ബെർമിംഗ്ഹാമിൽ യുക്മ ദേശീയ യുവജനദിനാഘോഷങ്ങൾ 23 ന്
Thursday, November 21, 2019 4:22 PM IST
ലണ്ടൻ: യുവജങ്ങളിൽ ആത്മവിശ്വാസവും ലക്ഷ്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ യുക്മ ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷ പരിപാടികളും പരിശീലന കളരിയും നവംബർ 23 നു (ശനി) വൂൾവർഹാംപ്ടണിലെ യുകെകെസിഎ കമ്യൂണിറ്റി സെന്‍ററിൽ നടക്കും.

ജീവിതത്തിന്‍റെ വ്യത്യസ്ഥ മേഖലകളിൽ മികവുതെളിയിച്ച വ്യക്തികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ടുള്ള നടത്തുന്ന പ്രചോദനാത്മക പ്രഭാഷണങ്ങൾക്കും ചർച്ചകൾക്കും സംവാദങ്ങൾക്കും അവസരം ഒരുക്കിക്കൊണ്ടാണ് ദിനാഘോഷം വിഭാവനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ അധ്യയന വർഷം ജി സി എസ് ഇ, എ-ലെവൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് യുവജന ദിനാഘോഷങ്ങളോടനുബന്ധിച്ചു അവാർഡുകൾ നൽകി ആദരിക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും കഴിഞ്ഞ രണ്ടാഴ്ചയായി ലഭിച്ചുകൊണ്ടിരിക്കുന്ന അപേക്ഷകരിൽ മുൻനിരയിൽ എത്തിയ പത്ത് വിദ്യാർഥികൾ വീതമാണ് അവാർഡിന് അർഹരായിരിക്കുന്നത്. പത്താം വാർഷികം ആഘോഷിക്കുന്ന യുക്മ പുതു തലമുറയ്ക്ക് നൽകുന്ന സ്നേഹോപഹാരം എന്ന നിലയിലാണ് ആദ്യസ്ഥാനക്കാരായ പത്തുപേർക്ക് വീതം അവാർഡുകൾ നൽകാനുള്ള തീരുമാനം.

ജിസിഎസ് ഇ വിഭാഗത്തിൽ സെറീന സെബാസ്റ്റ്യൻ (ക്രോയ്‌ഡൺ), മാനുവൽ വർഗീസ് ബേബി (യോവിൽ), ആഷ്‌ലൻ സിബി (മാഞ്ചസ്റ്റർ), ആഗ്‌നോ കാച്ചപ്പള്ളി (സട്ടൻ), ഐവിൻ ജോസ് (ഹെർട്ട്ഫോർഡ്ഷയർ), അമിത് ഷിബു (എർഡിംഗ്ടൺ), ആനി അലോഷ്യസ് (ല്യൂട്ടൻ) എന്നിവർ ഔട്ട്‍സ്റ്റാൻഡിംഗ് അക്കാഡമിക് അച്ചീവ്‌മെന്‍റ് അവാർഡിനും ഡെനിസ് ജോൺ (വാറ്റ്‌ഫോർഡ്), ലിയാം ജോർജ് ബെന്നി (ഷെഫീൽഡ്), ജെർവിൻ ബിജു (ബർമിംഗ്ഹാം) എന്നിവർ അക്കാഡമിക് എക്സലൻസ് അവാർഡിനും അർഹത നേടി.

എ - ലെവൽ വിഭാഗത്തിൽ അലീഷ ജിബി (സൗത്താംപ്റ്റൺ), പ്രണവ് സുധീഷ് (കെറ്ററിംഗ്‌), ഐസക് ജോസഫ് ജേക്കബ് (ലെസ്റ്റർ), കുര്യാസ് പോൾ (ല്യൂട്ടൻ), സറീന അയൂബ് (ക്രോയ്‌ഡൺ), മേഘ്‌ന ശ്രീകുമാർ (ഗ്ലോസ്റ്റർഷെയർ) എന്നിവർ ഔട്ട്‍സ്റ്റാൻഡിംഗ് അക്കാഡമിക് അച്ചീവ്‌മെന്‍റ് അവാർഡിനും ശ്വേത നടരാജൻ (ബെർമിംഗ്ഹാം), ക്ലാരിസ് പോൾ (ബോൺമൗത്ത്‌), ലക്ഷ്മി ബിജു (ഗ്ലോസ്റ്റർഷെയർ), അന്ന എൽസോ (റെഡിച്ച്) എന്നിവർ അക്കാഡമിക് എക്സലൻസ് അവാർഡിനും അർഹത നേടി.

ബെർമിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയുടെ ആതിഥേയത്വത്തിലാണ് ദേശീയ യുവജന ദിനാഘോഷപരിപാടികൾ യുക്മ സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ആണ് യുവജന പരിശീലക്കളരി. വിദ്യാഭ്യാസ രംഗത്തും ഉദ്യോഗ തലത്തിലും മികവ് തെളിയിച്ച നിരവധി വ്യക്തികളുമായി ആശയങ്ങൾ പങ്കുവയ്ക്കാനും അവരുടെ അനുഭവ മേഖലകൾ മനസിലാക്കുവാനും വിദ്യാർഥികൾക്കും യുവജനങ്ങൾക്കും ലഭിക്കുന്ന ഏറ്റവും നല്ല അവസരമായിരിക്കും യുക്മ ദേശീയ യുവജനദിനം.

പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർ 10 പൗണ്ട് പ്രവേശന ഫീസ് നൽകേണ്ടതാണ്. ഭക്ഷണം സംഘാടകർ ക്രമീകരിക്കും. പങ്കെടുക്കുന്നവർ 9:30 ന് തന്നെ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്.

യുക്മ ദേശീയ വൈസ് പ്രസിഡന്‍റ് ലിറ്റി ജിജോ, ജോയിന്‍റ് സെക്രട്ടറി സെലിന സജീവ്, ഡോ.ബിജു പെരിങ്ങത്തറ, ദേശീയ ഉപദേശക സമിതി അംഗം തമ്പി ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ യുവജന ദിനാഘോഷങ്ങളുടെയും അവാർഡ് ദാനചടങ്ങുകളുടെയും ഒരുക്കങ്ങൾ ചിട്ടയായി പുരോഗമിച്ചുവരുന്നു.

‌ പരിപാടി നടക്കുന്ന സ്ഥലത്തിന്റെ മേൽവിലാസം:- UKKCA Community Centre, 83 Woodcross Lane, Bilston - WV14 9BW

റിപ്പോർട്ട്: സജീഷ് ടോം