ബ്രിട്ടനില്‍ സൂപ്പര്‍മാര്‍ക്കറ്റുകളുടെ വിറ്റുവരവ് റിക്കാർഡ് ഉയരത്തില്‍
Wednesday, July 22, 2020 9:40 PM IST
ലണ്ടന്‍: ആളുകള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ നിന്ന് പുറത്തുവരണമെന്നും എല്ലാവരും ഓഫീസുകളിലെത്തിയാലേ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ വീണ്ടും പുഷ്ടിപ്പെടൂ എന്നുമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ചാന്‍സലര്‍ ഋഷി സുനാകും പറയുന്നത്. എന്നാല്‍, രാജ്യത്തെ മൂന്നു മാസത്തെ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ വിറ്റുവരവ് കണക്കുകള്‍ നല്‍കുന്ന സൂചന മറിച്ചാണ്.

12 വരെയുള്ള 12 ആഴ്ചത്തെ കണക്കനുസരിച്ച് രാജ്യത്തെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകള്‍ എല്ലാം കൂടി വിറ്റുവരവില്‍ കൈവരിച്ചിരിക്കുന്നത് റിക്കാർഡ് വര്‍ധനയാണ്. 3.2 ബില്യന്‍ പൗണ്ടിന്‍റെ വര്‍ധനയാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

സാധാരണ ഉപയോഗത്തെ അപേക്ഷിച്ച് 21 മില്യൺ പൗണ്ട് കൂടുതലാണ് ചായയ്ക്കും കാപ്പിക്കുമായി ആളുകള്‍ ചെലവാക്കിയിരിക്കുന്നത്. 19 മില്യൺ പൗണ്ട് ബിസ്കറ്റിനായും കൂടുതല്‍ ചെലവഴിച്ചു. മദ്യം, ശീതീകരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വില്‍പ്പനയിലും വന്‍ വര്‍ധനയാണ് കാണുന്നത്. മദ്യ വില്‍പ്പനയിലാണ് ഏറ്റവും വലിയ വര്‍ധന, 41 ശതമാനം. അതു കഴിഞ്ഞാല്‍ ശീതീകരിച്ച ഭക്ഷ്യവസ്തുക്കളാണ്.

അതേസമയം, ലോക്ക്ഡൗണില്‍ കാര്യമായ ഇളവുകള്‍ വന്ന അവസാന ഒരു മാസം തൊട്ടു മുന്‍പുള്ള രണ്ടു മാസത്തെ അപേക്ഷിച്ച് വില്‍പ്പന വളര്‍ച്ചയുടെ തോത് 14.6 ശതമാനമായി കുറയുകയും ചെയ്തു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ