യുകെ മാര്‍ഷല്‍ ആര്‍ട്‌സിനു പ്രഥമ ചീഫ് ഇന്‍സ്ട്രക്ടര്‍ ആയി പുളിങ്കുന്ന് സ്വദേശി ടോം ജേക്കബ്
Saturday, February 8, 2020 2:01 PM IST
ഗ്ലാസ്‌ഗോ: യു കെയില്‍ ഇദംപ്രഥമമായി മാര്‍ഷല്‍ ആര്‍ട്‌സില്‍ ചീഫ് ഇന്‍സ്റ്റക്ടര്‍ പദവി നല്‍കിയപ്പോള്‍ അത് കരസ്ഥമാക്കിക്കൊണ്ട് ആലപ്പുഴ കുട്ടനാട് പുളിങ്കുന്നുകാരന്‍ ടോം ജേക്കബ് മലയാളികള്‍ക്ക് അഭിമാനമാവുന്നു. ജപ്പാനില്‍ ജനുവരി അവസാന വാരം നടന്ന ഒകിനാവ അന്തര്‍ദ്ദേശീയ കരാട്ടെ സെമിനാറില്‍ ടോം തന്റെ പ്രാഗല്ഭ്യവും, പരിജ്ഞാനവും, ആയോധന കലയോടുള്ള അതിയായ അര്‍പ്പണവും പുറത്തെടുക്കുവാനും, ആയോധനാ കലകളില്‍ തന്റെ വൈഭവം പ്രദര്‍ശിപ്പിക്കുവാനും സുവര്‍ണാവസരമാണ് ലഭിച്ചത്. കൂടാതെ മാര്‍ഷല്‍ ആര്‍ട്‌സിലെ വൈവിദ്ധ്യമായ മേഖലകളിലെ പരിജ്ഞാനവും, കഴിവും, സുദീര്‍ഘമായ 35 വര്‍ഷത്തെ കഠിനമായ പരിശീലനവും, കൃത്യ നിഷ്ഠയുമാണ് ഈ ഉന്നത പദവിയിലേക്ക് ടോമിനെ തെരഞ്ഞെടുക്കുവാന്‍ കൂടുതലായി സ്വാധീനിച്ചത്.

കളരി (തെക്കന്‍ ആന്‍ഡ് വടക്കന്‍), കുങ്ഫു, കരാട്ടെ, ബോക്‌സിങ് അടക്കം വിവിധ ആയോധന കലകളില്‍ ശ്രദ്ധേയമായ പ്രാവീണ്യം നേടിയിട്ടുള്ള ടോം തന്റെ സെമിനാറിലെ പ്രകടനത്തിലൂടെ പ്രഗത്ഭര്‍ക്കിടയിലെ മിന്നുന്ന താരമാവുകയായിരുന്നു. ഇതാദ്യമായാണ് രാജ്യത്തിന്റെ ചീഫ് ഇന്‍സ്ട്രക്ടര്‍ ആയി ഒരാളെ നിയമിക്കുന്നത്. ആഗോള കരാട്ടെ സെമിനാറില്‍ പങ്കെടുക്കുവാനുള്ള എന്‍ട്രി അസാധാരണ വൈഭവം ഉള്ള മാര്‍ഷല്‍ ആര്‍ട്‌സ് വിദഗ്ദര്‍ക്കേ നല്‍കാറുള്ളൂ.

ആലപ്പുഴ കുട്ടനാട് പുളിങ്കുന്ന് പ്രായിക്കളം കുടുംബാംഗമായ ടോം ജേക്കബ് കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇക്കണോമിക്‌സില്‍ ബിരുദം നേടിയ ശേഷം വിവിധ രാജ്യങ്ങളില്‍ കരാട്ടെ ട്രെയിനര്‍ ആയി പ്രവര്‍ത്തി ചെയ്തിട്ടുണ്ട്. അബുദാബിയില്‍ കൊമേര്‍ഷ്യല്‍ ബാങ്കില്‍ ഉദ്ദ്യോഗസ്ഥനായിരിക്കെ അവിടെയും പരിശീലകനായി ശ്രദ്ധേയനായിരുന്നു. വിവിധ രാജ്യങ്ങളില്‍ ഏറെ ശിഷ്യഗണങ്ങള്‍ ഉള്ള ടോം കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ഗ്‌ളാസ്‌ഗോയില്‍ കുടുംബ സഹിതം താമസിച്ചു വരുന്നു. യു കെ യില്‍ നിന്നും മാര്‍ക്കറ്റിങ്ങില്‍ എംബിഎ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

സ്‌കോട്ട്‌ലന്‍ഡ് ആന്‍ഡ് ഇംഗ്ലണ്ട് രാജ്യങ്ങളിലെ ആയുധരഹിത ഫൈറ്റിങ്ങിലും, ഓറിയന്റല്‍ കിക്ക് ബോക്‌സിങ്ങിലും ലോക ഒന്നാം നമ്പര്‍ ആയ ജയിംസ് വാസ്റ്റണ്‍ അസോസിയേഷനില്‍ നിന്ന് 2018 ല്‍ അഞ്ചാം ഡാന്‍ ബ്ലാക്ക് ബെല്‍റ്റ്, ജപ്പാന്‍ ഇംഗ്ലണ്ട് രാജ്യങ്ങളിലെ ഏറ്റവും സുപ്രസിദ്ധമായ സെയിന്‍കോ കായ് കരാട്ടെ അസോസിയേഷനില്‍ നിന്നും 2014 ല്‍ നാലാം ഡാന്‍ ബ്ലാക്ക് ബെല്‍റ്റ്, മൗറീഷ്യസ് കരാട്ടെ അക്കാദമിയില്‍ നിന്നും 2005 ല്‍ മൂന്നാം ഡാന്‍ ഷോട്ടോക്കന്‍ കരാട്ടെ ജപ്പാന്‍ ബ്ലാക്ക് ബെല്‍റ്റ്, ഷോട്ടോക്കാന്‍ കരാട്ടെ അക്കാദമിയില്‍ നിന്നും 2002 ല്‍ ബ്ലാക്ക് ബെല്‍റ്റ് രണ്ടാം ഡാന്‍, ഷോട്ടോക്കാന്‍ കരാട്ടെ ജപ്പാന്‍ 1996 ല്‍ ബ്ലാക്ക് ബെല്‍റ്റ് ഒന്നാം ഡാന്‍ തുടങ്ങി നിരവധി തങ്കപ്പതക്കങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

യുകെയിലെ പ്രശസ്തവും ആദ്യകാല ബോക്‌സിങ് ക്ലബുമായ വിക്ടോറിയ ബോക്‌സിംഗ് ക്ലബ്ബില്‍ 10 വര്‍ഷമായി പരിശീലനം നടത്തിപ്പോരുന്ന ടോം ലോക നിലവാരം പുലര്‍ത്തുന്ന ജി 8 കോച്ച് കെന്നിയുടെ കീഴിലാണ് പരിശീലനം നടത്തിവരുന്നത്. കരാട്ടെയില്‍ പരിശീലനം ഇപ്പോഴും തുടരുന്ന ടോം ജേക്കബ്, ഗ്രേറ്റ് യൂറോപ്യന്‍ കരാട്ടെയില്‍ ഒമ്പതാം ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് താരവും, കരാട്ടെയില്‍ ചരിത്രം കുറിച്ച അഭ്യാസിയുമായ പാറ്റ് മഗാത്തിയുടെ കീഴിലാണ് ട്രെയിനിങ് നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

പുളിങ്കുന്ന് പ്രായിക്കളം (കാഞ്ഞിക്കല്‍) കുടുംബാംഗമായ ടോമിന്റെ ഭാര്യ ജിഷ ടോം ആലപ്പുഴ മാളിയേക്കല്‍ കുടുംബാംഗമാണ്. മുന്‍കാല ആലപ്പുഴ ഡി സിസി പ്രസിഡന്റും നെഹ്‌റു കുഞ്ഞച്ചന്‍ എന്നു വിളിച്ചിരുന്ന കുഞ്ഞച്ചന്റെ മകന്‍ ഗ്രിഗറിയുടെ മകളാണ് ജിഷ. ആറാം ക്ലാസില്‍ പഠിക്കുന്ന ഏക മകന്‍ ലിയോണ്‍ ടോം കഴിഞ്ഞ അഞ്ചു വര്‍ഷമായി ബോക്‌സിങ് പരിശീലനം നടത്തി വരുകയാണ്.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണന്‍ചിറ