സെപ്റ്റംബര്‍ മുതല്‍ ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കാന്‍ പദ്ധതി
Tuesday, August 11, 2020 7:17 PM IST
ന്യൂഡല്‍ഹി: സെപ്റ്റംബർ മുതല്‍ നവംബര്‍ 14 വരെ ഘട്ടം ഘട്ടമായി രാജ്യത്തെ സ്‌കൂളുകള്‍ തുറക്കാന്‍ പദ്ധതി. തുടക്കത്തില്‍ എല്ലാ സ്‌കൂളുകളിലും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വിദ്യാഭ്യാസം നടത്തും. ഓരോ സംസ്ഥാനങ്ങളിലെയും കോവിഡ് വ്യാപനവും മൊത്തം രോഗികളുടെ എണ്ണവും കണ്ടെയ്‌മെന്‍റ് സോണുകളും കണക്കിലെടുത്ത് അതാതു സര്‍ക്കാരുകള്‍ക്കാകും ഇതു സംബന്ധിച്ച അന്തിമ തീരുമാനം.

സ്‌കൂളുകളും കോളജുകളും തുറക്കുന്നതു സംബന്ധിച്ചു രണ്ടാഴ്ചയ്ക്കകം തീരുമാനം എടുത്തേക്കുമെന്ന് കേന്ദ്രസര്‍ക്കാരിലെ ഉന്നതന്‍ ദീപികയോടു പറഞ്ഞു. കോവിഡ്-19നെ നേരിടുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അധ്യക്ഷനായി രൂപീകരിച്ച മന്ത്രിതല ഉന്നത സമിതി വീണ്ടും യോഗം ചേര്‍ന്നു സ്‌കൂളുകള്‍ തുറക്കാനുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ തയാറാക്കി അംഗീകാരം നല്‍കും. പിന്നീടാകും പ്രധാനമന്ത്രിയുടെ അനുമതിയോടെ പ്രഖ്യാപനം.

കേന്ദ്രം പുറത്തിറക്കുന്ന പൊതു മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചു മാത്രമേ സംസ്ഥാന സര്‍ക്കാരുകള്‍ക്കു സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി ഉണ്ടാകുകയുള്ളൂ. പ്രൈമറി, പ്രീപ്രൈമറി വിഭാഗം കുട്ടികള്‍ക്കു സ്‌കൂളുകളിലെത്തിയുള്ള പഠനരീതി തത്കാലം പുനഃരാരംഭിക്കില്ല. ഇവർക്ക് തത്കാലം വീടുകളിലിരുന്നുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരും. ഏതെങ്കിലും സംസ്ഥാനത്തു കോവിഡ് സ്ഥിതി മെച്ചമാണെങ്കില്‍ അത്തരം സംസ്ഥാനങ്ങളില്‍ മാത്രം ചെറിയ കുട്ടികള്‍ക്കു സ്‌കൂളിലെത്താന്‍ അനുമതി നല്‍കാനും ആലോചനയുണ്ട്. പ്രൈമറി, പ്രീപ്രൈമറി വിദ്യാര്‍ഥികളെ സ്‌കൂളുകളിലേക്കു കൊണ്ടുവരുന്നതിനോട് കേന്ദ്രസര്‍ക്കാരിനു യോജിപ്പില്ല.
കോളജുകളും സര്‍വകലാശാലകളും പഴയ രീതിയില്‍ തുറക്കുന്നതു സംബന്ധിച്ച് ആലോചനകള്‍ പലതുണ്ട്. ഒക്ടോബര്‍ ഒന്നിനു മുമ്പു കോളജുകള്‍ തുറക്കാനാകുമോ എന്നതില്‍ സര്‍വകലാശാലകളുടെ അഭിപ്രായം തേടിയേക്കും. ഇക്കാര്യത്തിലും മന്ത്രിതല സമിതി വൈകാതെ തീരുമാനമെടുക്കും.

അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഴയ രീതിയില്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാല്‍ തിങ്കളാഴ്ച പാര്‍ലമെന്‍ററി സമിതി യോഗത്തില്‍ പറഞ്ഞിരുന്നു. ഓഗസ്റ്റ് 31 വരെ വിദ്യാലയങ്ങള്‍ തുറക്കേണ്ടതില്ലെന്ന അണ്‍ലോക്ക് മൂന്നിന്‍റെ പ്രഖ്യാപനത്തില്‍ ഏതായാലും മാറ്റമില്ല.
സ്വിറ്റ്‌സര്‍ലന്‍ഡ് അടക്കമുള്ള ഏതാനും വിദേശ രാജ്യങ്ങളില്‍ സുരക്ഷിതമായി സ്‌കൂള്‍ വിദ്യാഭ്യാസം പുനഃരാരംഭിച്ചതു പഠിച്ച് അടുത്ത മാസം മുതല്‍ ആ മാതൃക ഇന്ത്യയിലും നടപ്പാക്കാനാണു പൊതുവായ നിര്‍ദേശം.

ആലോചനയിലുള്ള മറ്റു പദ്ധതികൾ ചുവടെ:

* സെപ്റ്റംബര്‍ ഒന്നു മുതല്‍ 10, 11, 12 ക്ലാസുകളിലെ പഠനം സ്‌കൂളുകളില്‍ ആരംഭിക്കുക. മറ്റു ക്ലാസുകളിലെ കുട്ടികള്‍ക്കു സെപ്റ്റംബര്‍ 15 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാകും തുടരുക.

* അടുത്ത ഘട്ടമായി സെപ്റ്റംബര്‍ 15 മുതല്‍ ആറു മുതല്‍ ഒന്‍പതു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അതാതു സ്‌കൂളുകളിലെത്തി പഠനം നടത്താം.

* ഓരോ ക്ലാസുകളിലെയും ഓരോ ഡിവിഷനുകള്‍ക്കു വ്യത്യസ്ഥ തീയതികളില്‍ സ്‌കൂളില്‍ വരാനാകും നിര്‍ദേശം. സ്‌കൂളിലെ സൗകര്യങ്ങള്‍ കൂടി കണക്കിലെടുത്താകും തീരുമാനം.

* രണ്ടു ഷിഫ്റ്റുകളിലായി കുട്ടികള്‍ക്കു സ്‌കൂളുകളിലെത്തി പഠനം നടത്താനാണു സൗകര്യമൊരുക്കുക. രാവിലെ എട്ടു മുതല്‍ 11 വരെ മൂന്നു മണിക്കൂര്‍ ആദ്യ ഷിഫ്റ്റും ഉച്ചയ്ക്കു 12 മുതല്‍ മൂന്നു വരെ രണ്ടാമത്തെ ഷിഫ്റ്റുമാണ് പൊതുവായി നടപ്പാക്കുക. ഇടയ്ക്കുള്ള ഒരു മണിക്കൂര്‍ സമയം സ്‌കൂള്‍ കെട്ടിടവും ക്ലാസ് മുറികളും സാനിറ്റൈസ് ചെയ്തു അണുവിമുക്തമാക്കണം.

* കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് സ്‌കൂളും ക്ലാസ് മുറികളും സാനിറ്റൈസ് ചെയ്യണം.

* അധ്യാപകര്‍, അനധ്യാപകര്‍, കുട്ടികള്‍ അടക്കം എല്ലാവര്‍ക്കും മാസ്‌കുകള്‍ നിര്‍ബന്ധമാക്കും. സാമൂഹിക അകലം ഉറപ്പാക്കുകയും വേണം.

* സ്‌കൂളിലെ പൊതു ഇടങ്ങളിലും ക്ലാസുകളിലും സാനിറ്റൈസറുകളും ശുചിമുറികളില്‍ സോപ്പ് അടക്കം പ്രത്യേക സൗകര്യങ്ങളും ഉറപ്പാക്കാനും സ്‌കൂളുകള്‍ക്കു നിര്‍ദേശം നല്‍കും.

* ആദ്യ ഘട്ടത്തില്‍ സ്‌കൂള്‍ അസംബ്ലി ഉണ്ടാകില്ല. ഓരോ ഷിഫ്റ്റിലും നിയന്ത്രണങ്ങളോടു കൂടി ആഴ്ചയിലൊരിക്കല്‍ അസംബ്ലി നടത്താന്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ട്.

* സ്‌കൂളുകളില്‍ സ്‌പോര്‍ട്‌സ്, കലാപരിപാടികള്‍ തുടങ്ങിയവയുടെ കാര്യത്തിലും തീരുമാനം എടുത്തിട്ടില്ല.

റിപ്പോർട്ട്: ജോര്‍ജ് കള്ളിവയലില്‍