ബർമിംഗ്ഹാമിൽ യുക്മ ദേശീയ യുവജന ദിനാഘോഷവും പരിശീലനക്കളരിയും
Friday, November 8, 2019 6:10 PM IST
ബെർമിംഗ്ഹാം: യുവ തലമുറയുടെ ഭാവി സുരക്ഷിതമാക്കുക എന്ന ഉദ്ദേശത്തോടുകൂടി യുക്മ സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനം ബർമിംഗ്ഹാമിൽ നടക്കും. നവംബർ 23 ന് (ശനി) വൂൾവർഹാംപ്ടണിലെ യുകെകെസിഎ കമ്യൂണിറ്റി സെന്‍ററിലെ പ്രത്യേകം തയാറാക്കിയ വേദിയിലാണ് വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമായി പരിശീലന കളരിയും അവാർഡ് ദാനവും സംഘടിപ്പിച്ചിരിക്കുന്നത്.

മുൻവർഷങ്ങളിൽ യുക്മ പല റീജണുകളിലായി നടത്തിയ സെമിനാറുകളുടെ വിജയത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തവണ 'ദേശീയ യുവജന ദിനം' എന്ന പേരിൽ സംഘടിപ്പിക്കുവാൻ പ്രേരണയായത്.

സമൂഹത്തിലെ വിവിധ തുറകളിൽനിന്നുള്ളവരും, വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവരുമായ നിരവധി പ്രമുഖ വ്യക്തികൾ വിദ്യാർത്ഥികൾക്കായി ക്ലാസ് എടുക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നതാണ്. കുട്ടികളിൽ ആത്മവിശ്വാസവും ലക്ഷ്യബോധവും വളർത്തുവാൻ സഹായകരമാവും വിധമാണ് വിവിധ സെഷനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മാഞ്ചസ്റ്ററിൽ നടന്ന പത്താമത് യുക്മ ദേശീയ നാഷണൽ കലാമേളയിൽ അസോസിയേഷൻ വിഭാഗത്തിൽ ചാമ്പ്യന്മാരായ ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി ആയിരിക്കും ദേശീയ യുവജന ദിനത്തിന് ആതിഥേയത്വം വഹിക്കുക. 12 വയസിനു മുകളിൽ പ്രായമുള്ള യുകെ മലയാളികളായ ഏതൊരു വിദ്യാർത്ഥിക്കും പരിശീലക്കളരിയിൽ പങ്കെടുക്കാം.

രാവിലെ പത്തു മുതൽ വൈകുന്നേരം നാല് വരെ ആണ് പരിശീലനകളരി. പരിപാടിയിൽ പങ്കെടുക്കുവാൻ എത്തുന്നവർ പത്ത് പൗണ്ട് പ്രവേശന ഫീസ് നൽകേണ്ടതാണ്. ഭക്ഷണം സംഘാടകർ ക്രമീകരിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 9.30 ന് രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിവരങ്ങൾക്ക്: ലിറ്റി ജിജോ 07828424575, സെലിന സജീവ് 07507519459, ഡോ.ബിജു പെരിങ്ങത്തറ 07904785565.

"യുക്മ യൂത്ത് അക്കാദമി" അവാർഡിന് അപേക്ഷ ക്ഷണിച്ചു

കഴിഞ്ഞ അധ്യയന വർഷം ജി സി എസ് ഇ, എ-ലെവൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് യുവജന ദിനാഘോഷങ്ങളോടനുബന്ധിച്ച് അവാർഡുകൾ നൽകി യുക്മ ആദരിക്കുന്നു. ഏതൊരു യു കെ മലയാളിക്കും ഈ അവാർഡിന് അപേക്ഷിക്കാം. ഇതിനായി ഉന്നതമായ മാർക്കുകൾ നേടിയ വിദ്യാർത്ഥികളോ രക്ഷിതാക്കളോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് 2019 ലെ മാർക്ക് ലിസ്റ്റിന്റെ കോപ്പികൾ അയയ്ക്കേണ്ടതാണ്. GCSE, A-Level അവാർഡുകൾക്ക് അപേക്ഷിക്കുന്നവരിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി മുൻനിരയിൽ എത്തുന്ന പത്ത് വിദ്യാർത്ഥികൾക്ക് വീതമാണ് പുരസ്‌ക്കാരങ്ങൾ നൽകുന്നത്. അപേക്ഷയോടൊപ്പം മേൽവിലാസവും മൊബൈൽ ഫോൺ നമ്പറും ഉൾപ്പെടുത്തേണ്ടതാണ്. നവംബർ 15 ന് (വെള്ളി) ആണ് അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി.

റിപ്പോർട്ട്: സജീഷ് ടോം