ജർമനിയിലേക്കുള്ള മാസ്കുകൾ യുഎസ് അടിച്ചുമാറ്റി
Saturday, April 4, 2020 9:46 PM IST
ബർലിൻ: ചൈനയിൽനിന്ന് ജർമനിയിലേക്കു കയറ്റി അയച്ച മാസ്കുകൾ ബാങ്കോക്ക് വിമാനത്താവളത്തിൽവച്ച് യുഎസിലേക്ക് വഴി തിരിച്ചുവിട്ടെന്ന് ജർമൻ അധികൃതരുടെ ആരോപണം. ആധുനിക കാലത്തെ കൊള്ളയാണിതെന്നാണ് സംഭവത്തെ അധികൃതർ വിശേഷിപ്പിച്ചത്.

അമേരിക്കൻ കന്പനി തന്നെയാണ് ചൈനയിൽ ഈ മാസ്ക് നിർമിച്ചത്. എഫ്എഫ്പി2 ഇനത്തിൽപ്പെട്ട രണ്ടു ലക്ഷം മാസ്കാണ് ഉണ്ടായിരുന്നത്. ബർലിൻ പോലീസിന് ഉപയോഗിക്കുന്നതിനായിരുന്നു ഇറക്കുമതി.

എന്നാൽ, വിമാനത്താവളത്തിൽ വച്ച് അധികരൃതർ ഇതു പിടിച്ചെടുക്കുകയായിരുന്നു. യുഎസ് സർക്കാരിന്‍റെ നയങ്ങളുമായി ഇതിനു നേരിട്ട് ബന്ധമുണ്ടെന്നാണ് ജർമനിയുടെ ആരോപണം. മാസ്ക് കയറ്റുമതി യുഎസ് നിരോധിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചൈനയിൽ നിർമിച്ചതാണെങ്കിലും യുഎസ് കന്പനിയുടെ ഉത്പന്നം എന്ന നിലയ്ക്ക് ഇതു പിടിച്ചുവച്ചിരിക്കുന്നത്.

അമേരിക്കൻ സ്ഥാപനങ്ങൾ ലോകത്തെവിടെയും ഉത്പാദിപ്പിക്കുന്ന അവശ്യവസ്തുക്കൾ പിടിച്ചെടുക്കാൻ ഡിഫൻസ് പ്രൊഡക്ഷൻ നിയമം പ്രയോഗിക്കാനും കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചിരുന്നു.

അതേസമയം, ഇത്തരം പ്രതിസന്ധികൾ മറികടക്കാൻ ജർമനി ആശ്രയിക്കുന്നത് ജർമൻ ബഹുരാഷ്ട്ര കന്പനികളെയാണ്. ഇത്തരം കന്പനികളുടെ വിദേശ ബന്ധം ഉപയോഗിച്ച് പരമാവധി മാസ്കുകളും അതുപോലുള്ള അവശ്യ വസ്തുക്കളും സംഭരിച്ച് രാജ്യത്തെത്തിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ആരോഗ്യ മന്ത്രാലയം നേരിട്ട് ഇതിനു മേൽനോട്ടം വഹിക്കുന്നു. ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇത്തരം ഉത്പന്നങ്ങൾ വാങ്ങാനാണ് ശ്രമം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ