കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന മലയാളികൾക്ക് മറ്റൊരു ദുരിതവുമാണ് സമ്മാനിക്കുകയെന്ന് ഡിഎംഎ.

റെയിൽവേയെ ആശ്രയിച്ചു കഴിയുന്ന കേരളീയരോടു ചെയ്യുന്ന ക്രൂരതയാണ് ഡൽഹിയിൽ നിന്നും പുറപ്പെടുന്ന ട്രെയിനുകളുടെ സമയ മാറ്റത്തിലൂടെ കേന്ദ്ര റെയിൽവേ മന്ത്രാലയം ചെയ്യുന്നതെന്ന് ഡൽഹി മലയാളി അസോസിയേഷൻ. ദീർഘദൂര ട്രെയിനുകളുടെ കേരളത്തിലെ സ്റ്റോപ്പുകൾ നിർത്തലാക്കുന്ന നീക്കത്തിനെതിരെയും സമയ മാറ്റത്തിനെതിരെയും കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലിന് സമർപ്പിച്ച നിവേദനത്തിലാണ് ഡിഎംഎ ശക്തമായ ഭാഷയിൽ അപലപിച്ചത്.

നിലവിൽ 9.15നു പുറപ്പെടുന്ന മംഗള എക്സ്പ്രസ്, പുതിയ സമയപ്പട്ടിക അനുസരിച്ചു 5.30-നു പുറപ്പെട്ടാൽ സമീപ സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ്, കൂടാതെ നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഡൽഹിയിലെത്തി ട്രെയിൻ പിടിക്കുന്ന യാത്രക്കാർക്ക് തലേദിവസം ഡൽഹിയിൽ എത്തിച്ചേരേണ്ട അവസ്ഥയാണ് സംജാതമാവുകയെന്ന് ഡിഎംഎ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിലെത്തുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകളുടെ എണ്ണം വെട്ടിച്ചുരുക്കരുതെന്നും ഡൽഹിയിൽ നിന്നും പുറപ്പെടുന്ന മംഗള എക്സ്പ്രസ്, കേരളാ എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ സമയക്രമം പഴയപടി തന്നെ തുടരണമെന്നും നിവേദനത്തിൽ ഡിഎംഎ ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നതിനു പുറമെ കേരളത്തിലേക്ക് പോകുന്ന ദീർഘദൂര ട്രെയിനുകൾക്ക് പുതിയ ബോഗികൾ അനുവദിക്കണമെന്നും ട്രെയിനുകളുടെ ശുചിത്വം മികവുറ്റതാക്കണമെന്നും ട്രെയിനുകളിലെ ഭക്ഷണ വിതരണ സംവിധാനം ശുചിത്വമുള്ളതും ആരോഗ്യപ്രദമാക്കണമെന്നും റയിൽവേ മന്ത്രാലയത്തോടെ ഡിഎംഎ അഭ്യർഥിച്ചു.

ഡിഎംഎ പ്രസിഡന്‍റ് കെ രഘുനാഥും ജനറൽ സെക്രട്ടറി സി ചന്ദ്രനും ഒപ്പുവച്ച നിവേദനത്തിന്‍റെ പകർപ്പ് കേന്ദ്രമന്ത്രി വി മുരളീധരനും കൂടാതെ കേരളത്തിൽ നിന്നുള്ള പാർലമെന്‍റ് അംഗങ്ങൾക്കും കൈമാറി.

റിപ്പോർട്ട്: പി.എൻ. ഷാജി