യുക്മ Y6 ചലഞ്ച് 2020 പരീക്ഷകൾ ജൂലൈ 11, 12 തീയതികളിൽ
Friday, June 26, 2020 9:20 PM IST
ലണ്ടൻ: രണ്ടാ‍യിരത്തി ഇരുപത്തിനൊന്നു ഗ്രാമർ സ്കൂൾ പ്രവേശനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി യുക്മ ജൂലൈയിൽ രണ്ട് സൗജന്യ ഓൺലൈൻ പരിശീലന പരീക്ഷകൾ (mock tests) സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ്, കണക്ക് പരീക്ഷകൾ ഉൾപ്പെടുന്ന രണ്ട് സെറ്റുകളായാണ് പരീക്ഷകൾ വിഭാവനം ചെയ്തിരിക്കുന്നത്. ജൂലൈ 11, 12 (ശനി, ഞായർ) തീയതികളിൽ നടക്കുന്ന പരീക്ഷകളിൽ വിജയികളാകുന്ന വിദ്യാർഥികൾക്ക് യുക്മ ദേശീയ തലത്തിലും റീജണൽ തലങ്ങളിലും സർട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളും നൽകും.

തികച്ചും പ്രഫഷണൽ രീതിയിൽ തന്നെയാണ് വെബ് സെമിനാറും പരീക്ഷകളും വിഭാവനം ചെയ്തിരിക്കുന്നത്. ഫലപ്രഖ്യാപനത്തോടൊപ്പം പരീക്ഷയിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും തങ്ങളുടെ മാർക്കുകളും ഓരോ വിഭാഗങ്ങളിലും ലഭിച്ച മാർക്കിന്‍റെ വിശകലനവും ലഭ്യമാക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. വിദ്യാർഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട മേഖലകളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാൻ ഇത് സഹായിക്കും.

മത്സര പരീക്ഷകൾക്ക് മുന്നോടിയായി, പങ്കെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് ജൂൺ 27നു (ശനി) 12 ന് വെബ്‌സെമിനാർ സംഘടിപ്പിക്കുന്നതായി യുക്മ ദേശീയ പ്രസിഡന്‍റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, യുക്മ യൂത്തിന്‍റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്‍റ് ലിറ്റി ജിജോ എന്നിവർ അറിയിച്ചു. സെമിനാറിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ അവസാന തീയതിയായ ജൂൺ 26 നു തന്നെ
www.uukma11plus.com എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിദ്യാഭ്യാസ പരിശീലന രംഗത്ത് നിരവധി വർഷങ്ങളുടെ പാരമ്പര്യമുള്ള, ട്യൂട്ടർ വേവ്സിന്‍റെ ബിജു ആർ. പിള്ളയാണ് വെബ് സെമിനാർ നയിക്കുന്നത്. തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന്, ഗ്രാമർ സ്കൂൾ പ്രവേശനത്തിന് തയാറെടുക്കുന്ന മുഴുവൻ കുട്ടികളുടെയും രക്ഷിതാക്കളും പരിശ്രമിക്കണമെന്ന് യുക്മ ദേശീയ - റീജിയണൽ ഭരണ സമിതികൾ അഭ്യർഥിച്ചു.

റിപ്പോർട്ട്: സജീഷ് ടോം