ബോറിസ് ജോണ്‍സനെ അഡ്മിറ്റ് ചെയ്തു
Monday, April 6, 2020 8:26 PM IST
ലണ്ടന്‍: കൊറോണവൈറസ് ബാധ സ്ഥിരീകരിച്ച് പത്തു ദിവസത്തിനു ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഇതുവരെ ഔദ്യോഗിക വസതിയില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു അദ്ദേഹം. എന്നാല്‍, ഇപ്പോഴും ഉയര്‍ന്ന ശരീര താപനില അടക്കമുള്ള രോഗലക്ഷണങ്ങള്‍ വിട്ടുമാറിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ലണ്ടന്‍ ആശുപത്രിയിലേക്കു മാറ്റിയത്.

സര്‍ക്കാരിന്‍റെ നേതൃത്വം ഇപ്പോഴും ജോണ്‍സണ്‍ തന്നെയാണ് വഹിക്കുന്നത്. മന്ത്രിസഭാ യോഗങ്ങള്‍ അടക്കം സുപ്രധാന യോഗങ്ങൾ വീഡിയോ കോണ്‍ഫറന്‍സ് വഴി അദ്ദേഹം അധ്യക്ഷത വഹിച്ചു പോരുകയായിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ വിദേശകാര്യ സെക്രട്ടറിയായിരിക്കും തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിക്കുക.

മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ മാത്രമാണ് പ്രധാനമന്ത്രിയെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ