ന്യൂഡൽഹി: ഡൽഹി നിവാസികൾക്ക് പുണ്യം പകർന്ന് ശ്രീ നാരായണ ധർമ്മ പരിപാലന യോഗം, ഡൽഹി യൂണിയന്റെയും വനിതാ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശ്രീ ശാരദാ ദേവി മകരപ്പൊങ്കാല നടത്തപ്പെട്ടു. രോഹിണിയിലെ ഗുപ്ത കോളനിയിലുള്ള ഗുരുദേവ ക്ഷേത്രാങ്കണമാണ് രാവിലെ മുതൽ മകരപ്പൊങ്കാല സമർപ്പണത്തിനായും ദുരുദേവ ദർശനത്തിനുമായി എത്തുന്നവരെക്കാത്ത് അണിഞ്ഞൊരുങ്ങിയത്. അഷ്ടദ്രവ്യ ഗണപതി ഹോമം, സർവൈശ്വര്യ പൂജ, ശാരദാ ദേവി പുഷ്പാഞ്ജലി എന്നീ പ്രത്യേക വഴിപാടുകളും മകരപ്പൊങ്കാലയോടനുബന്ധിച്ചുണ്ടായിരുന്നു.
ദേവസ്വം കണ്‍വീനർ എൻ സുരേന്ദ്രനും, യൂണിയൻ ഭാരവാഹികളും ചേർന്നു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നടത്തി. തുടർന്ന് ശ്രീകോവിലിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നി ക്ഷേത്ര മേൽശാന്തി അഖിൽ കാരക്കാട് പണ്ടാര അടുപ്പിലേക്ക് പകർന്നതോടെ മകരപ്പൊങ്കാലക്ക് ആരംഭമായി. ഭക്തജനങ്ങൾ സ്വയം അവരവരുടെ പൊങ്കാല അടുപ്പുകളിലേക്കു അഗ്നി പകർന്നതോടെ അടുപ്പുകളിൽ നിന്നുയർന്ന ധൂമപടലങ്ങളാൽ ക്ഷേത്രവും പരിസര പ്രദേശങ്ങളും യജ്ഞശാലയായി. തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ ക്ഷേത്ര മേൽശാന്തി തീർത്ഥം തളിച്ചതോടെ പൊങ്കാലക്കു സമാപനമായി.
കഴിഞ്ഞ അധ്യയന വർഷത്തിൽ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയ ശാഖകളിലെ കുട്ടികൾക്ക് ക്യാഷ് അവാർഡുകളും പത്താം ക്ലാസിലെ പഠനത്തിൽ മികവു നേടിയ നിഖില എസ് മധുവിനേയും പന്ത്രണ്ടിൽ മികവ് നേടിയ ശിവജ (സയൻസ്), അപർണ സജി (ആർട്ട്സ്), ആവണി എൻ കുമാർ (കോമേഴ്സ്) എന്നിവരെയും ചടങ്ങിൽ ആദരിച്ചു. വ്യത്യസ്ത തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിജയ കുമാർ (ഹരിനഗർ), ഡോ. പ്രിയങ്ക പ്രസാദ് (ഗുരുഗ്രാമം), ഡോ. ഹർഷിദ് (കിംഗ്സ്വേ ക്യാന്പ്), ഡോ. ശ്രുതി സുദർശനൻ (ഫരീദാബാദ്), നീതു ബാബുരാജ് (ആർ.കെ. പുരം), ഓമന ദാസ് (വികാസ് പുരി), സ്നേഹാ ഷാജി, കൃഷ്ണേന്ദു, നേഹാ പ്രകാശൻ (മൂവരും മയൂർ വിഹാർ ഫേസ്-3), ഡൽഹി പൊലീസിലെ പി.പി. ശ്യാമളൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ വൈസ് പ്രസിഡന്റ് ടി.എസ്. അനിൽ, സെക്രട്ടറി സി.കെ. പ്രിൻസ്, യോഗം ബോർഡ് മെന്പർ എം.കെ. അനിൽ, യൂണിയൻ കൗണ്‍സിലർമാരായ കെ പി പ്രകാശ്, ഓമനക്കുട്ടൻ, സലി കുമാർ, സി.ഡി. സുനിൽ കുമാർ, ബാഹുലേയൻ, വനിതാ സംഘം പ്രസിഡന്റ് സുധ ലച്ചു, വൈസ് പ്രസിഡണ്ട് ഓമനാ സുരേന്ദ്രൻ, സെക്രട്ടറി ജ്യോതി ബാഹുലേയൻ, ട്രെഷറർ ശോഭാ അനിൽ, യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ, കൂടാതെ ശാഖകളിലെ വനിതാ സംഘം യൂണിറ്റ്, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ തുടങ്ങിയവർ മകരപ്പൊങ്കാലക്ക് നേതൃത്വം നൽകി.
മുൻ ഭാരവാഹികളായ കല്ലറ മനോജ്, ഓമനാ മധു, സുമതി ചെല്ലപ്പൻ, ശ്രീ നാരായണ കേന്ദ്ര ഡൽഹിയുടെ ജനറൽ സെക്രട്ടറി ശാന്തകുമാർ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഭക്ത ജനങ്ങൾക്കായി സംഘാടകർ പ്രഭാത ഭക്ഷണവും അന്നദാനവും ഒരുക്കിയിരുന്നു.
റിപ്പോർട്ട്: പി.എൻ. ഷാജി