സ്വിറ്റ്സര്‍ലന്‍ഡിലേക്കുള്ള അനധികൃത കുടിയേറ്റം കുറഞ്ഞു
Saturday, January 25, 2020 9:41 PM IST
ബേണ്‍: 2019ല്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്കുള്ള അനധികൃത കുടിയേറ്റത്തില്‍ മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തി. 12,927 വിദേശികള്‍ കഴിഞ്ഞ വര്‍ഷം അനധികൃതമായി രാജ്യത്തേക്ക് കുടിയേറിയെന്നാണ് ഔദ്യോഗിക കണക്ക്. 2018ല്‍ ഇത് 16,563 പേരായിരുന്നു. 2017ല്‍ 27,300 പേരും ഇത്തരത്തില്‍ എത്തി.

ട്രെയിനുകളില്‍ നടത്തുന്ന പരിശോധനയിലാണ് അമ്പത് ശതമാനം അനധികൃത കുടിയേറ്റക്കാരെയും കണ്ടെത്തുന്നത്. 42 ശതമാനം പേരെ റോഡ് പരിശോധനയിലും ഏഴു ശഥമാനം പേരെ വിമാനത്താവളങ്ങളിലും അര ശതമാനത്തില്‍ താഴെ ആളുകളെ ബോട്ടുകളില്‍ നിന്നും പിടികൂടുന്നുണ്ട്.

സൂറിച്ച്, ജനീവ തുടങ്ങിയ വലിയ സെന്‍ററുകളിലേക്ക് അനധികൃത കുടിയേറ്റ താരതമ്യേന കുറവാണ്. തെക്കന്‍ കാന്റനായ ടിസിനോയിലേക്കാണ് ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റമുണ്ടായിരിക്കുന്നത്. ഇറ്റലിയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ടിസിനോ. യൂറോപ്പിലെ തെക്കും കിഴക്കും പ്രദേശങ്ങളിലുള്ള രാജ്യങ്ങളിലൂടെ വരുന്നവരാണ് ഇതുവഴി സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രവേശിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ