പത്താമത് സാന്തോം ബൈബിൾ കണ്‍വൻഷൻ 8, 9, 10 തീയതികളിൽ
Friday, November 1, 2019 10:40 PM IST
ന്യൂഡൽഹി: ഫരീദാബാദ്-ഡൽഹി രൂപത ഒരുക്കുന്ന പത്താമത് സാന്തോം ബൈബിൾ കണ്‍വൻഷൻ നവംബർ 8, 9, 10 തീയതികളിലായി (വെള്ളി, ശനി, ഞായർ) ത്യാഗരാജ് സ്റ്റേഡിയത്തിൽ വച്ചു നടക്കും. പ്രശസ്ത ധ്യാനഗുരു റവ. ഫാ. ജോയ് ചെന്പകശേരി അച്ഛൻ & ടീമാണ് (ബെനെഡിക്ടയിൻ ധ്യാന കേന്ദ്രം, മക്കിയാട്, വയനാട്) ഈ വർഷത്തെ സാന്തോം ബൈബിൾ കണ്‍വൻഷൻ നയിക്കുന്നത്.

ദിവസവും രാവിലെ 8:30 ന് ആരംഭിക്കുന്ന ബൈബിൾ കണ്‍വൻഷനിൽ കുന്പസാരം, ജപമാല, വചനപ്രഘോഷണം, വിശുദ്ധ കുർബാന, വിടുതൽ/രോഗശാന്തി ശുശ്രുഷ, ആരാധന എന്നീ ശുശ്രുഷകൾ ഉണ്ടായിരിക്കും. ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഫരീദാബാദ് രൂപതയിലെ എല്ലായിടങ്ങളിലും നിന്നുള്ള വിശ്വാസികൾ ഈ ത്രീദിന ദിവ്യകാരുണ്യ ആത്മാഭിഷേക ധ്യാനത്തിൽ പങ്കെടുക്കും.

രൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാർമ്മികനായും രൂപതയിലെ നവവൈദികർ സഹകാർമ്മികരായും അർപ്പിക്കുന്ന വിശുദ്ധ കുർബാന ധ്യാനത്തിന്‍റെ രണ്ടാം ദിവസം ഉണ്ടായിരിക്കും. തുടർന്ന് ഫരീദാബാദ്-ഡൽഹി രൂപതയിൽ നിന്നും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ തലങ്ങളിൽ അവാർഡ് ജേതാക്കളായവരെ രൂപത ആദരിക്കും. ഫരീദബാദ് രൂപതയുടെ സഹായമെത്രാനായി നിയമിതനായ മാർ ജോസ് പുത്തൻവീട്ടിലിന്‍റെ മുഖ്യകാർമ്മികത്തിലായിരിക്കും.

നവംബർ 10 ഞായറാഴ്ചയിലെ വിശുദ്ധ കുർബാന. വിശ്വാസികളുടെ ആത്മീയ വളർച്ച മാത്രം ലക്ഷ്യമാക്കികൊണ്ട് രൂപത നടത്തുന്ന മൂന്നു ദിവസത്തെ കണ്‍വൻഷൻ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

ധ്യാനത്തിന്‍റെ അവസാനദിവസമായ ഞായറാഴ്ച വൈകീട്ട് നാലിന് ഫരീദാബാദ്-ഡൽഹി രൂപതയുടെ സഹായമെത്രാനായി നിയമിതനായിരിക്കുന്ന മാർ ജോസ് പുത്തൻവീട്ടിലിനെ രൂപതയിലേക്ക് സ്വീകരിക്കുന്ന പൊതുസമ്മേളനം നടക്കും. സ്വീകരണ സമ്മേളനത്തിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി, വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ജ്യാബത്തിസ്ഥ ദ്വിക്വാത്രോ, ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ആർച്ച്ബിഷപ്പ് അനിൽ ജെ. കൂട്ടോ, ബിഷപ്പ് ജേക്കബ് മാർ ബർണബാസ്, മാർ ജേക്കബ് മനത്തോടത്ത്, മാർ തോമസ് ചക്കിയത്ത്, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, സാമൂഹ്യ-സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. പതിനായിരങ്ങൾ പങ്കെടുക്കുന്ന കണ്‍വൻഷനുവേണ്ടി വിപുലമായ സൗകര്യങ്ങളാണ് രൂപത ജുഡീഷ്യൽ വികാരി റവ. ഫാ. മാർട്ടിൻ പാലമറ്റം ജനറൽ കണ്‍വീനറായുമുള്ള വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ രൂപത ഒരുക്കിയിരിക്കുന്നത്.

പ്രധാന കണ്‍വൻഷൻ ദിനമായ ഞായറാഴ്ച രൂപതയിലെ ദേവാലയങ്ങളിൽ ദിവ്യബലി ഉണ്ടായിരിക്കില്ല. രൂപതയിലെ മുഴുവൻ വിശ്വാസിസമൂഹം ഒരുമിച്ചു അർപ്പിക്കുന്ന വിശുദ്ധ ബലിയാണ് പ്രസ്തുത ദിവസത്തെ പ്രത്യേകത.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്