ഷാലിമാര്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ 'കരുതല്‍' കാരുണ്യയജ്ഞം
Saturday, November 23, 2019 4:39 PM IST
സാഹിബാബാദ്: 'കരുതല്‍' എന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ തലസ്ഥാന നഗരിയില്‍ നിരാശ്രയര്‍ക്ക് കാരുണ്യത്തിന്റെ കൈ നീട്ടി കൂട്ടായ്മയുടെ അഭിമാനം അടയാളപ്പെടുത്തി ഷാലിമാര്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍. ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എല്ലാ ഞായറാഴ്ചയും സൗജന്യ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്ന 'കരുതല്‍' എന്ന കാരുണ്യയജ്ഞം ഒരു വര്‍ഷം പൂര്‍ത്തിയാക്കി. കരുതല്‍ പ്രവര്‍ത്തകരുടെ ഒത്തുചേരലിനൊപ്പം, രണ്ടായിരത്തി അഞ്ഞൂറ് പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തും, മുന്നൂറ് പേര്‍ക്ക് തണുപ്പിനെ അതിജീവിക്കാനായി കമ്പിളിപ്പുതപ്പും വിതരണം ചെയ്തും ഒന്നാം വാര്‍ഷികം ആഘോഷിച്ചു. സജി തോമസ് (പ്രസിഡന്റ്), ജോര്‍ജ് വര്‍ക്കി, ബേബി ജോര്‍ജ് (വൈസ് പ്രസിഡണ്ടുമാര്‍), എബി വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), കെ.കൃഷ്ണന്‍കുട്ടി, അജിത് കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), വി.ഗണേഷ് (ഖജാന്‍ജി), ടോമി തോമസ്, ടോണി മാത്യു (ഭരണസമിതി അംഗങ്ങള്‍) എന്നീ തിരഞ്ഞെടുത്ത ഭാരവാഹികളെ കൂടാതെ 15 നാമനിര്‍ദ്ദേശം ചെയ്ത അംഗങ്ങളുമാണ് സംഘടനയുടെ ഭരണസമിതി.

കഴിഞ്ഞ വര്‍ഷത്തിലെ ലോകഭക്ഷ്യ ദിനത്തില്‍ ഉദിച്ച് വീടുകളില്‍ നിന്നും ഭക്ഷണപ്പൊതികള്‍ ശേഖരിച്ചു വിതരണം ചെയ്യുന്ന ആശയം എല്ലാ അംഗങ്ങളും ആത്മാര്‍ത്ഥമായി സഹകരിച്ചതോടെ 'കരുതല്‍' എന്ന പേരില്‍ പ്രാവര്‍ത്തികമായി. ഇപ്പോള്‍ സംഘടന സ്വന്തമായി ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യുന്നു. എല്ലാ ഞായറാഴ്ചകളിലും ചുരുങ്ങിയത് മുന്നൂറു പേര്‍ക്കെങ്കിലും ഭക്ഷണപ്പൊതി വിതരണം ചെയ്യാന്‍ കഴിയുന്നുണ്ട്. വിജു കെ.എം., സുരേന്ദ്രന്‍ കെ., ടോമി തോമസ്, കെ. കൃഷ്ണന്‍കുട്ടി, സജി വര്‍ഗ്ഗീസ്, സിബി ജോസ്, സുനോജ്, മിനി സുരേന്ദ്രന്‍, ലത നായര്‍, സുഷമ വേണുഗോപാല്‍, കസ്തൂരി, മണിയന്‍ പിള്ള, ജോര്‍ജ്ജ് വര്‍ക്കി, ജയശ്രീ പ്രകാശ് എന്നിവരാണ് 'കരുതലി'ന്റെ കാവല്‍ക്കാര്‍. കരുതലിലൂടെ ഭക്ഷണം വിതരണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക സജി തോമസ് 9971095540.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്