ന്യൂകാസിലിലെ പത്തുവയസുകാരൻ മലയാളി ബാലൻ യു ട്യൂബിൽ തരംഗമാകുന്നു
Thursday, February 27, 2020 7:16 PM IST
ന്യൂകാസിൽ: മലയാളം സംസാരിക്കുവാൻ പോലും ബ്രിട്ടനിലെ മലയാളി കുട്ടികൾ വിമുഖത കാട്ടുന്ന ഇക്കാലത്തു ശുദ്ധ മലയാളത്തിൽ ഒരു ക്രിസ്തീയ ഭക്തിഗാനവുമായി ന്യൂകാസിലിലെ പത്തു വയസുകാരനായ മലയാളി ബാലൻ ജേക്കബ് ഷൈമോൻ എന്ന ചാക്കോച്ചൻ ശ്രദ്ധേയനാകുന്നു .

ക്രിസ്തീയ ഭക്തിഗാന രംഗത്ത് സമാനതകൾ ഇല്ലാത്ത അനവധി ഗാനങ്ങളിലൂടെ മലയാളി മനസുകളിൽ സ്ഥാനം പിടിച്ച ഫാ. ഷാജി തുമ്പേചിറ രചനയും സംഗീതവും നിർവഹിച്ച "കർത്താവെ നീയെന്‍റെ സ്വന്തം "എന്ന ഏറ്റവും പുതിയ ക്രിസ്തീയ ഭക്തി ഗാനത്തിനാണ് ചാക്കോച്ചൻ ശബ്ദം നൽകി അഭിനയിച്ചിരിക്കുന്നത് .

ഷാജി തുമ്പേച്ചിറ അച്ചൻ തന്നെ സ്റ്റുഡിയോയിൽ നേരിട്ട് ചാക്കോച്ചനെ പാട്ടു പഠിപ്പിച്ചു പാടിക്കുന്ന മനോഹരമായ ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് .

ബെർമിംഗ്ഹാമിലെ ബിജോ റ്റോം നിർമിച്ചിരിക്കുന്ന ഗാനത്തിന്‍റെ ഓർക്കസ്ട്രഷൻ സ്കറിയ ജേക്കബും വീഡിയോ വിഷ്ണു പി. ആർ. സെലെബ്രന്‍റ്സും നിർമാണം സുനിൽ വി. ജോയിയും നിർവഹിച്ചിരിക്കുന്നു.

ഷാജി അച്ചൻ ഇതിനു മുന്പു പുറത്തിറക്കിയ ഒരു ആൽബത്തിലും ചാക്കോച്ചൻ പാടിയിട്ടുണ്ട്. "എന്തൊരു സ്നേഹമാണ്' എന്നു തുടങ്ങുന്ന ആ ഗാനം യു ട്യൂബിൽ വൈറൽ ആയിരുന്നു . ഫാ. സെബാസ്റ്റ്യൻ ചാമക്കാല രചന നിർവഹിച്ച ആ ഗാനത്തിന്‍റെയും സംഗീത സംവിധാനം നിർ വഹിച്ചത് ഫാ. ഷാജി തുമ്പേചിറയിൽ ആണ് .

ബ്രിട്ടനിൽ ഓൺലൈൻ മാധ്യമ പ്രവർത്തകനായ ഷൈമോൻ തോട്ടുങ്കലിന്‍റെയും എൻഎച്ച്എസ് ജീവനക്കാരിയായ സിമിയുടെയും രണ്ടാമത്തെ പുത്രനാണ് ന്യൂകാസിൽ സെന്‍റ് ജോസഫ് പ്രൈമറി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥിയായ ചാക്കോച്ചൻ.