ജര്‍മന്‍ ബാങ്കുകള്‍ ആദ്യമായി ആപ്പിള്‍ പേ സേവനം അനുവദിക്കുന്നു
Friday, December 13, 2019 2:34 PM IST
ബര്‍ലിന്‍: ഈ കാലഘട്ടത്തിലും കറന്‍സി കൈമാറ്റത്തിനു തന്നെ മുന്‍തൂക്കം നല്‍കുന്ന ജര്‍മന്‍ ജനതയെ മാറ്റി ചിന്തിപ്പിക്കാന്‍ രാജ്യത്തെ ബാങ്കുകളും ആപ്പിളും കൈ കോര്‍ക്കുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്റ് സംവിധാനം കൂടുതല്‍ ജനകീയമാക്കാനുള്ള ശ്രമങ്ങളിലൂടെയാണിത്.

ആപ്പിള്‍ പേ ജര്‍മനിയില്‍ അവതരിപ്പിച്ച് ഒരു വര്‍ഷമാകുമ്പോഴേക്കും നൂറു കണക്കിനു ബാങ്കുകള്‍ ഇപ്പോള്‍ ഇത് അനുവദിക്കാന്‍ പോകുകയാണ്. മുന്‍പത്തേതിനെ അപേക്ഷിച്ച് കൂടുതല്‍ ഉപയോക്താക്കളും ഇപ്പോള്‍ ഈ സേവനത്തിനുണ്ടെന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നത്.

379 ജര്‍മന്‍ സേവിങ്‌സ് ബാങ്കുകളില്‍ 371 എണ്ണമാണ് ഇക്കഴിഞ്ഞ ദിവസം ആപ്പിള്‍ പേ സംവിധാനത്തിന് അനുമതി നല്‍കിയത്. അമ്പതു മില്യന്‍ ഉപയോക്താക്കള്‍ക്ക് ഇതു പ്രയോജനപ്പെടുത്താം. കൊമേഴ്‌സ്ബാങ്ക്, നോറിസ്ബാങ്ക്, എല്‍ബിബിഡബ്‌ള്യു എന്നിവയും ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം നല്‍കിത്തുടങ്ങിയിരിക്കുന്നു.

ബാങ്കുകള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും മാത്രമാണ് ആപ്പിള്‍ പേയുമായി ബന്ധിപ്പിക്കാന്‍ സാധിക്കുക.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍