ആയുർവേദത്തിന് ഇനി ജർമനിയിൽ നല്ലകാലം വരുന്നു
Saturday, November 2, 2019 9:50 PM IST
ബർലിൻ : 5000 വർഷത്തെ പഴക്കമുള്ള ഇന്ത്യയുടെ ആയുർവേദം കടൽകടന്ന് യൂറോപ്പിലെത്തിയിട്ടും പ്രത്യേകിച്ച് ജർമനിയിൽ കാര്യമായ സ്വാധീനം ചെലുത്താനായില്ല എന്ന തിരിച്ചറിവ് ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ മൂന്നുദിന ഇന്ത്യൻ സന്ദർശനം ഭാവിയിലേയ്ക്കു വിരൽ ചൂണ്ടുന്നു.

ജർമനി ആയുർവേദത്തെ ഒരു അംഗീകൃത ചികിൽസാരീതിയായി കണക്കാക്കാത്തതാണ് ഇതിനു കാരണം. ജർമനിയിലെ ഒരു മെഡിക്കൽ ഇൻഷ്വറൻസ് കന്പനികളും ആയുവേദ മെഡിസിനുകളും അതിന്‍റെ തെറാപ്പികളും അംഗീകരിച്ചിട്ടില്ല എന്നതുകൊണ്ട് ജർമനിയിലെ സാധാരണക്കാർക്ക് ആയുവേദത്തിന്‍റെ ഒരു ചികിൽസയും ലഭ്യമാകുന്നില്ല. എന്നാൽ ചാൻസലർ മെർക്കലിന്‍റെ ഇന്ത്യ സന്ദർശനം അതിനു വഴിയൊരിക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മെർക്കലും തമ്മിലുള്ള കൂടിക്കാഴ്ചയിലും തുടർന്നുള്ള ചർച്ചയിലും ആയുർവേദം വിഷയമായെന്നു മാത്രമല്ല ഭാരതത്തിന്‍റെ യോഗയുമായി കൂട്ടിയിണക്കി ജർമനിയിൽ ആയുർവേദം കെണ്ടുവരുമെന്നാണ് മെർക്കൽ വെളിപ്പെടുത്തൽ.

ഡിസംബറിൽ ജർമനിയിൽ നടക്കുന്ന ഇരുരാജ്യങ്ങളുടേയും ആരോഗ്യമന്ത്രിമാരുടെ ഉന്നതതല സമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നു പ്രധാനമന്ത്രി മോദിയുമായി നടന്ന കൂടിക്കാഴ്ചയിൽ മെർക്കൽ വെളിപ്പെടുത്തി. പ്രധാനമന്ത്രി മോദി നേതൃത്വം നൽകുന്ന യോഗ രാജ്യാന്തര ദിനത്തിലെ പരിപാടികൾ തന്നെ ഏറെ ആകർഷിച്ചതായി ചാൻസലർ മെർക്കൽ ജർമൻ മാധ്യമ പ്രവർത്തകരെ അറിയിച്ചു. ഇന്ത്യയിൽ ആയുർവേദവും യോഗയും ഒരു പ്രധാന പങ്ക് വഹിക്കുന്നതായി മെർക്കൽ പറഞ്ഞു.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ യും ഫ്രാങ്ക്ഫർട്ട് ഇന്നൊവേഷൻ സെന്‍റർ ഫോർ ബയോടെക്നോളജിയും (എകദ) തമ്മിലുള്ള സഹകരണത്തിലായിരിക്കും ജർമനിയിൽ ആയുർവേദം നടപ്പാക്കുക. ക്രിസ്റ്റ്യൻ ഗാർബെയാണ് ഇതിന്‍റെ മാനേജിംഗ് ഡയറക്ടർ. പടിഞ്ഞാറൻ ക്ലാസിക്കൽ മെഡിസിൻ ഇന്ത്യയിലെ പരന്പരാഗത രോഗശാന്തി കലകളുമായി സംയോജിപ്പിക്കുക എന്നതാണ് സമീപനം. അതുകൊണ്ടുതന്നെ ഭാവിയിൽ, പരന്പരാഗത ഇന്ത്യൻ രോഗശാന്തി കലയായ ആയുർവേദത്തെ ബയോടെക്നോളജിയുമായി എങ്ങനെ സംയോജിപ്പിക്കുമെന്ന് ഇരു സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരുടെ ഒരു സമ്മിശ്ര സംഘം സംയുക്തമായി പര്യവേക്ഷണം ചെയ്ത് ഒരു മാനദണ്ഡത്തിന് രൂപം നൽകും.

ഇപ്പോൾ തന്നെ യോഗ ജർമനിയിൽ ഏറെ പ്രചാരം നേടിയിട്ടുണ്ട്. അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21 ന് ജർമനിയിലെ ഇന്ത്യൻ എംബസിയുടെയും കോണ്‍സുലേറ്റിന്‍റെയും നേതൃത്വത്തിൽ ജർമനിയൊട്ടാകെ യോഗ വ്യായാമ മണിക്കൂറുകൾ സംഘടിപ്പിച്ചിരുന്നു.
ആയുർവേദ ചികിൽസ ജർമനിയിൽ ചില ആശുപത്രികളും ഒമട്ടേറെ മെഡിക്കൽ പ്രാക്ടീഷണർമാരും നടത്തുന്നുണ്ടെങ്കിലും ഇവിടെ ചികിൽസ തേടുന്നവർ സ്വകാര്യമായി പണം നൽകേണ്ട ചികിൽസാ ക്ളിനിക്കുകളാണ്.സർക്കാർ അംഗീകൃത ചികിൽസയല്ലാത്തതുകൊണ്ട് സാധാരണക്കാരനു താങ്ങാൻ പറ്റാത്ത ചികിൽസാ ചെലവാണുണ്ടാവുന്നത്. എന്നാൽ സ്വകാര്യ ഇൻഷ്വറൻ കന്പനിയിൽ അംഗമായിട്ടുള്ളവർക്ക് അവരുടെ ചലവുകൾ അതാതു കന്പനികൾ തന്നെ വഹിക്കും. പക്ഷെ ഇവരുടെ ഇൻഷ്വറൻസ് പ്രീമിയം വളരെ വലുതാണുതാനും. സർക്കാർ അംഗീകാരത്തോടെ ആയുർവേദം ജർമനിയിലെ ചികിൽസാ രീതിയിൽ നടപ്പാക്കിയാൽ സാധാരണക്കാരനു ബുദ്ധിമുട്ടുണ്ടാവില്ല. ഇതിനെ സംബന്ധിക്കുന്ന പ്രഖ്യാപനമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത സമ്മേളനത്തിൽ ഉരുത്തിരിയുക.

ജർമൻ ഹെറ്ററോഡോക്സ് മെഡിക്കൽ അസോസിയേഷന്‍റെ കണക്കു പ്രകാരം സ്വന്തം പരിശീലനം ലഭിച്ചിട്ടുള്ള 117,000 ജർമൻ ഡോക്ടർമാരും 4 മെഡിക്കൽ അക്യൂപങ്ച്വറിസ്റ്റ് അസോസിയേഷനുകളും 29,400 അസോസിയേഷൻ ഫോർ ക്ലാസിക്കൽ അക്യൂപങ്ചറും ടിസിഎം (വൈദ്യശാസ്ത്രപരമല്ലാത്ത യോഗ്യത), ആണ് ജർമനിയിലുള്ളത്. ഇവരൊക്കെതന്നെ സ്വകാര്യമായി ചികിൽസിക്കുന്നവരാണ് എന്ന പ്രത്യേകതയുമുണ്ട്.മെഡിക്കൽ ആയുർവേദ വിപണിയിൽ മഹർഷി മഹേഷ് യോഗി ഗ്രൂപ്പാണ് ജർമനിയിൽ ആധിപത്യം പുലർത്തുന്നത്.കഠിനമായ ഇന്ത്യൻ ശുദ്ധീകരണ തെറാപ്പി മയപ്പെടുത്തി പോഷകാഹാര ഉപദേശങ്ങളിലും മസാജുകളിലും എണ്ണ പ്രയോഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇവരുടെ ചികിൽസ.

ജർമനിയിലെ ബീലെഫെൽഡ് യൂണിവേഴ്സിറ്റി ക്ളിനിക്കിലാണ് ആയുവേദം പഠിപ്പിക്കുന്നത്. കൂടാതെ നിരവധി മലയാളി ആയുർവേദ സംരംഭങ്ങളും ജർമനിയിലുണ്ട്. മലയാളി ആയുവേദ റിസോർട്ടുകളും ആയുർവേദ ഡോക്ടർമാരും ജർമനിയിൽ ജോലി ചെയ്യുന്നുണ്ട്. 2004 മുതൽ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ കാസ്ട്രോപ്പ് റൗക്സലിൽ മലയാളി സംരംഭമായ ആയുർവേദസെന്‍റർ പ്രവർത്തനം തുടങ്ങിയിരുന്നു. പിന്നീടത് 2009 ൽ പോർട്ടക്ലിനിക് ആയി അന്നത്തെ കേരള ആരോഗ്യമന്ത്രി പി.കെ.ശ്രീമതി ടീച്ചർ ഇവിടെയെത്തി ഉദ്ഘാടനം ചെയ്തിരുന്നു.

അതുകൊണ്ടുതന്നെ ചാൻസലർ മെർക്കലിന്‍റെ ആയുവേദ യോഗ പ്രഖ്യാപനം ജർമനിയിൽ ആയുർവേദത്തിന് നല്ലകാലം വരുന്നു എന്നുതന്നെ കണക്കാക്കാം. ഡിസംബറോടെ ജർമൻ ആരോഗ്യ മന്ത്രാലയവുമായി സംയുക്തമായി പ്രവർത്തിക്കുന്ന ഒരു സംഘമുണ്ടാക്കി ജർമൻ ആരോഗ്യ പരിരക്ഷാ സന്പ്രദായത്തിൽ ഇന്ത്യൻ മാതൃകയനുസരിച്ച് ആയുർവേദവും യോഗയും എങ്ങനെ സമന്വയിപ്പിക്കാമെന്നും ശുദ്ധമായ ജീവിതശൈലി ഭാവിയുടെ പ്രവണതയുടെ ആഹ്വാനമാക്കി മാറ്റുമെന്നും മെർക്കൽ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിൽ 22 മേഖലകളിൽ സഹകരണം തുടരുക മാത്രമല്ല ധാരണാ പത്രങ്ങളിലും ഒപ്പുവച്ചു. ഇതിൽ ആയുർവേദം, യോഗ, മെഡിറ്റേഷൻ എന്നിവ വളരെ പ്രാധാന്യമർഹിക്കുന്നതായി മെർക്കൽ വെളിപ്പെടുത്തി.

ഇന്ത്യയും ജർമനിയും ഭാവിയിൽ ഉയർന്ന സാങ്കേതികവിദ്യയിൽ കൂടുതൽ മികച്ച രീതിയിൽ സഹകരിക്കാനും ധാരണയായി. ഉദാഹരണത്തിന് ഡിജിറ്റൈസേഷനിലും ബഹിരാകാശ ഗവേഷണത്തിലും കൂടുതൽ സഹകരണം ഉറപ്പാക്കും.ഇന്ത്യയിൽ ഹരിത പദ്ധതികൾക്കായി ഒരു ബില്യണ്‍ യൂറോ നിക്ഷേപം പ്രഖ്യാപിച്ചു. പദ്ധതികൾ പ്രകാരം, ജർമനി ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ 500 ലധികം ഇലക്ട്രിക് ബസുകൾ നൽകി പരിസ്ഥിതി സൗഹൃദ നയങ്ങളിൽ നിക്ഷേപം നടത്തും.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും.ജർമൻ ഓട്ടോമോട്ടീവ് കന്പനിയായ കോണ്ടിനന്‍റലിന്‍റെ ഇന്ത്യൻ ഫാക്ടറി (ഗുറാഗണ്‍) ശനിയാഴ്ച മെർക്കൽ സന്ദർശിച്ചിരുന്നു.ജർമനി ഇന്ത്യക്ക് സോളാർ പൗവർ ഓട്ടോ റിക്ഷകളും നർമിച്ചു നൽകുമെന്നും പറഞ്ഞു.

ഇന്ത്യൻ വിദഗ്ധ തൊഴിലാളികളുടെ ആവശ്യം ജർമനിക്കുണ്ടെന്നു മെർക്കൽ പറഞ്ഞു.1,700 ലധികം ജർമൻ കന്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെ ങ്കിലും, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്ത് വലിയ തുക നിക്ഷേപിക്കാൻ ജർമൻ സംരംഭകർ പലപ്പോഴും മടിക്കുന്നതായി മെർക്കൽ ചൂണ്ടിക്കാട്ടി. ജർമനിയിൽ ജോലിക്ക് വരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദഗ്ധ തൊഴിലാളികളുടെ നിയമന പ്രക്രിയ ലളിതമാക്കാനും മെർക്കൽ പദ്ധതിയിടുന്നതായി അറിയിച്ചു. ഡിജിറ്റലൈസേഷൻ, നവീകരണം, ആരോഗ്യം, കൃഷി എന്നിവയിൽ കൂടുതൽ സഹകരണം നൽകണുമെന്നും ചാൻസലർ ആവശ്യപ്പെട്ടു.
റിക്രൂട്ട്മെന്‍റ് പ്രക്രിയയുടെ ആരംഭസ്ഥാനം വിദേശ വ്യാപാര അറകളാണെന്നാണ് മെർക്കൽ ചേംബർ ഓഫ് കൊമേഴ്സിനോട് നിർദ്ദേശിച്ചത്.

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര ഇടപാടിൽ ’പുതിയ ശ്രമം’ നടത്തുമെന്നു ആംഗല മെർക്കൽ അറിയിച്ചു.

2007 ൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ആരംഭിച്ച മുന്പത്തെ സ്വതന്ത്ര വ്യാപാര കരാർ 2012 ൽ വിച്ഛേദിക്കപ്പെട്ടു. യൂറോപ്യൻ യൂണിയനിലെ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയാണ് ജർമനി.

ജർമനിയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ഉച്ചകോടിയിലെ അഞ്ചാമത്തെ ചർച്ചയാണ് നടന്നത്. 12 മന്ത്രിമാരടങ്ങിയ ജർമൻ പ്രതിനിധി സംഘത്തിൽ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ്, കൃഷി മന്ത്രി ജൂലിയ ഗ്ളോക്നർ എന്നിവരും ഉൾപ്പെട്ടിരുന്നു.

ജർമനിക്ക് ഇപ്പോഴും ഇന്ത്യയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനാവും, ചർച്ചകൾക്കു ശേഷം ചാൻസലർ പറഞ്ഞു. ഇന്ത്യൻ സംസ്കാരം ന്ധജർമനിയിൽ അത്ര അറിയപ്പെടുന്നതല്ലന്ധ.ഇരു രാജ്യങ്ങളിലെയും സമാധാനപരമായ വിപ്ലവങ്ങൾ തമ്മിൽ ചാൻസലർ സമാനതകൾ രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ഗാന്ധിസ്മൃതിയിലെത്തി പ്രാർത്ഥന നടത്തിയിരുന്നു. ഇൻഡ്യയിലെ ജർമൻ അംബാസഡർ വാൾട്ടർ ലിൻഡനറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും മെർക്കലിനെ അനുഗമിച്ചിരുന്നു.

സമാധാനപരമായ വിപ്ലവത്തിലുള്ള അഗാധമായ വിശ്വാസത്താൽ ലോകത്തെ മാറ്റിമറിച്ച ഗാന്ധിയുടെ സ്മരണയ്ക്കായി ജർമനിയിലും, ന്ധഗാന്ധിയുടെ സമാധാനപരമായ പോരാട്ടത്തിനും ബർലിൻ മതിൽ ഇടിഞ്ഞതിനും ഇടയിലുള്ള ഒരു പാലമായിരിയ്ക്കും തന്‍റെ സന്ദർശനമെന്ന് അതിഥി പുസ്തകത്തിൽ മെർക്കൽ കുറിച്ചു.ഗാന്ധിയുടെ നിലനിൽക്കുന്ന പാരന്പര്യത്തിനും അദ്ദേഹത്തിന്‍റെ ന്ധഅഹിംസയുടെയും ഐക്യത്തിന്‍റെയും തത്ത്വചിന്തന്ധ യ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജർമനി കൂടുതൽ അവസരം നൽകുമെന്ന് മെർക്കൽ മോദി കൂടികാഴ്ചയിൽ വെളിപ്പെടുത്തി.ജർമനിയിൽ നിലവിൽ 20000 ഇന്ത്യൻ വിദ്യാർഥികൾ വിവിധ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസം നടത്തുന്നുണ്ടെന്ന് മെർക്കൽ പറഞ്ഞു.ഇവരുടെ സംഖ്യ വരുംകാലങ്ങളിൽ വർധിപ്പിക്കും. വീസ നൽകുന്നതിൽ ജർമൻ എംബസിക്ക് കൂടുതൽ നിർദ്ദേശങ്ങൾ നൽകുമെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയിൽ മെർക്കൽ അറിയിച്ചു.

ഇന്ത്യൻ സന്ദർശനം പൂർത്തിയാക്കി മെർക്കലും സംഘവും ശനിയാഴ്ച വൈകിട്ട് ജർമനിക്ക് മടങ്ങി.മെർക്കലിന്‍റെ ഇന്ത്യൻ സന്ദർശനത്തിന് ജർമൻ മാധ്യമങ്ങൾ വൻ വാർത്താ പ്രാധാന്യമാണ് നൽകിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ