വിവരാവകാശ നിയമപ്രകാരം അപേക്ഷകൾ സമർപ്പിക്കുവാൻ ഓൺലൈൻ പോർട്ടൽ സംവിധാനം നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാരുകൾ
Saturday, March 14, 2020 6:15 PM IST
ന്യൂ ഡൽഹി: വിവരാവകാശ നിയമനുസരിച്ച് അപേക്ഷകൾ നല്കാൻ ഓൺലൈൻ പോർട്ടലുകൾ വേണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ ഓൺലൈൻ പോർട്ടൽ സംവിധാനം നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് 13 സംസ്ഥാന സർക്കാരുകൾ.

ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ബിഹാർ, പശ്ചിമ ബംഗാൾ, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, മേഘാലയ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാങ്ങളാണ് പ്രവാസി ഇന്ത്യക്കാർക്ക് നിയമ സഹായം നൽകുന്ന പ്രവാസി ലീഗൽ സെൽ മുഖേനെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ മറുപടി നൽകവെ തീരുമാനം വ്യക്തമാക്കിയത്.

നാഗാലാൻഡ്, അരുണാചൽ പ്രദേശ് സർക്കാരുകൾ വിവരാവകാശ അപേക്ഷകൾ നൽകാനുള്ള ഓൺലൈൻ പോർട്ടലുകൾ നിലവിൽ ലഭ്യമാണെന്ന് അറിയിച്ചു.

നിലവിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും മഹാരാഷ്ട്ര, ഡൽഹി എന്നീ സംസ്ഥാനങ്ങളിലുമാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷകൾ സമർപ്പിക്കാൻ ഓൺലൈൻ പോർട്ടൽ സംവിധാനം ഉള്ളത്. ഓൺലൈൻ പോർട്ടൽ സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും നടപ്പിൽ വരുത്തണം എന്ന കേന്ദ്ര സർക്കാരിന്‍റെ 2013 - ലെ നിർദ്ദേശം നിലനിൽക്കുമ്പോഴും സമ്പൂർണ ഡിജിറ്റൽ സംസ്ഥാനം എന്നറിയപ്പെടുന്ന കേരളവും മറ്റു സംസ്ഥാനങ്ങളും ഇതുവരേയും ഈ നിയമം പാലിച്ചിട്ടില്ല.

ഇപ്പോഴത്തെ സാഹചര്യത്തിൽ നേരിട്ടോ തപാൽ വഴിയോ മാത്രമാണ് വിവരാവകാശ അപേക്ഷകൾ നൽകുവാൻ സാധിക്കുന്നത്. ഇത്തരത്തിൽ അപേക്ഷകൾ നൽകുന്നതും മറുപടി അയക്കുന്നതും ചെലവേറിയതും സമയനഷ്ടം ഉണ്ടാകുന്നതാണ് അപേക്ഷ ലഭിച്ചിട്ടില്ല എന്ന കാരണം പറഞ്ഞ് ഉദ്യോഗസ്ഥർ മറുപടികൾ നൽകാത്ത സാഹചര്യങ്ങളും ഏറെയാണ്. വിവരാവകാശ നിയമപ്രകാരം ജീവനെയോ സ്വത്തിനെയോ ബാധിക്കുന്ന വിവരങ്ങൾ 48 മണിക്കൂറിനുള്ളിൽ ലഭിക്കാനുള്ള അവകാശം നിയമം അനുശാസിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് പ്രാവർത്തികമല്ല.

വിവരാവകാശ നിയമ പ്രകാരം വിവരം ലഭ്യമാക്കുന്നതിൽ പ്രവാസികളും പ്രവാസ സംഘടനകളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള നിരന്തരമായ പരാതികളാണ് പ്രവാസി ലീഗൽ സെല്ലിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതേ തുടർന്നു കേന്ദ്രസർക്കാരിന് നിവേദനം നൽകിയിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെല്ലിന്‍റെ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം മുഖേനെ സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കുകയും ഹർജി പരിഗണിച്ച ജസ്റ്റീസുമാരായ എൻ.വി. രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുറാരി മറുപടി സമർപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രത്തിനും സംസ്ഥാന സർക്കാരുകൾക്കും നോട്ടീസ് അയച്ചത്. ഇതിനു മറുപടിയായിട്ടാണ് 13 സംസ്ഥാന സർക്കാരുകൾ മറുപടി സമർപ്പിച്ചത്. മറ്റു സംസ്ഥാന സർക്കാരുകളും വൈകാതെ കോടതിയുടെ ഉത്തരവിൽ മറുപടി സമർപ്പിക്കണം.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്