നമ്മളിതു മറികടക്കും: ബ്രിട്ടീഷ് ജനതയോട് എലിസബത്ത് രാജ്ഞി
Monday, April 6, 2020 8:23 PM IST
ലണ്ടന്‍: കൊറോണവൈറസ് ഉയര്‍ത്തുന്ന പ്രതിസന്ധിയുടെ കാലത്ത് സ്വയം ഐസൊലേറ്റ് ചെയ്യാന്‍ ബ്രിട്ടീഷ് ജനത കാണിക്കുന്ന ഉത്തരവാദിത്വത്തെ എലിസബത്ത് രാജ്ഞി പ്രശംസിച്ചു. അറുപതു വര്‍ഷത്തെ അധികാര കാലത്തിനിടെ അഞ്ചാം തവണയാണ് എലിസബത്ത് രാജ്ഞി ബ്രിട്ടീഷ് ജനതയെ അഭിസംബോധന ചെയ്യുന്നത്. നമ്മളിതിനെ മറികടക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച രാജ്ഞി, ബ്രിട്ടീഷുകാരുടെ സ്വയം നിയന്ത്രണത്തിന് ആദരവും അർപ്പിച്ചു.

തിങ്കളാഴ്ച നടത്താനിരുന്ന അഭിസംബോധന രാജ്യത്തെ മരണ നിരക്ക് വര്‍ധിച്ചു വരുന്നതു കണക്കിലെടുത്ത് ഒരു ദിവസം നേരത്തെയാക്കുകയായിരുന്നു. വിന്‍ഡ്സര്‍ കാസിലിന്‍റെ സ്വീകരണ മുറിയിലിരുന്നാണ് രാജ്ഞി സംസാരിച്ചത്.

ബ്രിട്ടീഷുകാരുടെ സ്വയം നിയന്ത്രണത്തെക്കുറിച്ച് രാജ്ഞി വാചാലയാകുമ്പോഴും പാര്‍ക്കില്‍ കാറ്റു കൊള്ളാനിറങ്ങിയ നൂറുകണക്കിനാളുകളെ പോലീസ് അടിച്ചോടിക്കുന്നുണ്ടായിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍